Connect with us

Cover Story

മുത്ത് വിളയും മുറ്റം

Published

|

Last Updated

മുത്തുണ്ടാകുന്നത് ചിപ്പിക്കുള്ളിലാണെന്ന് നമുക്കറിയാം. കടലിൽ കാണപ്പെടുന്ന അനേകം ജീവികളിൽ ഒന്നാണ് ചിപ്പി. ചിപ്പിക്കുള്ളിൽ കയറുന്ന വെള്ളത്തുള്ളി കാലങ്ങളെടുത്ത് ഉറഞ്ഞുകട്ടയായാണ് മുത്തുണ്ടാകുന്നത് എന്നായിരുന്നു പണ്ടുള്ളവർ ധരിച്ചു വെച്ചിരുന്നത്. എന്നാൽ, പിന്നീട് മുത്തുണ്ടാകുന്നതെങ്ങനെയെന്ന് ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടു. ചിപ്പിക്കുള്ളിൽ ആകസ്മികമായി അകപ്പെടുന്ന കുഞ്ഞു മൺതരി പോലുള്ള വസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തിന്റെ വളർച്ചക്ക് തടസ്സമുണ്ടാക്കുന്നു. ഇതിനെ മറികടക്കാനായി ചിപ്പി ഒരു ദ്രവം പുറപ്പെടുവിച്ച് ഈ വസ്തുവിനെ മറയ്ക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ട പിടിച്ച് കാലക്രമേണ ഭംഗിയുള്ള മുത്തായി മാറുന്നു. ഇത് പ്രകൃതിദത്ത മുത്തിന്റെ കഥ. എന്നാൽ, ഇന്ന് ആവശ്യക്കാരേറിയതിനാലും കടൽ മലിനമാകുന്നതിനാലും പ്രകൃതിദത്ത മുത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. ഇതോടെ മുത്തും ശാസ്ത്രീയമായി ഉത്പാദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഭുവനേശ്വറിലുള്ള കേന്ദ്ര ശുദ്ധജലമത്സ്യകൃഷി കേന്ദ്രം സാധാരണ ശുദ്ധജല ചിപ്പികളിൽ നിന്നും ശുദ്ധജല മുത്ത് സംസ്‌കരണ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്.
മുത്തും പവിഴവും എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുക വെള്ളിമണൽ വിരിച്ച കടൽത്തീരവും നല്ല നീലനിറമുള്ള കടലുമൊക്കെയാണ്. ചെറുപ്പം മുതൽ നമ്മൾ കേട്ടുവളർന്ന കഥകളിലും കടലിലെ ചില ദ്വീപുകളിലും മറ്റുമായി മുത്തും പവിഴവും പതുങ്ങിയിരുന്നു. എന്നാൽ മനസ്സിൽ ഉറച്ചുപോയ ഈ വിശ്വാസത്തിൽ നിന്ന് പുറത്തുവരാൻ സമയമായിരിക്കുന്നു. കടൽത്തീരങ്ങളിൽ മാത്രമേ ഉണ്ടാകൂവെന്ന് നാം വിശ്വസിച്ചിരുന്ന മുത്ത്, കാസർകോട്ടുള്ള മാലക്കല്ല് എന്ന മലമ്പ്രദേശത്ത് കൃഷി ചെയ്ത് വൻലാഭം കൊയ്യുകയാണ് മാത്തച്ചൻ എന്ന കർഷകൻ. 1980 മുതൽ പ്രവാസജീവിതം ആരംഭിച്ച ഇദ്ദേഹം 1999ലാണ് മുത്തുകൃഷി ആരംഭിച്ചത്. കൃഷി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്ന് ലക്ഷം രൂപ ലാഭത്തിൽ 50 ബക്കറ്റ് മുത്ത് നിർമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇദ്ദേഹം ഈ രംഗത്തേക്ക് വരുമ്പോൾ കേരളത്തിന് എന്നു മാത്രമല്ല ഇന്ത്യക്ക് തന്നെ അത്ര പരിചിതമല്ലാത്ത ഒരു രംഗമായിരുന്നു ഇത്.

