Connect with us

National

അഖിലേഷ് യാത്രയായത് ആദ്യ കൺമണിയെ കാണാതെ

Published

|

Last Updated

കോഴിക്കോട് | വിമാനപകടത്തിൽ പെട്ട് മരിച്ച സഹക്യാപ്റ്റൻ അഖിലേഷ് ഈ ലോകത്തോട് വിട പറയുന്നത് ആദ്യ കൺമണിയെ കാണാൻ ദിവസങ്ങൾ ശേഷിക്കേയും ഗർഭിണിയായ ഭാര്യയെ തനിച്ചാക്കിയും. അഖിലേഷ്- മേഘ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ഈ മാസം 18നായിരുന്നു മേഘക്ക് ഡോക്ടർ പ്രസവത്തിനുള്ള തീയതി കുറിച്ചുനൽകിയിരുന്നത്. എന്നാൽ ഇന്നലെ നടന്ന വിമാനദുരന്തം ഈ കുടുംബത്തെ തോരാക്കണ്ണീരിലാഴ്ത്തി.

ഉത്തർ പ്രദേശിലെ മഥുര ജില്ലയിലുള്ള ഗോവിന്ദ് നഗർ, പോത്തരാക്കുഡ് ഗ്രാമവാസിയാണ് അഖിലേഷ് കുമാർ ശർമ. നാല് മക്കളുള്ള കുടുംബത്തിലെ രണ്ടാമനായിരുന്നു അഖിലേഷ്. മൂത്ത സഹോദരിയും വിവാഹിതയാണ്. ഇളയ അനുജൻ രാഹുൽ അവിവാഹിതനും ബിസിനസ്സുകാരനുമാണ്.ഏറ്റവും ഇളയ സഹോദരൻ രോഹിത് വിദ്യാർത്ഥിയും.

2017 ലാണ് അഖിലേഷ് എയർ ഇന്ത്യയിൽ ജോയിൻ ചെയ്യുന്നത്. വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയിരുന്ന അഖിലേഷെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഈ വർഷം മെയ് എട്ടിന് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള അദ്യ ദുബൈ എയർ ഇന്ത്യാ എക്‌സ്പ്രസ് കരിപ്പൂരിലെത്തിയപ്പോൾ അതിന്റെ ക്യാപ്റ്റനായ അഖിലേഷിനെ എയർപോർട്ടിൽ കാത്തു നിന്ന ജനക്കൂട്ടം വീരനായക പരിവേഷത്തോടയാണ് സ്വീകരിച്ചത്. എന്നാൽ അതേ വ്യക്തി ഇന്നലെ രാത്രി കരിപ്പൂരിലെ റൺവേ തൊട്ടത് തന്റെ അവസാന യാത്രയായിട്ടായിരുന്നു. സ്വന്തം ജീവൻ ബലിയർപ്പിച്ച് സഹജീവികളുടെ ജീവന് വേണ്ടി പട പൊരുതിയ വീരനായകർക്കൊപ്പം തന്നെയാണ് ഇനി അഖിലേഷിന്റെയും സ്ഥാനം.

Latest