ഓൺലൈൻ ക്ലാസുകളിൽ മാറ്റങ്ങൾ ആവശ്യമെന്ന് വിദഗ്ധർ

Posted on: August 10, 2020 2:03 pm | Last updated: August 10, 2020 at 2:04 pm


കോഴിക്കോട് | കൊവിഡ് പശ്ചാത്തലത്തിൽ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം ഒന്ന് മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്ന സൂചന പുറത്തു വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വിവിധ ചർച്ചകൾ സജീവമായി.

പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ലെന്നാണ് സൂചന. 10 വയസിൽ താഴെയുള്ള കുട്ടികൾ സ്‌കൂളിലെത്തിയാൽ കൊവിഡ് പ്രതിരോധ നടപടികൾ പൂർണ തോതിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ തന്നെ തുടരേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവിൽ തുടർന്നു വരുന്ന ഓൺലൈൻ പഠന രീതി ഇനിയും അനിശ്ചിതമായി തുടരുകയാണെങ്കിൽ ചിലമാറ്റങ്ങൾ ആവശ്യമായി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസുകളെക്കുറിച്ച് നിരവധി ആശങ്കകളും പരാതികളും ഉയരുന്നുണ്ട്. കുട്ടികൾക്ക് കഴുത്ത് വേദന, കണ്ണ് വേദന, താങ്ങാൻ കഴിയാത്ത പഠന സമ്മർദം തുടങ്ങിയ പരാതികൾ വ്യാപകമാണെന്ന് തിരുവനന്തപുരം ഗവ. മെഡി. കോളജ് എസ് എ ടി ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക്‌സ് യൂനിറ്റിൽ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ആർ ജയപ്രകാശ് പറയുന്നു. അൺ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ ഓൺലൈൻ പഠനത്തിൽ സമ്മർദം അനുഭവിക്കുന്നതായാണ് രക്ഷിതാക്കളുടെ പരാതി. ഓൺലൈൻ ക്ലാസുകൾക്ക് പുറമേ കുട്ടികൾക്കു താങ്ങാവുന്നതിലേറെ ഹോംവർക്കുകളും ചില സ്‌കൂളുകൾ നൽകുന്നു.

സി ബി എസ് ഇ വിദ്യാലയങ്ങളിൽ നിർദേശിക്കപ്പെട്ട ഇടവേളകൾ പോലും കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. ഇത് കുട്ടികളിൽ മാനസിക സമ്മർദം സൃഷ്ടിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.
നീണ്ടുനിൽക്കുന്ന ക്ലാസിന് ശേഷം അധ്യാപകർ നൽകുന്ന ഹോംവർക്കുകൾക്കായും കുട്ടി മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നത്. എല്ലാം പഠിക്കുകയും അസൈൻമെന്റുകളും നോട്ട്‌സുകളും മുഴുവൻ നിശ്ചിത സമയത്തിൽ എഴുതി സമർപ്പിക്കുകയും വേണം. ഇതിനിടയിൽ ക്ലാസ് പരീക്ഷകളും ചില സ്‌കൂളുകളിൽ ആരംഭിച്ചു. സ്വകാര്യ സ്‌കൂളുകൾ ഓൺലൈൻ ക്ലാസിനെ സ്‌കൂൾ വിദ്യാഭ്യാസം പോലെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ക്ലാസ് മുറിയിൽ നടക്കുന്നത് പോലെ മുഴുവൻ ഉള്ളടക്കവും കുട്ടികളെ പഠിപ്പിക്കാനാണ് ഇത്തരം സ്‌കൂളുകൾ ശ്രമിക്കുന്നത്. ഓണപ്പരീക്ഷയുടെ തയ്യാറെടുപ്പും ചില സ്‌കൂളുകൾ ആരംഭിച്ചിട്ടുണ്ട്.സ്‌കൂളുകളിലെ ഈ ഓൺലൈൻ പഠന സമ്മർദത്തിനൊപ്പം ചില കുട്ടികൾക്ക് ഓൺലൈൻ ട്യൂഷനുമുണ്ട്. വീട്ടിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികൾക്ക് കളിക്കാനോ കൂട്ടുകാരെ കാണാനോ പുറത്തു പോകാൻ കഴിയുന്നില്ല. സാധാരണ ക്ലാസിൽ പഠിപ്പിക്കുന്നത് പോലെ എല്ലാ പാഠങ്ങളും ഓൺലൈൻ വഴി പഠിപ്പിക്കാൻ ശ്രമിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു സെഷന്റെ സമയം പരമാവധി അരമണിക്കൂർ ആയി നിജപ്പെടുത്തുക, ഓരോ സെഷന് ശേഷവും കുറഞ്ഞത് അരമണിക്കൂർ വിശ്രമവേള നൽകുക, ഹോംവർക്കും അസൈൻമെന്റുകളും കുറച്ചു മാത്രം നൽകുക, സ്‌കൂൾ തുറക്കുന്നത് ഇനിയും നീളാൻ സാധ്യതയുള്ളതിനാൽ പാഠഭാഗങ്ങൾ കുറച്ച് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധർ മുന്നോട്ടു വെക്കുന്നു.

ALSO READ  മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബംഗാളില്‍ സ്‌കുള്‍ തുറന്ന് പ്രവര്‍ത്തിച്ചു