മൗന റിപ്പബ്ലിക്കിലെ ജയ് ശ്രീറാം വിളികള്‍

ഭൂമി പൂജയുടെ പുരോഹിതനും തറക്കല്ലിടലിന്റെ കാര്‍മികനുമായി പ്രധാനമന്ത്രി മോദി മാറുമ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. മതനിരപേക്ഷ ജനാധിപത്യമെന്നത് ഭരണഘടനയിലെ അര്‍ഥരഹിതമായ പ്രയോഗമായി മാത്രമേ ഇനി നിലനില്‍ക്കൂ എന്ന സന്ദേശം. പുതിയ ചരിത്രത്തിന്റെ തുടക്കമാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അതുകൊണ്ട് കൂടിയാണ്.
Posted on: August 7, 2020 12:41 pm | Last updated: August 8, 2020 at 4:57 pm

പ്രധാന സേവകന്‍ എന്നാണ് പ്രധാനമന്ത്രി സ്വയം വിശേഷിപ്പിക്കാറുള്ളത്, അധികാര കേന്ദ്രീകരണത്തിന്റെ തോതും ഏകപക്ഷീയ തീരുമാനങ്ങളുടെ അടിച്ചേല്‍പ്പിക്കലും കണക്കിലെടുത്താല്‍ ആ വിശേഷണത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെങ്കിലും. പ്രധാന സേവകന്‍ പ്രധാന പുരോഹിതന്‍ കൂടിയാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജ്യം അയോധ്യയില്‍ കണ്ടത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍. പ്രധാന പുരോഹിതനാണ് ഇനിയങ്ങോട്ട് പ്രധാന സേവകനെന്ന പ്രഖ്യാപനമായി അതിനെ കാണുന്നതാകും കൂടുതല്‍ ശരി. പുരാണേതിഹാസങ്ങളില്‍ രാജാവിനെ നാടുവാഴുന്ന വ്യക്തി മാത്രമായല്ല വ്യവഹരിക്കുന്നത്, രാജര്‍ഷിയായാണ്. ഋഷിതുല്യനായി, ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണം നടത്തുന്ന വ്യക്തിയെന്ന സങ്കല്‍പ്പത്തില്‍ കൂടിയാണ് ഈ പ്രയോഗം. ആ പ്രതിച്ഛായ സ്വയം ചാര്‍ത്തിയെടുക്കുന്നതിനൊപ്പം ഇനിയങ്ങോട്ട് ഭൂരിപക്ഷ മതത്തിന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണമെന്ന പ്രഖ്യാപനം കൂടി നടത്തുകയായിരുന്നു നരേന്ദ്ര മോദി.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് തീര്‍ത്തും നിയമവിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്നും സുപ്രീം കോടതി വിധിച്ചു. കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്ന ട്രസ്റ്റ് ക്ഷേത്ര നിര്‍മാണം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. തര്‍ക്കങ്ങളെല്ലാം തീര്‍ന്ന്, ഹിന്ദുക്കളുടേതെന്ന് സുപ്രീം കോടതി വിധിച്ച സ്ഥലത്ത് ക്ഷേത്ര നിര്‍മാണം തുടങ്ങുക എന്നത് കേവലമൊരു നടപടിക്രമം മാത്രമാണ്. രാമക്ഷേത്ര നിര്‍മാണമെന്നത് അജന്‍ഡയായി എടുക്കുകയും ബാബരി മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൈ എടുക്കുകയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി അധികാരത്തിലിരിക്കെ പ്രധാനമന്ത്രി തറക്കല്ലിടല്‍ ചടങ്ങിനെത്തുക എന്നത് അത്ഭുതമുളവാക്കുന്നില്ല. എന്നാല്‍ ഭൂമി പൂജയുടെ പുരോഹിതനും തറക്കല്ലിടലിന്റെ കാര്‍മികനുമായി പ്രധാനമന്ത്രി മോദി മാറുമ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്.