ശുദ്ധജലത്തിൽ വളരുന്ന കക്കകളാണ് മുത്ത് കൃഷിക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ 21 വർഷമായി ഈ രംഗത്തുള്ള 65കാരനായ കെ ജെ മാത്തച്ചൻ ഇക്കാര്യത്തിൽ അതിവിദഗ്ധനാണ്. അഞ്ഞൂറ് ചിപ്പിയിൽ ആയിരം ന്യൂക്ലിയസ് (Nucleus) നിക്ഷേപിക്കാം. ചിപ്പിക്ക് ഏഴായിരത്തി അഞ്ഞൂറും ആയിരം ന്യൂക്ലിയസിന് ഒരു ലക്ഷം രൂപയും ആകും. പിന്നെ അമ്പത് ബക്കറ്റും മറ്റ് അനുബന്ധ സാധനങ്ങളും കൂടിയാണ് കൃഷിക്കായുള്ള സാധങ്ങൾക്ക് ഒന്നരലക്ഷം കണക്കാക്കിയിരിക്കുന്നത്. കക്ക നിക്ഷേപിക്കുമ്പോൾ മാത്രമാണ് വലിയ രീതിയിലുള്ള പരിചരണം വേണ്ടി വരുന്നത്. ന്യൂക്ലിയസ് നിക്ഷേപിച്ച് പത്ത് ദിവസത്തിനകം ചാകാൻ സാധ്യതയുള്ള കക്കകൾ ചാകും. അപ്പോൾതന്നെ അതിനെ മാറ്റി പുതിയ ചിപ്പിയിൽ പഴയ ന്യൂക്ലിയസ് വീണ്ടും ഉപയോഗിക്കാം. മുത്ത് കൃഷി ചെയ്ത് വിൽക്കുക മാത്രമല്ല, മുത്ത് കൃഷി പഠിക്കാൻ താത്പര്യം ഉള്ളവർക്ക് അതിനുള്ള സഹായവും മാത്തച്ചൻ ചെയ്യുന്നുണ്ട്. മാത്തച്ചന്റെ കൈയിൽ നിന്ന് ന്യൂക്ലിയസ് വാങ്ങുന്നവരെ അത് വിൽക്കാനും അദ്ദേഹം സഹായിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാവുന്ന ഗുണനിലവാരമുള്ള മുത്തുകളാണ് ഇദ്ദേഹം ഉത്പാദിപ്പിക്കുന്നത്. കക്കയുടെ തീറ്റ ഒരു അക്വേറിയത്തിലും രണ്ട് ബക്കറ്റിലുമായി ഇതോടൊപ്പം വളർത്തുന്നു. അതിന്റെ അടിസ്ഥാന വസ്തുക്കളും അവ വികസിപ്പിക്കേണ്ട മാർഗവും ഇദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നുമുണ്ട്. മാത്തച്ചൻ ഉത്പാദിപ്പിക്കുന്നതിൽ അധികവും ഗോളാകൃതിയിലും അർധഗോളാകൃതിയിലും ഉള്ള സ്വർണനിറത്തിലുള്ള മുത്തുകളാണ്. സ്വർണനിറമാർന്ന മുത്തുകളാണ് ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടം. ഒരു കക്കയിൽ നിന്ന് രണ്ട് പേളുകളാണ് കിട്ടുന്നത്. 50 ഗ്രാം മുതൽ 180 ഗ്രാം വരെയാണ് ഈ കക്കകളുടെ ഭാരം. കക്കകളിൽ നിന്നു കിട്ടുന്ന മുത്തുകൾ പോളിഷ് ചെയ്‌തെടുത്ത് ആഭരണങ്ങളാക്കി ആസ്ത്രേലിയ, അയർലൻഡ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. മുത്ത് കൃഷിയെ ഒരു ഇൻവെസ്റ്റ്‌മെന്റ് എന്ന് വിളിക്കാനാണ് ഇദ്ദേഹത്തിന് താത്പര്യം. മുത്തുകൃഷിയിൽ പരിശീലനം നൽകാനും മാത്തച്ചൻ സമയം കണ്ടെത്തുന്നു.

