Connect with us

Kerala

രോഗി ഒരു കുറ്റവാളിയല്ല; കൊവിഡ് രോഗികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണിതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രോഗി ഒരു കുറ്റവാളിയല്ല. മുഖ്യമന്ത്രി നിയമം മനസിലാക്കി വേണം ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍. ടെലഗ്രാഫ് ആക്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അദ്ദേഹം പരിശോധിക്കണം.

രോഗികളുടെ വിവരം ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് കേരള പോലീസിനെ ഇതേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പോലീസിന് ഇക്കാര്യത്തില്‍ സി ഡി ആര്‍ ശേഖരിക്കാന്‍ അവകാശമില്ല. ഭരണഘടനയുടെ 21 ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണിത്. അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ല. ചീഫ് സെക്രട്ടറി അറിഞ്ഞുകൊണ്ടാണോ ഇതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി നിയമലംഘനത്തിന് നേതൃത്വം നല്‍കുകയാണ്. എത്ര നാളായി ഇത് നടക്കുന്നു, എത്ര പേരുടെ വിവരങ്ങള്‍ എടുത്തു, രോഗിയുടെ അനുമതി തേടിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പ്രിന്‍ക്ലര്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്ന് വിശദീകരിക്കാനും മുഖ്യമന്ത്രി തയാറാകണം. അമേരിക്കന്‍ കമ്പനിയുടെ സഹായമില്ലാതെ കൊവിഡിനെ നേരിടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അവരുടെ സേവനം ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞത്. സ്പ്രിന്‍ക്ലര്‍ ഇടപാട് പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ വച്ചു. അതിലെ ഒരംഗം രാജിവച്ച് പോയി. മറ്റൊരാളെ വെച്ചില്ല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. സ്വന്തം ആളുകളുടെ കുറ്റം മറച്ചുവക്കുന്ന മുഖ്യമന്ത്രി എതിരാളികളെ എന്തും പറയാം എന്ന മാതൃകയാണ് മുന്നോട്ടു വക്കുന്നത്. ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടന്നത് തനിക്കെതിരെയാണ്. എന്നിട്ടും മുഖ്യമന്ത്രി ഇതുവരെ ഇടപെട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളോട് സ്‌നേഹം, ഭരണത്തിലിരിക്കുമ്പോള്‍ വെറുപ്പ് എന്ന നയം അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest