International
ഹോങ്കോംഗ് മാധ്യമ വ്യവസായി ജിമ്മി ലായ് ദേശീയ സുരക്ഷാനിയമ പ്രകാരം അറസ്റ്റിൽ

ഹോങ്കോംഗ്| രാജ്യത്തെ പ്രധാന മാധ്യമ വ്യവസായിയായ ജിമ്മി ലായ് ദേശീയ സുരക്ഷാനിയമ പ്രകാരം അറസ്റ്റിലായി. വിദേശശക്തികളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ മാർക്ക് സൈമൺ ട്വിറ്ററിൽ കുറിച്ചു. ഹോങ്കോംഗിൽ പ്രചുരപ്രചാരം ആർജിച്ച ആപ്പിൾ ഡെയ്‌ലി എന്ന ടാബ്ലോയിഡ് പത്രത്തിന്റെ സ്ഥാപകനാണ് 71കാരനായ ജിമ്മി ലായ്.
ചൈന കൊണ്ടുവന്ന പുതിയ ദേശീയ ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അറസ്റ്റിലായവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ഹോങ്കോംഗ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇവർക്കെതിരെ ഗൂഢാലോചനയും തട്ടിപ്പും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ചൈനയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പരിവായി വിമർശിക്കുകയും ഹോങ്കോംഗിലെ ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ അനുകൂല നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജിമ്മി ലായ്. കഴിഞ്ഞ വർഷം നടന്ന ജനാധിപത്യപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിരവധി കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ട്. ആപ്പിൾ ഡെയ്‌ലിയുടെ ഓഫീസുകളിൽ ഹോങ്കോങ്ങ് പൊലീസ് റെയ്ഡ് നടത്തിയതായി മാർക്ക് സൈമണെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ലായിയുടെ മകനേയും അറസ്റ്റ് ചെയ്തതായി ആപ്പിൾ ഡെയ്‌ലി പറയുന്നു. മൂന്ന് മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ജിമ്മി ലായിക്ക് മേൽ ചുമത്തിയിരിക്കുന്നത്.