മുത്ത് കൃഷിയിലേക്കുള്ള വഴി

സഊദി അറേബ്യയിൽ കിംഗ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രൊഫസറായാണ് മാത്തച്ചൻ ജോലി ചെയ്തിരുന്നത്. ആ സമയത്താണ് അരാംകോ ഓയിൽ കമ്പനിക്കു വേണ്ടി ഇംഗ്ലീഷ് പരിഭാഷകനായി ചൈനയിലേക്ക് പോകാനുള്ള അവസരം ലഭിച്ചത്. ഫിഷറീസ് മേഖലയിൽ തത്പരനായിരുന്ന മാത്തച്ചൻ ചൈനാ സന്ദർശന വേളയിൽ ഡാൻഷുയി ഫിഷറീസ് റിസർച്ച് സെന്ററിൽ പോകാനിടയായി. അവിടുത്തെ വ്യത്യസ്ത കോഴ്‌സുകളെക്കുറിച്ചു മനസ്സിലാക്കി. ഇന്ത്യയിൽ അധികം ആളുകൾ പരീക്ഷിക്കാത്ത മേഖലയായതിനാൽ മുത്തുകൃഷി ഡിപ്ലോമ കോഴ്‌സിനോട് കൂടുതൽ കൗതുകം തോന്നി.

ഇവിടെ നിന്നാണ് മാത്തച്ചൻ എന്ന മികച്ച മുത്തുകൃഷിക്കാരന്റെ പിറവി. കോഴ്‌സിന്റെ വിശദവിവരങ്ങൾ മനസ്സിലാക്കി ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ മാത്തച്ചൻ ജോലി രാജിവെച്ച് ചൈനയിലെത്തി ഡിപ്ലോമയെടുത്തു. കോഴ്‌സിന്റെ കാലാവധി ആറ് മാസമായിരുന്നു. അങ്ങനെ 1999ൽ സ്വന്തം വീട്ടുമുറ്റത്ത് മുത്തുകൃഷി ആരംഭിക്കാൻ മാത്തച്ചൻ നാട്ടിലെത്തി. പെട്ടെന്നുള്ള ഈ തീരുമാനത്തെ വിമർശിക്കാൻ ബന്ധുക്കളുടെയും നാട്ടുകാരുടെയും മത്സരമായിരുന്നു. എന്നാൽ, ഈ ബിസിനസ്സ് പച്ചപിടിക്കുമെന്ന ഉറച്ച വിശ്വാസം അന്നേ തനിക്കുണ്ടായിരുന്നുവെന്ന് മാത്തച്ചൻ പറഞ്ഞു.
മഹാരാഷ്ട്രയിൽ നിന്നും ശുദ്ധജലനദികളിൽ നിന്നുമൊക്കെ ശേഖരിച്ച ചിപ്പികൾ ബക്കറ്റുകളിൽ വളർത്തിയായിരുന്നു തുടക്കം. ഒരു വർഷത്തിനു ശേഷം തന്റെ ഉദ്യമം പാഴായില്ല എന്ന് തെളിയിച്ചുകൊണ്ട് അമ്പത് ബക്കറ്റിലെ മുത്തുകൾ മാത്തച്ചൻ വിളവെടുത്തു. ഒന്നരലക്ഷം മുടക്കുമുതലുള്ള ബിസിനസ്സിൽ നിന്നും ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം രൂപ ലാഭം മാത്രം ലഭിക്കുകയെന്നു പറയുമ്പോൾ ആരും ഒന്ന് അമ്പരക്കും. പിന്നീട് മാത്തച്ചൻ ബക്കറ്റിൽ നിന്ന് മാറി തന്റെ പറമ്പിലുണ്ടായിരുന്ന റബ്ബറുകൾ വെട്ടിനിരത്തി ഫെറോസിമന്റ് ടാങ്ക് ഉണ്ടാക്കി കൃഷി അതിലേക്ക് മാറ്റി. കൃഷി അഭിവൃദ്ധിപ്പെട്ടതോടെ ശാസ്ത്രീയ മുത്ത് കൃഷിയെക്കുറിച്ച് ക്ലാസെടുക്കാനും മാത്തച്ചൻ ആരംഭിച്ചു.

കൃഷിരീതി

നമ്മൾ കാണുന്ന മുത്തുകൾ മൂന്ന് വിധത്തിലുള്ളവയാണ്. പ്രകൃതിദത്തമായതും സംസ്‌കരിച്ചതും കൃത്രിമവും. 21 വർഷമായി സംസ്‌കരിച്ച മുത്താണ് മാത്തച്ചൻ കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ ശുദ്ധജല ചിപ്പികൾ ലഭിക്കാൻ എളുപ്പമായതിനാൽ ഈ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല.
നദികളിൽ നിന്ന് ശേഖരിക്കുന്ന ചിപ്പികൾ വളരെ സൂക്ഷ്മമായി തുറന്ന് അതിനുള്ളിൽ ഒരു ന്യൂക്ലിയസ് നിക്ഷേപിക്കുന്നു. ഈ ചിപ്പി 15 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള വെള്ളത്തിൽ മുക്കിവെക്കുന്നു. സൈപ്രസ് ഇനത്തിൽ പെട്ട വെള്ളത്തിൽ വളരുന്ന ഒരു തരം ചെടിയാണ് ഇതിന്റെ ഭക്ഷണം. ചിപ്പികളെ വളർത്തുന്നതിനോടൊപ്പം തന്നെ ഇതിന്റെ ഭക്ഷണമായ ചെടികൾ വളർത്താനുള്ള സൗകര്യവുമൊരുക്കണം. 18 മാസത്തോളം വളരാനനുവദിക്കുന്ന ഇത്തരം ചിപ്പിക്കുള്ളിലെ ന്യൂക്ലിയസിന് മുകളിൽ 540 പാളി കാൽസ്യം കാർബണേറ്റ് ദ്രാവകം അടിഞ്ഞിട്ടുണ്ടാകും. 540 പാളികളുള്ള മുത്തുകൾ എ ഗ്രേഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു. 400 ലെയറിന് മുകളിലുള്ളത് ബി ഗ്രേഡും അതിനും താഴെയുള്ളത് സി ഗ്രേഡുമായാണ് പരിഗണിക്കപ്പെടുന്നത്. നിലവിൽ സംസ്‌കരിച്ച മുത്തുകൾക്ക് ഉയർന്ന ഡിമാൻഡുള്ള ആസ്ത്രേലിയ, കുവൈത്ത്, സഊദി അറേബ്യ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്കാണ് മാത്തച്ചൻ തന്റെ മുത്തുകൾ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ വിപണിയിലേത് ഭൂരിഭാഗവും കൃത്രിമമുത്തുകളാണ്. ഇവക്കു മുകളിൽ നൽകുന്ന സിന്തറ്റിക്ക് കോട്ടിംഗ് കാരണം അവ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നില്ല എന്നു മാത്രം. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഒറിജിനൽ മുത്തിനും യഥാർഥ വില ലഭിക്കാൻ പ്രയാസമാണ്. യഥാർഥ മുത്തിന് കാരറ്റിന് 360 രൂപയും ഗ്രാമിന് 1,800 രൂപയുമാണ് വില.

കൃഷിജീവിതം

നിലവിൽ 30 മീറ്റർ നീളവും 15 മീറ്റർ വീതിയും ആറ് മീറ്റർ ആഴവുമുള്ള ഫെറോസിമന്റ് ടാങ്കിലാണ് മാത്തച്ചൻ കൃഷി ചെയ്യുന്നത്. കൃഷിക്കാവശ്യമായ സജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത് കണ്ടാലും നമുക്ക് അത്ഭുതം തോന്നും. പറമ്പിലെ റബ്ബർ മുഴുവൻ വെട്ടിക്കളഞ്ഞെങ്കിലും ബാക്കിയുള്ള സ്ഥലത്ത് വനില, തേങ്ങ, മാമ്പഴം എന്നിവയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. 2018ൽ മാത്തച്ചന് ഹൃദയാഘാതമുണ്ടായെങ്കിലും ഏതാനും പ്രാദേശിക കർഷകരുടെ സഹായത്തോടെ കൃഷി ഇപ്പോഴും നോക്കി നടത്തുന്നു. കൃഷി ചെയ്യുന്നതിനൊപ്പം തന്നെ താത്പര്യമുള്ളവർക്ക് ഈ വിദ്യ പകർന്നു നൽകാനും പൂർവാധ്യാപകനായ ഇദ്ദേഹത്തിന് മടിയില്ല. കൂടാതെ, കൃഷി ചെയ്തെടുത്ത മുത്ത് ഉപയോഗിച്ച് വിവിധതരം കൗതുക ഉത്പന്നങ്ങൾ നിർമിക്കാനും സമയം കണ്ടെത്തുന്നു.

