Connect with us

Gulf

നടുക്കം വിട്ടുമാറിയില്ല; ടേബിൾടോപ് അപകടകാരിയല്ല

Published

|

Last Updated

ദുബൈ | കരിപ്പൂർ വിമാന ദുരന്തം സൃഷ്ടിച്ച നടുക്കം ഗൾഫ് മലയാളികളിൽ വിട്ടു മാറിയില്ല. വന്ദേ ഭാരത്,ചാർട്ടേഡ് വിമാനങ്ങൾ വഴി നിരവധി പേർ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവരെല്ലാം ഭീതിയിലാണ്. തത്കാലത്തേക്ക് വിമാനത്താവളം അടച്ചിട്ടുവെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് അപകടം റൺവേക്കു പുറത്തായതിനാൽ വിമാനത്താവളം ഇന്നലെ പുലർച്ചെതന്നെ വീണ്ടും തുറന്നു. ഇതിനിടയിൽ വിമാനത്താവള റൺവേയുടെ കിടപ്പും നവീകരണത്തിന് ശേഷമുള്ള അവസ്ഥയും വിശകലന വിധേയമാകുന്നു.

അപകട കാരണം ഇവിടത്തെ ടേബിൾ ടോപ് റൺവേ ആണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അപകടത്തിനു കാരണം റൺവേയുടെ ടേബിൾ ടോപ് സ്ഥാനമല്ല എന്നതാണ് ആദ്യം പറയാനുള്ളതെന്ന് വിദഗ്ധൻ ജേക്കബ് കെ ഫിലിപ് എഴുതുന്നു. അപകടത്തിന്റെ വ്യാപ്തിയും ഗൗരവവും കൂട്ടാൻ റൺവേയുടെ അറ്റത്തുള്ള താഴ്ന്ന പ്രദേശം ഇടയാക്കി എന്നത് വാസ്തവമാണ്. എന്നാൽ അപകടമുണ്ടാക്കിയത് ടേബിൾ ടോപ്പ് റൺവേ അല്ല. ദുബൈയിൽ നിന്ന് വിമാനം ഏഴു മണിയോടെ കരിപ്പൂരിലെത്തുമ്പോൾ പെരുമഴയായിരുന്നു.

തെക്കുകിഴക്കു-വടക്കുപടിഞ്ഞാറായി കിടക്കുന്ന റൺവേയിലേക്ക്, തെക്കുകിഴക്കു ഭാഗത്തു നിന്ന് (റൺവേ 28) ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് റൺവേയുടെ സ്ഥാനം പറഞ്ഞു കൊടുത്തു സഹായിക്കാൻ കാറ്റഗറി-1 ഐ എൽ എസ് ഉണ്ടെങ്കിലും വടക്കുപറഞ്ഞാറു നിന്ന് തെക്കുകിഴക്കു ലാൻഡ് ചെയ്യുന്നവർക്ക് (റൺവേ 10) ആ സഹായം കിട്ടില്ല. അതുകൊണ്ടു തന്നെ ഐ എക്സ് 1344 ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് റൺവേ 28 ലേക്കാണ്. പക്ഷേ ഐ എൽ എസിന് സഹായിക്കാവുന്നതിലുമപ്പുറം കാഴ്ച മറക്കുന്നതായിരുന്നു മഴയെന്നതിനാൽ വിമാനം ലാൻഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച് വീണ്ടും പറന്നുയർന്നു.

ഏകദേശം 3,800 അടിയോളം താഴ്ന്നു വന്നതിനുശേഷമാണിത്. പിന്നെയൊരു അര മണിക്കൂറോളം ചുറ്റിപ്പറന്നതിനുശേഷം എയർട്രാഫിക് കൺട്രോളറുടെ അനുമതിയോടെ വീണ്ടും ലാൻഡിങ് ശ്രമം നടത്താൻ താഴ്ന്നു വന്നപ്പോൾ വിമാനം ഐ എൽ എസ് ഇല്ലാത്ത റൺവേ 10 ആണ് തെരഞ്ഞെടുത്തത്. വ്യോമഗതാഗത നിയന്ത്രകരുടെ നിർദേശപ്രകാരമാണോ എന്നും വ്യക്തമല്ല. ഏകദേശം റൺവേയുടെ മധ്യത്തോടെയാണ് നിലം തൊട്ടത് എന്നാണ് റിപ്പോർട്ടുകളിൽ. എന്തായാലും നിലം തൊട്ടവിമാനം വേഗം വളരെയൊന്നും കുറയാതെ അറ്റംവരെ കുതിച്ചെത്തി. അവിടെ നിന്ന് ചെരിവിലൂടെ താഴേക്ക് പാഞ്ഞിറങ്ങി ചെരിവിനറ്റത്ത് തറനിരപ്പിലുള്ള ചുറ്റുമതിൽ തകർത്ത് പുറത്തേക്കെത്തുകയും ചെയ്തു.

ഇടിയിൽ കോക്പിറ്റ് തകർന്നു, വിമാനം മുൻവാതിലിനടുത്തു വച്ച് രണ്ടു കഷണമായി.അപകടമുണ്ടാക്കിയത് രണ്ടു കാര്യങ്ങളാണ് എന്ന് വ്യക്തമാണ്. ഒന്ന് റൺവേയിൽ വൈകി ഇറങ്ങൽ എന്ന ഓവർഷൂട്ടിംഗ്. രണ്ട്, ഇറങ്ങിയതിനു ശേഷം റൺവേയുടെ അറ്റമെത്തും മുമ്പേ നിർത്താൻ കഴിയാതിരുന്നത്””.

പൈലറ്റിന് വീഴ്ച പറ്റിയോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇത്തരമൊരു അപകടം പത്തു വർഷം മുമ്പ് മംഗളൂരുവിൽ നടന്നിരുന്നു. അവിടെയും ടേബിൾ ടോപ് റൺവേയാണ്. എന്നാൽ ലോകത്തു ധാരാളം ഇത്തരം റൺവേകളുണ്ട്. ഇത്തരം റൺവേകൾ ഇല്ലാത്ത വിമാനത്താവളങ്ങളിലാണ് അപകടങ്ങൾ കൂടുതൽ. കരിപ്പൂരിൽ റൺവേ അറ്റകുറ്റപ്പണി ശരിയായ നിലയിൽ ആയിരുന്നില്ല എന്നതാണ് മറ്റൊരു നിഗമനം.

“ഈ അപകടം ഏറ്റവും നിർഭാഗ്യകരമാണ്. തീർച്ചയായും, അധികാരികളും വിദഗ്ധരും ഇതേക്കുറിച്ച് നൽകാനിരുക്കുന്ന കൃത്യമായ വിവരങ്ങൾക്ക് കാത്തിരിക്കേണ്ടതുണ്ടെന്നും മലബാർ എയർപോർട്ട് ഡവലപ്മെന്റ് കമ്മിറ്റിയുടെ മുൻ കൺവീനർ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 158 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുകയും എട്ട് പേർ മാത്രം രക്ഷപ്പെടുകയും ചെയ്ത 2010ലെ മംഗലാപുരം എയർ ഇന്ത്യ വിമാന അപകടവുമായി താരതമ്യം ചെയ്യുന്പോൾ നിരവധി പേർ അതിജീവിച്ച ഈ അപകടം, ഒരു അത്ഭുതകരമായ രക്ഷപ്പെടലാണ്.

9000 മീറ്റർ ടേബിൾടോപ്പ് റൺവേയാണ് കരിപ്പൂർ വിമാനത്താവളത്തിലുള്ളത്. പ്രതികൂല കാലാവസ്ഥയിൽ സുരക്ഷിതമായ ലാൻഡിംഗിന് ഇത് പര്യാപ്തമല്ല. പ്രത്യേകിച്ച് മലയോര മേഖലയായതിനാൽ രാത്രിയിൽ ദൃശ്യപരത മോശമാണ്. വലിയ ബോഡിയുളള ജെറ്റ് വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്നതിനും റൺവേയുടെ അപര്യാപ്ത മൂലം ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനും റൺവേ വിപുലീകരണം ആവശ്യപ്പെട്ട് നിരവധി വർഷങ്ങളായി പല തലങ്ങളിൽ ശ്രമങ്ങൾ നടന്നുവരികയാണ്.

ഭൂമി ലഭ്യതയാണ് ഈ വിപുലീകരണ ശ്രമങ്ങൾക്ക് പ്രധാന തടസ്സമാകുന്നത്. ഭാവിയിൽ ഇതുപോലുള്ള ദാരുണമായ ദുരന്തം ഒഴിവാക്കാൻ റൺവേ പാതയ്ക്ക് ആവശ്യമായ ഭൂമി വിട്ടുനൽകാനുളള സന്നദ്ധത പ്രകടിപ്പിക്കണമെന്ന് പ്രദേശവാസികളോട് ആത്മാർഥമായി അഭ്യർഥിക്കുന്നു. ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഇതിനകം തന്നെ തീരുമാനിച്ചിട്ടുളളതിനാലും ഭൂമി ലഭ്യമാണെങ്കിൽ റൺവേ വിപുലീകരണവുമായി മുന്നോട്ട് പോകാൻ ആവശ്യമായ ഫണ്ട് അനുവദിക്കാൻ എയർപോർട്ട് അതോറിറ്റിയും സമ്മതിച്ചതിനാലും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഇക്കാര്യം മുൻഗണനാ ക്രമത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തണം. മലബാർ ഡവലപ്മെന്റ്ഫോറത്തിന്റെ പാട്രൺ എന്ന നിലയിലും എം എ ഡി എ സിയുടെ മുൻ കൺവീനർ എന്ന നിലയിലും കാലിക്കറ്റ് വിമാനത്താവളം എൻആർഐകളുടെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ഒന്നായതിനാലും ഈ ദൗത്യത്തിനായുളള ശ്രമങ്ങളിൽ ഞാൻ തുടക്കം മുതൽ വളരെയേറെ പ്രതിജ്ഞാബദ്ധമാണ്.

മറ്റൊരു ദുരന്തം ഒഴിവാക്കാൻ ഈ റൺവേ വിപുലീകരണ പദ്ധതി ത്വരിതപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ്ങ് പുരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരോട് അഭ്യർഥിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

Latest