ജീവന്റെ വിലയറിഞ്ഞ ദിവസം; മറക്കാനാകില്ല ഈ രാത്രി

Posted on: August 8, 2020 2:52 pm | Last updated: August 8, 2020 at 9:41 pm

കരിപ്പൂർ| ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ദിവസമെന്നാണ് കൊണ്ടോട്ടി എയർപോർട്ട് ക്രോസ് റോഡിൽ പാലക്കാപറമ്പ് മുതലേക്കോടം വീട്ടിൽ അഭിലാഷിന് ഇന്നലത്തെ രാത്രിയെ കുറിച്ച് പറയാനുള്ളത്. ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. വിമാനത്താവളത്തിൽ എന്തോ അപകടം സംഭവിച്ചെന്ന് മനസ്സിലായ ഉടൻ പിക് അപ് എടുത്തുകൊണ്ട് കൂട്ടുകാരെയും വിളിച്ച് അങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു. എയർപോർട്ട് ക്രോസ് റോഡിലെ ഗേറ്റിലെത്തിയപ്പോഴേക്കും പോലീസ് തടഞ്ഞു. ചില നാട്ടുകാർ അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. അകത്ത് നിന്ന് നിലവിളികൾ കേൾക്കുന്നുണ്ടായിരുന്നു. ഒടുവിൽ പോലീസുകാരോടും സെക്യൂരിറ്റിക്കാരോടും തർക്കിച്ചാണ് ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിൽ പ്രവേശിച്ചതെന്ന് അഭിലാഷ് പറഞ്ഞു.

നടുവെ മുറിഞ്ഞ് മൂന്ന് കഷ്ണമായ വിമാനവും അതിനുള്ളിൽ ജീവന് വേണ്ടി മുറവിളി കൂട്ടുന്ന ആളുകളുമാണ് അദ്യം കണ്ണിൽപ്പെട്ടത്. വിമാനത്തിന്റെ പിൻഭാഗം കുന്നിൻ മുകളിൽ നിന്ന് താഴേക്ക് കുത്തിയ നിലയിലും മുൻഭാഗം വേറിട്ട് മാറിയ നിലയിലുമായിരുന്നു. അതിനുള്ളിൽ നിന്ന് രക്ഷിക്കണേ എന്നുള്ള നിലവിളികൾ ഉയരുന്നുണ്ടായിരുന്നു. കൂടുതലൊന്നും ചിന്തിക്കാതെ ആദ്യം കണ്ട സീറ്റിനടിയിൽ കുടുങ്ങിയ പുരുഷനെ രക്ഷിക്കാനായി കൈയിൽ പിടിച്ച് മുകളിലേക്ക് വലിച്ചെങ്കിലും കൈകൾ അടർന്ന് എന്റെ കൈയിലെത്തി. വേദനയോടെ ഇടറിയ ശബ്ദത്തോടെ അഭിലാഷ് പറഞ്ഞു നിർത്തി. തുടക്കത്തിലുണ്ടായ മരവിപ്പിന് ശേഷം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. കൊവിഡാണ് സൂക്ഷിക്കണമെന്നൊക്കെ എവിടെ നിന്നൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു ദുർഘടാവസ്ഥയിൽ സ്വന്തം ജീവന്ർറെ സുരക്ഷിതത്വത്തിനപ്പുറം ‌കൈയ്മെയ് മറന്ന് ജീവന് വേണ്ടി പിടയുന്നവർക്ക് കൈത്താങ്ങാകാനാണ് ശ്രമിച്ചതെന്ന് അഭിലാഷ് പറഞ്ഞു.

മധ്യത്തിലുണ്ടായിരുന്നവരെ വളരെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മുന്നിലും പിന്നിലും ഉണ്ടായിരുന്നവരുടെ അവസ്ഥ ദയനീയമായിരുന്നു. മതിൽ പൊളിച്ചാണ് പൈലറ്റ് ഉൾപ്പെടെ മുൻഭാഗത്തു ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ഈ സമയത്ത് അംബുലൻസുകളൊന്നും സ്ഥലത്തെത്തിയിട്ടില്ലാത്തതിനാൽ ആദ്യം രക്ഷപ്പെടുത്തിയവരെ പിക്ക് അപ്പിൽ കയറ്റിയാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.