ലോക്ക്ഡൗൺ കാലത്തും വിശ്രമമില്ല

മറ്റു പല ബിസിനസ്സുകളെയും പോലെ തന്നെ ലോക്ക്ഡൗൺ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി മുത്തിന്റെ വിൽപ്പനയും മന്ദഗതിയിലാണ്. പ്രായമേറെയുണ്ടെങ്കിലും നവമാധ്യമങ്ങൾ ഉപയോഗിച്ച് തന്റെ ക്ലാസുകൾ വിജയകരമായി മുമ്പോട്ട് കൊണ്ടുപോകുന്നുണ്ട് ഇദ്ദേഹം. ഇന്ത്യയിൽ അധികം പ്രചാരമില്ലാത്ത ഒരു കൃഷിരീതി ആയിട്ടും അനേകമാളുകൾ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഇതിലൂടെ ഇത്തരമൊരു ആശയത്തിന് വളരെയധികം ശ്രദ്ധ ലഭിക്കുകയും ചെയ്തു. ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് പഠനം നടക്കുന്ന ഇന്ത്യയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനാവശ്യങ്ങൾക്കായും അല്ലാതെയും മാത്തച്ചന്റെ ഫാമുമായി ബന്ധപ്പെടാറുണ്ട്. എല്ലാവരെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനും എല്ലാം വിശദമായി പറഞ്ഞു കൊടുക്കാനും ഒരു തുടക്കക്കാരന്റെ ആവേശത്തോടെ മാത്തച്ചനും. മുത്തുകൃഷി എന്നു കേൾക്കുമ്പോൾ മുത്ത് എങ്ങനെ നട്ടു വളർത്തും? എന്ന ചോദ്യമായിരിക്കും എല്ലാവരുടെയും മനസ്സിലെത്തുക. വളരെ പ്രകൃതിദത്തമായ പ്രക്രിയയിലൂടെ കാലങ്ങളെടുത്ത് കടലിൽ ഉണ്ടാകുന്ന മുത്തുകൾ ഇത്തരത്തിൽ കൃഷി ചെയ്ത് ഉണ്ടാക്കാം എന്നു കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസം തോന്നും. 28 ദിവസം കൊണ്ട് ഈ പ്രക്രയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ മാത്തച്ചൻ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുന്നു. കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ശുചിത്വ ക്രമങ്ങൾ പോലും അദ്ദേഹം വിശദമാക്കിത്തരും. അസംസ്‌കൃത വസ്തുക്കൾ സംഘടിപ്പിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കിത്തരും. വേണമെങ്കിൽ ചിപ്പിക്കുള്ളിൽ നിക്ഷേപിക്കാനുള്ള ന്യൂക്ലിയസും അദ്ദേഹം എത്തിച്ചുതരും. ഓൺലൈൻ ക്ലാസുകൾ ആവശ്യമുള്ളവർക്ക് 9446089736 എന്ന നമ്പറിൽ ഇദ്ദേഹത്തെ ബന്ധപ്പെടാം.

സഊദി അറേബ്യയിൽ ഉണ്ടായിരുന്ന ജോലിയിൽ തുടരുകയായിരുന്നെങ്കിൽ നാട്ടിലെ മറ്റേതൊരു വ്യക്തിയെയും പോലെ താനും ഒരു സാധാരണ പ്രവാസി മാത്രമായി ചുരുങ്ങിയേനെ. താനൊരു വലിയ പരീക്ഷണത്തിന് തയ്യാറായെന്നും അക്കാലത്ത് ഇന്ത്യയിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരമൊരു സംരംഭത്തിലേക്കിറങ്ങാൻ തീരുമാനിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മാത്തച്ചൻ വ്യക്തമാക്കുന്നു.

• ടി സുമീറ
sumeerathppl@gmail.com

sumeerathppl@gmail.com

Latest