Connect with us

Kerala

ഐസ്‌ക്രീമില്‍ വിഷം നല്‍കി സഹോദരിയെ കൊന്ന പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

Published

|

Last Updated

കാസര്‍കോട് |  ബളാലില്‍ ആനി ബെന്നി എന്ന യുവതിയെ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊന്ന കേസിലെ പ്രതിയായ ആല്‍ബിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനക്കും ശേഷം കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താന്‍ ആല്‍ബിന്‍ പദ്ധതിയിട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനിടെ എലിവിഷം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് അവശ നിലയിലായ ആല്‍ബിന്റെ അച്ഛന്‍ ബെന്നി അപകട നില തരണം ചെയ്തിട്ടുണ്ട്.

ഈ മാസം അഞ്ചിനാണ് ഛര്‍ദ്ദിയെത്തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത്. പിറ്റേന്ന് തന്നെ ആനിയുടെ അച്ഛന്‍ ബെന്നിയും അമ്മ ബെന്‍സിയേയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി.

ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആനിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്.
കൊല സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയില്‍ നിന്നാണ് ആല്‍ബിന്‍ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. ഐസ്‌ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിര്‍ബന്ധിച്ച് നല്‍കി. സഹോദരി മരിച്ചപ്പോഴും അച്ഛന്‍ ബെന്നി ഗുരുതരാവസ്ഥയിലായപ്പോഴുമെല്ലാം ആല്‍ബിന്‍ ഒരു കൂസലുമില്ലാതെ നിന്നു. സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങള്‍ക്ക് തടസമായ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആല്‍ബിന്റെ മൊഴി. ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയില്‍ വിഷം കലര്‍ത്തിയിരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ കുടുംബം അന്ന് രക്ഷപ്പെടുകയായിരുന്നു.

 

Latest