കേന്ദ്രം ഒളിച്ചുകടത്തുന്നതെന്ത്?

(ഡയറക്ടര്‍, മൈനോരിറ്റി വെല്‍ഫെയര്‍)
Posted on: August 8, 2020 5:04 pm | Last updated: August 8, 2020 at 5:05 pm


1835ലെ മെക്കാളയുടെ മിനുറ്റ്‌സ് മുതല്‍ ആരംഭിക്കുന്നതാണ് ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസത്തിന്റെ ചരിത്രം. 2019ലെ ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കടന്ന് അതിപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന പേരില്‍ നമ്മുടെ മുന്നില്‍ എത്തിക്കഴിഞ്ഞു. ചെറുതും വലുതുമായ അനേകം ചുവടുവെപ്പുകളിലൂടെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസം ഈ നിലയില്‍ എത്തിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ അവകാശങ്ങള്‍, ഓരോ കാലത്തെയും ഭരണകര്‍ത്താക്കളുടെ ഇച്ഛാശക്തി എന്നിവ നമ്മുടെ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മെക്കോള വാശി പിടിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസം അക്കാലത്ത് തുടങ്ങില്ലായിരുന്നു. അബുല്‍ കലാം ആസാദാണ് ബഹുസ്വര വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിന്റെ നാനാര്‍ഥവും ഫെഡറല്‍ സ്വഭാവവും ജനാധിപത്യ അടിസ്ഥാനവും ഉറപ്പാക്കിയത്.

പുതിയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത്, രാജ്യത്തെ യുവത പഠിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ അതിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം എന്നാണ്. അതേസമയം, പ്രതിപക്ഷം അടക്കമുള്ളവര്‍ പങ്കുവെക്കുന്ന സംശയങ്ങളും ഭയാശങ്കകളും അസ്ഥാനത്തല്ല. എന്തിനെയും നിരൂപണം ചെയ്യുന്ന പ്രതിപക്ഷ സമീപനം ഒഴിവാക്കിയാലും ചില സന്ദേഹങ്ങളും സമസ്യകളും ബാക്കിയാണ്, ചില വൈരുധ്യങ്ങളും പ്രകടമാണ്.

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതും കണ്‍കറന്റ് ലിസ്റ്റിന്റെ പ്രസക്തി ഇല്ലാതാക്കുന്നതുമാണ് ദേശീയ വിദ്യാഭ്യാസ നയം എന്ന ആരോപണം ശക്തമാണ്. ശശി തരൂര്‍ പുതിയ നയത്തിന്റെ നല്ല വശങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ അടിസ്ഥാനപരമായ ചില സംശയങ്ങള്‍ ഉന്നയിക്കുന്നു. പാര്‍ലിമെന്റിനെ ബൈപാസ് ചെയ്തതിനെയും കൊക്കിലൊതുങ്ങാത്ത പ്രതീക്ഷകളെയും യാഥാര്‍ഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങളെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ജി ഡി പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്ന് പറയുന്നവരുടെ ഇതുവരെയുള്ള ചെയ്തികള്‍ ആശാവഹമല്ലെന്ന് അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, പാവപ്പെട്ടവന് താങ്ങാന്‍ കഴിയാത്ത വിദ്യാഭ്യാസ ദിനങ്ങളാണ് വരും നാളുകളില്‍ ഉണ്ടാകുക എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്ന, പാവങ്ങളെയും അരികുവത്കരിക്കപ്പെട്ടവരെയും പരിഗണിക്കാത്ത പുതിയ നയത്തെ ഡി രാജയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഒരു ഇന്ത്യ ഒരൊറ്റ തിരഞ്ഞെടുപ്പ്, ഒരു ഇന്ത്യ ഒരൊറ്റ നികുതി എന്നൊക്കെ പറയുന്നതു പോലെ ഒരു ഇന്ത്യ ഒരൊറ്റ വിദ്യാഭ്യാസം എന്ന അതിവൈകാരികത ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് കേരള മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബശീറിന്റെ നിരീക്ഷണം.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും റിസര്‍വേഷനെ കുറിച്ചും പുതിയ വിദ്യാഭ്യാസ നയത്തില്‍ അര്‍ഥഗര്‍ഭമായ മൗനമാണെന്നും ഭാഷാ നയം മറ്റു പലതിനെയും ഒളിച്ചു കടത്തുന്നുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.

