Connect with us

Editorial

രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കാം, ഭാവിക്കായി മുന്‍കരുതലെടുക്കാം

Published

|

Last Updated

വെള്ളിയാഴ്ച ദുരന്ത ദിനമായിരുന്നു കേരളത്തിന്. മൂന്നാർ രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തം കേട്ടുണർന്ന കേരള ജനത കരിപ്പൂരിലെ വിമാന ദുരന്തത്തിന്റെ നടുക്കുന്ന വാര്‍ത്ത കണ്ടാണ് കിടക്കാൻ പോയത്. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 191 പേരെയുമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ഐ എക്‌സ് 1344 വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്താവളത്തെ ചുറ്റിപ്പോകുന്ന കൊണ്ടോട്ടി- കുന്നുംപുറം ബെല്‍റ്റ് റോഡിലേക്ക് പതിച്ചത്. വിമാനത്തിന്റെ നിയന്ത്രണം വിട്ടതായി മനസ്സിലാക്കിയ പൈലറ്റ് അടിയന്തര ഘട്ടത്തില്‍ പ്രയോഗിക്കുന്ന മാന്വല്‍ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവത്രെ.

ടേബിള്‍ ടോപ് റണ്‍വേ (കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന റണ്‍വേ) ആയതിനാലാണ് വിമാനം നിയന്ത്രിക്കാനാകാതെ പോയതെന്നാണ് പ്രാഥമിക നിഗമനം. പരിചയ സമ്പന്നനും പ്രഗത്ഭനുമായ പൈലറ്റാണ് ഈ വിമാനം പറത്തിയ ഡി വി സാഠെ. മുന്‍ വ്യോമസേനാംഗമായ സാഠെ സേനയില്‍ യുദ്ധവിമാന പൈലറ്റ,് ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ വിമാനം ലാന്‍ഡ് ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം അതിന് സാധ്യമാകാതെ വന്നപ്പോള്‍ അവസാനം റണ്‍വേ മാറി ലാൻഡ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മഴയും കനത്ത മൂടല്‍ മഞ്ഞുമായിരിക്കാം റണ്‍വേ മാറിപ്പോകാന്‍ കാരണം. വിമാനമിറങ്ങുന്ന നേരത്ത് തീവ്രമഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു കരിപ്പൂരില്‍.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 158 പേര്‍ വെന്തുമരിച്ച മംഗളൂരു (മംഗലാപുരം) വിമാന അപകടത്തെ അനുസ്മരിപ്പിക്കുന്നതാണ് കരിപ്പൂരിലെ സംഭവം. ചുറ്റുഭാഗവും ചരിവുകളോടെ പീഠഭൂമിപോലെ ഉയര്‍ന്നുനില്‍ക്കുന്ന റണ്‍വേക്കപ്പുറം ഗര്‍ത്തങ്ങളുള്ള ടേബിള്‍ ടോപ് വിമാനത്താവളമാണ് മംഗലാപുരത്തേതും. പൈലറ്റ് ഉറങ്ങിപ്പോയത് കാരണം റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അന്നത്തെ അപകടത്തിന്റെ കാരണമെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ലാന്‍ഡ് ചെയ്തതോടെ വിമാനം ഗര്‍ത്തത്തിലേക്ക് പോയി തീപിടിച്ച് തകരുകയായിരുന്നു. കരിപ്പൂരില്‍ വിമാനത്തിന് തീപിടിക്കാതിരുന്നതും അപകടം നടന്ന ഉടനെ നാട്ടുകാര്‍ നടത്തിയ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനവുമാണ് മരണസംഖ്യ കുറയാനിടയാക്കിയത്.

കൊണ്ടോട്ടിയും വിമാനത്താവളമടങ്ങുന്ന പ്രദേശവും കൊറോണ വ്യാപനത്തെ തുടർന്ന് കണ്ടെയിന്‍മെന്റ് സോണിലാണ്. കഴിവതും പുറത്തിറങ്ങാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയായിരുന്ന പ്രദേശവാസികള്‍ വിമാനം വീണ വിവരമറിഞ്ഞപ്പോള്‍ ഇരുട്ടും മഴയും വകവെക്കാതെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനയാത്രക്കാരില്‍ പലര്‍ക്കും കൊവിഡ് ബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. രണ്ടായി പിളര്‍ന്ന വിമാനത്തില്‍ നിന്നുയര്‍ന്ന പുക കാര്യമാക്കിയതുമില്ല. എല്ലാം അവഗണിച്ച് അവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആംബുലന്‍സുകള്‍ക്ക് കാത്തുനില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലാണ് പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രികളിലെത്തിച്ചത്. നെടുകെ പിളര്‍ന്ന വിമാനത്തില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് രക്തം ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സുമനസ്സുകള്‍ രക്തദാനത്തിന് സന്നദ്ധരായി ആശുപത്രികളിലേക്ക് ഒഴുകുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ പലരും അവിടുത്ത ബ്ലഡ്‌ ബേങ്ക് നിറഞ്ഞതറിഞ്ഞ് രക്തം നല്‍കാന്‍ സാധിക്കാത്തതിലുള്ള വിഷമത്തോടെയാണ് തിരിച്ചുപോയത്. രക്ഷാപ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ടത് നാട്ടുകാരുടെ സാന്നിധ്യമാണെന്ന് വിമാനയാത്രക്കാര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്‌സിംഗ് പുരിയും നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയുണ്ടായി. അവരുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഈ അപകടത്തെ മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട് ചിലര്‍. ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയര്‍പോര്‍ട്ടുകളിലൊന്നാണ് കരിപ്പൂരെന്നും അത് അടച്ചുപൂട്ടണമെന്നും റിപ്പോര്‍ട്ട് വിദഗ്ധ സമിതിയുടേതായി കിട്ടിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് വയലാര്‍ രവി പറഞ്ഞതായി ഒരു എഴുത്തുകാരന്‍ സാമൂഹിക മാധ്യമത്തില്‍ എഴുതുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഇക്കാര്യം പുറത്തുപറയാന്‍ കഴിയാത്തതെന്നും വയലാര്‍ രവി പറഞ്ഞുവത്രെ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ഇനിയെങ്കിലും ഗൗരവമായി നാം ചിന്തിക്കുകയും വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണ്ടെടുത്ത് വീണ്ടും പഠിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയിലും കണ്ണൂരിലും രണ്ട് ആധുനിക വിമാനത്താവളങ്ങള്‍ ഉണ്ടായിരിക്കെ കരിപ്പൂരിലെ “പ്രാകൃത വിമാനത്താവള”ത്തിന്റെ ആവശ്യമില്ലെന്നും അത് മിലിട്ടറി വിമാനത്താവളമാക്കി മാറ്റണമെന്നുമാണ് മറ്റൊരു സോഷ്യല്‍ മീഡിയ കുറിപ്പ്.

ലാന്‍ഡിംഗ് പ്രയാസകരമായ ടേബിള്‍ ടോപ് വിമാനത്താവളം രാജ്യത്ത് കരിപ്പൂര്‍ മാത്രമല്ല, മംഗളൂരു, ജമ്മു, പട്‌ന, ഐസ്വാള്‍, കുളു, പോര്‍ട്ട് ബ്ലയര്‍, ലാതൂര്‍, അഗര്‍ത്തല തുടങ്ങി വേറെയുമുണ്ട്. ഇവയില്‍ പലതും കരിപ്പൂരിനെക്കാൾ അപകടകരമാണ്. റണ്‍വേയുടെ നീളക്കുറവാണ് കരിപ്പൂരിന്റെ മുഖ്യപ്രശ്‌നം. നിലവിലുള്ള റണ്‍വേക്ക് 2,850 മീറ്റര്‍ നീളമാണുള്ളത്. ഇത് 3,400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വികസിപ്പിച്ചാല്‍ അനായാസം ജംബോ വിമാനങ്ങള്‍ വരെ ഇറക്കാനാകുമെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം. അതിനുള്ള അടിയന്തര ശ്രമങ്ങളാണ് ആവശ്യം. അല്ലാതെ, വരുമാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മുന്‍നിരയിലുള്ള കരിപ്പൂരിനെ അടച്ച് പൂട്ടുകയോ, മിലിട്ടറി വിമാനത്താവളമാക്കുകയോ അല്ല വേണ്ടത്.