Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്; സര്‍വീസുകള്‍ പുനഃരാരംഭിച്ചു

Published

|

Last Updated

കൊണ്ടോട്ടി | നാടിനെ നടുക്കിയ ദുരന്തത്തില്‍ പകച്ചുപോയ കരിപ്പൂര്‍ വിമാനത്താവളം മെല്ലെ സാധാരണ നിലയിലേക്ക്. ദുരന്തത്തെ തുടര്‍ന്ന അടച്ച വിമാനത്താവളം ഭാഗീകമായി പ്രവര്‍ത്തനം പുനഃരാരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കും ഇന്ന് രാവിലെ 11.30നും ഇടയില്‍ അഞ്ച് വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തി.

പുലര്‍ച്ചെ മൂന്ന് മണിക്ക് അബൂദബിയിലേക്കുള്ള വിമാനാണ് ദുരന്തത്തിന് ശേഷം ആദ്യം പുറപ്പെട്ടത്. ഇതിന് ശേഷം നാല് ആഭ്യന്തര സര്‍വീസുകളും നടന്നു. ആഭ്യന്തര സര്‍വീസുകളില്‍ മൂന്നെണ്ണം മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് വിഐപികളുമായാണ് എത്തിയത്. ശനിയാഴ്ച ഉച്ചക്ക് 2.25ന് ബംഗളൂരു വിമാനവും കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തും. 4.25 എയര്‍ ഇന്ത്യ ദുബൈ വിമാനവും, ഒന്‍പത് മണിക്ക് ദുബൈ ഫ്‌ളൈ ദുബൈ വിമാനവും ഇന്ന് സര്‍വീസ് നടത്തുമെന്ന് വിമാനത്താളവ അധികൃതര്‍ സിറാജ്‌ലൈവിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്തി 7.45ഓടെയാണ് കരിപ്പൂരില്‍ വന്‍ദുരന്തമുണ്ടായത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയും നെടുകെപിളരുകയുമായിരുന്നു. 18 പേര്‍ ദുരന്തത്തില്‍ മരിച്ചു. 123 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു. കരിപ്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും കണ്ണൂരിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്തിരുന്നത്.