മാറ്റം എന്ത്, എന്തിന്, എപ്പോള്‍, ആര്‍ക്കു വേണ്ടി എന്നത് വളരെ പ്രസക്തമാണ്. ഘടനയിലും ഉള്ളടക്കത്തിലും ലക്ഷ്യത്തിലും മാര്‍ഗത്തിലും എല്ലാം മാറ്റമുണ്ട്. ചിലത് രൂപ മാറ്റവും പേര് മാറ്റവുമാണ്. മറ്റു ചിലത് അതിനപ്പുറവും എത്തും. അതുതന്നെയാണ് സംഘ്പരിവാറുകാരല്ലാത്തവരെ ഈ പുതിയ വിദ്യാഭ്യാസ നയം ആശങ്കപ്പെടുത്തുന്നത്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ആറ് വയസ്സ് മുതല്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ആരംഭിച്ചിരുന്നിടത്താണ് മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസം തുടങ്ങുന്നത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്തതും അന്താരാഷ്ട്ര ബാലമനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് യോജിക്കാത്തതുമാണ് ഈ തീരുമാനമെന്ന് നിരൂപണം ഉയര്‍ന്നു കഴിഞ്ഞു. മൂന്ന് വര്‍ഷ ഡിഗ്രി നാല് വര്‍ഷമാക്കുന്നത് വിദേശ മാര്‍ക്കറ്റിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. എംഫില്‍ എന്ന ഗവേഷണത്തിലേക്കുള്ള വാതില്‍ എടുത്തുകളഞ്ഞത് പ്രത്യേക ആവശ്യമില്ല എന്നതുകൊണ്ടാണെന്നും പറയുന്നു. ഗവേഷണത്തിനു മുന്നോടിയായ എംഫില്‍ കോഴ്‌സ് ഗൗരവതരമായ ഗവേഷണത്തെ ഉറപ്പാക്കുന്ന മൂലക്കല്ലായിരുന്നു.

ALSO READ  ഓണ്‍ലൈന്‍ പഠനത്തിന്റെ നൂറ് ദിനങ്ങള്‍

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറയിട്ടവരുടെ മനസ്സിന് വിശാലതയും ആരോഗ്യകരമായ അധികാര വികേന്ദ്രീകരണ ബോധവുമുണ്ടായിരുന്നു. അവര്‍ പടുത്തുയര്‍ത്തിയ നിലപാടുതറയില്‍ നിന്നാണ് ഏക നിയന്ത്രണ അതോറിറ്റി എന്ന വിഷവിത്ത് കൊവിഡ് കാല നിസ്സഹായതയില്‍ തിടം വെക്കുന്നത്.

ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസം എന്നതാണ് ആധുനിക കാഴ്ചപ്പാട്. അന്ധവിശ്വാസങ്ങളെ നിരാകരിക്കുന്ന, അബദ്ധ ധാരണകളില്‍ നിന്ന് മുക്തമായ യുക്തിപൂര്‍ണവും ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. അതിന് പകരം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഐതിഹ്യങ്ങളെയും വിശ്വാസത്തിന്റെ കുഴിമാടങ്ങളില്‍ നിന്ന് തപ്പിയെടുത്ത് വിദ്യാര്‍ഥികളുടെ മുമ്പില്‍ എത്തിക്കുകയാണ് പുതിയ നയത്തിലൂടെ ഭരണകൂടം ചെയ്യുന്നത്. സ്വയം സേവക് നേതാവ് ബാലാ മുകുന്ദ് പാണ്ഡെ പങ്കുവെച്ചത്, ഞങ്ങള്‍ സമര്‍പ്പിച്ച 80 ശതമാനം നിര്‍ദേശങ്ങളും സമിതി അംഗീകരിച്ചു എന്നാണ്. അദ്ദേഹത്തിന്റെ സന്തോഷ വാക്കുകള്‍ പൊയ്‌വാക്കുകള്‍ ആകാന്‍ തരമില്ല.

പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷാ നയവും അത്ര ശുഭകരമല്ല. വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏത് ഭാഷ പഠിക്കണമെന്നതും ഏത് ഭാഷയില്‍ പഠിക്കണമെന്നതും. ഭാഷകള്‍ ഏതും മനുഷ്യകുലത്തിന്റെ പൊതു പൈതൃകമാണ്. അതില്‍ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ല. ദേശ രാഷ്ട്ര അതിരുകള്‍ മാപ്പിലെ വരകള്‍ മാത്രമാകുന്ന ഡിജിറ്റല്‍ ഭാഷയുടെ കാലത്ത് ഏതെങ്കിലും ഒരു ഭാഷയെ മുഖ്യധാരയുടെ ആകത്തുകയാക്കുന്നത് ആഗോള വിദ്യാഭ്യാസത്തിന് എതിരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദര്‍ശനത്തില്‍ പറയുന്ന വിശ്വമാനവികതക്ക് അത് നിരക്കുന്നതുമല്ല. ഒരു ഭാഷയും യജമാനമോ ദാസ്യമോ ആയ ഭാഗങ്ങള്‍ അഭിനയിക്കേണ്ടതുമില്ല.

പുതിയ വിദ്യാഭ്യാസ നയത്തില്‍ പലയിടങ്ങളിലായി ഭാഷയെ കുറിച്ച് 120ല്‍ പരം പരാമര്‍ശങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഭാഷകളെ കുറിച്ച് 34 പ്രാവശ്യം സൂചനകള്‍ നല്‍കുന്ന വിദ്യാഭ്യാസ നയം 23 പ്രാവശ്യം സംസ്‌കൃത ഭാഷയെ പരാമര്‍ശിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ ഇരുപത് കോടിയോളം വരുന്ന മുസ്്ലിംകളുടെ സാംസ്‌കാരിക ഭാഷയായ അറബിയെ കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഭാഷയാണല്ലോ അത്.

ലോകത്തെ 28 കോടിയോളം ജനങ്ങളുടെ മാതൃ ഭാഷയാണല്ലോ അത്. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ വാണിജ്യ, സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഭാഷയാണല്ലോ അത്. അവിടെ പോയി ജീവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ലെന്ന ചിന്ത നമ്മുടെ വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് എന്നാണുണ്ടാകുക!
സ്ഥാനത്തും അസ്ഥാനത്തും വരുന്ന ഭാരതീയത ഏറെ ഭയാശങ്കകള്‍ കോരി നിറക്കുന്നത് യാദൃച്ഛികമല്ല. ഭാരതം എന്റെ നാടാണ്, അതിന്റെ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നു എന്ന് നാമെല്ലാവരും സ്വയമേവ പറഞ്ഞിരുന്ന പഴയ കാലമല്ലിത്. സിനിമാ കൊട്ടകയില്‍ പടം കണ്ട് ഉറങ്ങിപ്പോയ ഒരുത്തനെ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്നുപറഞ്ഞ് ആള്‍ക്കൂട്ട വിചാരണ നടത്തി ശിക്ഷ വിധിച്ച ഉന്മാദ അതിദേശീയതയുടെ കാലമാണിത്. ആ കാലത്ത് ഭാരതവത്കരണം എന്ന പ്രയോഗം ചില അപകട സൂചനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍, കലകള്‍, പാരമ്പര്യം, മൂല്യങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ അതില്‍ ആദിവാസിയുടെയും ആര്യന്റെയും ദ്രാവിഡന്റെയും ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ജൂതന്റെയും എന്നു വേണ്ട എല്ലാ മതങ്ങളുടെയും ഗോത്രങ്ങളുടെയും സംസ്‌കൃതികള്‍ ഉള്‍ച്ചേരണം. അതിന് വേണ്ട ഭരണ, രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കാന്‍ നമ്മെ നയിക്കുന്നവര്‍ക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം.

ALSO READ  ഒടുവില്‍ നിയമന നിരോധനവും