മതനിരപേക്ഷ ജനാധിപത്യമെന്നത് ഭരണഘടനയിലെ അര്‍ഥരഹിതമായ പ്രയോഗമായി മാത്രമേ ഇനി നിലനില്‍ക്കൂ എന്ന സന്ദേശം. പുതിയ ചരിത്രത്തിന്റെ തുടക്കമാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അതുകൊണ്ട് കൂടിയാണ്.
ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് വേഗം കൂടിയിരുന്നു. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് ഇനിയധികം ദൂരമില്ലെന്ന് ആര്‍ എസ് എസിന്റെ സര്‍ സംഘ്ചാലക് പ്രഖ്യാപിക്കുന്നത് പലകുറി രാജ്യം കേട്ടു. 2019ല്‍ വര്‍ധിച്ച ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുകയും പ്രതിപക്ഷ നിര കൂടുതല്‍ ചിതറി കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തതോടെ മുമ്പ് മാറ്റിവെച്ച അജന്‍ഡകളുടെ നടപ്പാക്കല്‍ എളുപ്പത്തിലായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ ഏതാനും മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. ആ തീരുമാനത്തിന് ഒരു വയസ്സ് പൂര്‍ത്തിയാകുന്ന ദിവസമാണ് അയോധ്യയിലെ തറക്കല്ലിടലെന്നത് യാദൃച്ഛികമല്ല. പൗരത്വ നിയമ ഭേദഗതിയായിരുന്നു അടുത്തത്. രാജ്യത്തെ പൗരന്‍മാരില്‍ ഹിന്ദുക്കള്‍ക്ക്, അല്ലെങ്കില്‍ ഹിന്ദുക്കളെന്ന് ഭരണകൂടം കരുതുന്നവര്‍ക്കുള്ള അവകാശാധികാരങ്ങളൊന്നും ഇതര മത വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു ആ ഭേദഗതിയിലൂടെ. പൗരത്വ നിയമ ഭേദഗതിയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ രാജ്യ വിരുദ്ധമായി ചിത്രീകരിക്കുകയാണ് സര്‍ക്കാറും സംഘ്പരിവാരവും ചെയ്തത്.

അതിന്റെ അടുത്ത ഘട്ടമാണ് അയോധ്യയില്‍ ആരംഭിക്കുന്നത്. ഹിന്ദു മതത്തിന്റേത് എന്ന് സംഘ്പരിവാരം കരുതുന്നതൊക്കെ രാജ്യത്തിന്റെ രീതിയും മര്യാദയുമായി മാറുന്ന ഘട്ടം. അതിന്റെ യുക്തിരാഹിത്യത്തെയോ നിയമവിരുദ്ധതയെയോ ചൂണ്ടിക്കാണിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്ന ഘട്ടം. അവിടെ മതനിരപേക്ഷ ജനാധിപത്യ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരുടെ സംരക്ഷണത്തിനോ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനോ ഭരണഘടനയുണ്ടാകില്ല, ഭരണഘടനാ സ്ഥാപനങ്ങളുമുണ്ടാകില്ല. ഭരണകൂടം പറയുന്നതാകും നിയമം. അതിനെ വ്യാഖ്യാനിക്കുന്നതാകും നീതിനിര്‍വഹണം. ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കിക്കൊടുക്കുന്നതാകും ഭരണഘടനാ സ്ഥാപനങ്ങള്‍. ബാബരി ഭൂമി സംബന്ധിച്ച കേസില്‍ സുപ്രീം കോടതി തെളിച്ച പാതയും അതായിരുന്നു. രാജര്‍ഷി പറയുന്നത് രാജ്യത്തിന് വേദവാക്യമാകുന്ന കാലം. രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് നടപ്പാകുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞത് അതുകൊണ്ടാണ്.
രാമക്ഷേത്ര നിര്‍മാണത്തെ സഹര്‍ഷം സ്വാഗതം ചെയ്ത്, അത് ജനങ്ങളുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് എന്ന് പ്രഖ്യാപിക്കുമ്പോള്‍ പുതിയ കാലത്തെ വിയോജിപ്പൊന്നുമില്ലാതെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സുപ്രീം കോടതി വിധിയനുസരിച്ച് ക്ഷേത്ര നിര്‍മാണം ആരംഭിക്കുമ്പോള്‍ അത് രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കും വിധത്തിലാകരുത് എന്ന് പറയാന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഭൂരിപക്ഷ മതത്തിന്റെ ഇംഗിതമായി സംഘ്പരിവാരം മുന്നോട്ടുവെക്കുന്നവയെ അംഗീകരിച്ച് മുന്നോട്ടുപോകുക മാത്രമേ കരണീയമായുള്ളൂവെന്ന് അംഗീകരിക്കുകയാണ് അവര്‍. ദുര്‍ബലമെങ്കിലും മുഖ്യ പ്രതിപക്ഷമായി ഇപ്പോഴും കണക്കാക്കപ്പെടുന്ന ഒരു പാര്‍ട്ടി ഇങ്ങനെ പെരുമാറുമ്പോള്‍ മതനിരപേക്ഷ ജനാധിപത്യമായി, ബഹുസ്വര സമൂഹമായി രാജ്യം തുടരണമെന്ന് ആഗ്രഹിക്കുന്ന ചെറു ശബ്ദങ്ങള്‍ പോലും തമസ്‌കരിക്കപ്പെടുകയാണ്. ജയ് ശ്രീറാം വിളികള്‍ മുഴങ്ങുന്ന മാധ്യമ മുറികള്‍ കൂടിയാകുമ്പോള്‍ ആ തമസ്‌കരണം പൂര്‍ണമാകുകയും ചെയ്യുന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, ജനസംഖ്യയില്‍ 20 ശതമാനം വരുന്ന ന്യൂനപക്ഷം വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളപ്പെട്ടത്. മസ്ജിദിന് തകരാറൊന്നുമുണ്ടാകില്ലെന്ന് ഭരണകൂടം, പരമോന്നത കോടതിക്ക് കൊടുത്ത ഉറപ്പ് കൂടിയാണ് അന്ന് തകര്‍ക്കപ്പെട്ടത്. അന്ന് നടന്നത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന് പരമോന്നത കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടും തകര്‍ച്ചക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ആ നീതിനിഷേധം ചൂണ്ടിക്കാട്ടാന്‍ പോലും രാജ്യത്ത് ശബ്ദമില്ലാതാകുന്നത്, സമ്പൂര്‍ണമായ കീഴടങ്ങലിന്റെ തെളിവായി വേണം കാണാന്‍.

