കരിപ്പൂര്‍ ദുരന്തം: അപകടസമയം വിമാനത്തില്‍ ഇന്ധന ചോര്‍ച്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Posted on: August 12, 2020 9:36 pm | Last updated: August 13, 2020 at 8:10 am

കരിപ്പൂര്‍ | കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ഇന്ധന ചോര്‍ച്ച ഉണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷ്യ ബ്യൂറോയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് വിവരം.

വിമാനാപകടം സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറാനുണ്ടായ സാഹചര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോ, പൈലറ്റിന് പിഴവ് പറ്റിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമാകും. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഡല്‍ഹിയില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നാല്‍ തന്നെ അപകടകാരണം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിക്കും.

വിമാനം റണ്‍വേയില്‍ കൃത്യസ്ഥലത്തല്ല ലാന്‍ഡ് ചെയ്തത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. റണ്‍വേയുടെ ഏകദേശം പകുതി ഭാഗത്താണ് ഇറക്കിയത്. ഇതുമൂലം വിമാനത്തിന് ഓടി നില്‍ക്കാനുള്ള ദൂരം റണ്‍വേയില്‍ ലഭിച്ചില്ല. മാന്വല്‍ ബ്രേക്കിംഗ് ഉപയോഗിച്ച് പൈലറ്റ് വിമാനം നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അതും പാളിയെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നത്.

വിമാനദുരന്തത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേ ആണെന്ന ആരോപണം ഇടക്ക് ഉയര്‍ന്നിരുന്നുവെങ്കിലും അതില്‍ കഴമ്പില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, വിമാന ദുരന്തത്തിന്റെ മറവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഡിജിസിഎ.