Connect with us

Kerala

കരിപ്പൂര്‍ ദുരന്തം: വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധനക്കായി ഡല്‍ഹിയിലേക്ക് അയച്ചു

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കൂടുതല്‍ പരിശോധനക്കായി ഡല്‍ഹിയില്‍ എത്തിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലാബില്‍ ബ്ലാക് ബോക്‌സ് വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇതിന് ശേഷമേ വിമാന ദുരന്തത്തിന്റെ വ്യക്തമായ കാരണം അറിയാനാകൂ.

കരിപ്പൂരിലെ ദുരന്ത സ്ഥലത്ത് നിന്ന് ഇന്നലെയാണ് ബ്ലാക് ബോക്‌സ് കണ്ടെടുത്തത്. വിമാനപാപകടം സംബന്ധിച്ച് ഉയരുന്ന സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതിലുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടസമയം വിമാനം എത്ര വേഗത്തിലായിരുന്നു, എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനമായി നടത്തിയ സംഭാഷണങ്ങള്‍, പൈലറ്റുമാരുടെ സംസാരം തുടങ്ങിയ നിര്‍ണായക വിവരങ്ങളുടെ റെക്കോര്‍ഡ് ബ്ലാക് ബോക്‌സിലുണ്ടാകും.

കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേ അല്ല അപകടത്തിനിടയാക്കിയത് എന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. റണ്‍വേയുടെ മധ്യഭാഗത്താണ് വിമാനം ഇറങ്ങിയത്. ഇതുമൂലം ഓടി നില്‍ക്കാന്‍ വേണ്ടത്ര സ്ഥലം ലഭിക്കാതിരിക്കുകയും റണ്‍വേയില്‍ നിന്ന് വിമാനം താഴെക്ക് പതിക്കുകയുമായിരുന്നു. കനത്ത മഴ മൂലം റണ്‍വേ കാണാന്‍ പ്രയാസമുണ്ടെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും എല്ലാ ചോദ്യങ്ങളക്കുമുള്ള ഉത്തരം ബ്ലാക് ബോക്‌സില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

എന്താണ് ബ്ലാക് ബോക്‌സ്?

വിമാനത്തിലെ ഫ്‌ളയിറ്റ് ഡാറ്റ റെക്കോര്‍ഡറിനെയാണ് ബ്ലാക് ബോക്‌സ് എന്ന് വിളിക്കുന്നത്. വിമാനങ്ങളില്‍ നടക്കുന്ന എല്ലാ വിവരങ്ങളും ഇതില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. വേഗം കൂട്ടുന്നത്, എന്‍ജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, ഉയരം, സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകും. കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും ഇതിന്റെ ഭാഗമാണ്. കോക്പിറ്റില്‍ നടക്കുന്ന സംഭാഷണങ്ങള്‍, ക്രൂ അംഗങ്ങളും മറ്റുള്ളവരും നടത്തുന്ന ആശയവിനിമയങ്ങള്‍, എയര്‍ ട്രാഫിക്ക് കണ്‍ട്രോളിലെ അംഗങ്ങളോടുള്ള സംഭാഷണങ്ങള്‍, യാത്രക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍, വിമാനത്തിനുള്ളിലെ മറ്റ് ശബ്ദങ്ങള്‍ എന്നിവ ഇത് രേഖപ്പെടുത്തുന്നു.

അപകടങ്ങളുടെ അന്വേഷണങ്ങളിലെ ഇതിന്റെ പ്രാധാന്യം കാരണം ഈ ഉപകരണം ശക്തമായ ആഘാതങ്ങള്‍ അഗ്‌നി തുടങ്ങിയവയെ അതിജീവിക്കുന്ന തരത്തില്‍ എന്‍ജിനീയറിങ്ങ് ചെയ്ത ശക്തമായ കവചത്തില്‍ നിര്‍മ്മിക്കപ്പെടുകയാണ് ചെയ്യുന്നത്. ബ്ലാക്ക് ബോക്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അപകടാവശിഷ്ടങ്ങളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയത്തക്കവിധം തെളിഞ്ഞ ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള താപപ്രതിരോധ ചായം പൂശപ്പെട്ട രീതിയിലാണ് ഇവ കാണപ്പെടുക, അപകടങ്ങള്‍ തരണം ചെയ്യുന്നതിനായി വിമാനത്തിന്റെ വാലില്‍ ആണ് ഇവ ഘടിപ്പിക്കപ്പെടുക. ഒരു ചെരിപ്പുപെട്ടിയെക്കാള്‍ അല്പം കൂടുതല്‍ വലിപ്പമുള്ള ബ്ലാക്ബോക്സിന് പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കാന്‍ കഴിയും.

ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉരുക്കുകവചമുള്ളതിനാല്‍ വന്‍ അഗ്നിബാധയെപ്പോലും അതിജീവിക്കാനാവും. വെള്ളത്തില്‍ മുങ്ങിപ്പോയാലും പ്രവര്‍ത്തനക്ഷമമായിരിക്കുംഅപകടത്തിനു ശേഷം ആളുകളെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയും മറ്റുള്ളവരെ കണ്ടെടുത്തതിനും ശേഷം ബ്ലാക്ക് ബോക്‌സിനെ കണ്ടെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്.

---- facebook comment plugin here -----

Latest