Covid19
സൂര്യനെല്ലി കേസ്: കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീം കോടതി നീട്ടി

ന്യൂഡൽഹി| സൂര്യനെല്ലി പെൺവാണിഭ കേസിലെ കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീം കോടതി നീട്ടി. നിലവിൽ ജാമ്യത്തിലോ പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 25 കുറ്റവാളികളാണ് സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്. ഇത്രയും പേരുടെ അപ്പീലിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കൊവിഡ് സാഹചര്യം മാറിയ ശേഷം അഭിഭാഷകർ നേരിട്ട് കോടതിയിൽ എത്തുന്ന സ്ഥിതി വരുമ്പോൾ വാദം കേൾക്കാമെന്നും അതുവരെ പരോൾ കാലാവധി നീട്ടുന്നതായും കോടതി അറിയിച്ചു. അപ്പീൽ നൽകിയവരിൽ 16 പേരുടെ ശിക്ഷാകാലാവധി പൂർത്തിയായിട്ടുണ്ട്. ഇവരോട് അപ്പീലുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ അപ്പീലുമായി മുന്നോട്ടുപോകുമെന്ന് പ്രതികളിൽ ചിലരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. അപ്പീലുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക മൂന്നാഴ്ചക്കുള്ളിൽ കൈമാറാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
കേസിലെ മുഖ്യ കുറ്റവാളികൾ ആയ ധർമരാജൻ, ഉഷ എന്നിവർ ഇപ്പോഴും ജയിലിൽ ആണ്. ഇവർ ഒഴികെയുള്ള മിക്ക പ്രതികളും ജാമ്യത്തിലോ,പരോളിലോ ആണ്. പരോൾ കാലാവധി ശിക്ഷ ആയാണ് സാധാരണ കാണാക്കാക്കാറുള്ളത്. അതിനാൽ ഇപ്പോൾ ഇവർ ജയിലിന് പുറത്ത് ചെലവഴിക്കുന്ന കാലാവധിയും ശിക്ഷാ കാലാവധി ആയാകും പരിഗണിക്കുക.