1949 ഡിസംബര്‍ 22നും 23നും ഇടയിലുള്ള രാത്രിയില്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോള്‍, അത് നീക്കം ചെയ്യണമെന്നും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും പറയാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവുണ്ടായിരുന്നു. ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും അത് പറയാന്‍ ഒരാളുണ്ടെന്ന തോന്നല്‍ പ്രധാനമായിരുന്നു. വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസം നടത്താന്‍ 1989ല്‍ ബാബരി മസ്ജിദ് തുറന്നുകൊടുക്കുമ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത ചേരി രാജ്യത്തുണ്ടായിരുന്നു. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് ആരംഭിച്ച രഥയാത്ര തടഞ്ഞ് എല്‍ കെ അഡ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ഇച്ഛാശക്തി കാണിച്ച രാഷ്ട്രീയ നേതൃത്വം 1991ല്‍ രാജ്യത്തുണ്ടായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ മതനിരപേക്ഷ സമൂഹത്തിന് ഏറ്റവും വലിയ ആഘാതമാണിതെന്ന് പറയാനും ആളുകളുണ്ടായിരുന്നു. ആ ശബ്ദം രാജ്യത്ത് മുഴങ്ങുകയും ചെയ്തു. ഹിന്ദുത്വ വര്‍ഗീയതയുടെ ആസുരതയെ വിമര്‍ശിക്കാന്‍ മാധ്യമങ്ങളുമുണ്ടായിരുന്നു. പ്രധാന സേവകന്‍, പ്രധാന പുരോഹിതനായി ഹിന്ദു രാഷ്ട്രത്തിന് ശിലയിടുമ്പോള്‍ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ക്ക് ശക്തിയില്ലെന്നതാണ് ഏറ്റം ദൗര്‍ഭാഗ്യകരം.

നിങ്ങള്‍ പറഞ്ഞ 130 കോടിയില്‍ ഞങ്ങളില്ലെന്ന് പ്രഖ്യാപിക്കുന്ന ചെറു ശബ്ദങ്ങളുണ്ട്. ഹിന്ദുത്വ പാരമ്പര്യം അംഗീകരിക്കുന്ന മതനിരപേക്ഷ വാദികളാണ് ഞങ്ങളെന്ന് അവരെക്കൊണ്ട് കൂടി പറയിക്കാനാകും ഇനി ഭരണകൂടത്തിന്റെ ശ്രമം. അടിമത്വത്തില്‍ നിന്നുള്ള മോചനം ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെക്കുമ്പോള്‍ ഹിന്ദുത്വ വര്‍ഗീയതയെ കൂടുതല്‍ ജ്വലിപ്പിക്കുകയാണ് അദ്ദേഹം. അടിമത്വത്തിന്റെ പ്രതീകങ്ങളായി സംഘ്പരിവാര്‍ കാണുന്നവയെ ഇല്ലാതാക്കണമെന്ന ആഹ്വാനവും അതില്‍ അടങ്ങിയിട്ടുണ്ട്. അടിമത്വമെന്ന് സംഘ്പരിവാരം വിശേഷിപ്പിക്കുന്നതിനെ, ബഹുസ്വര സമൂഹമായി തുടര്‍ന്നു പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നവരെ, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ജനാധിപത്യത്തിന്റെ കാതലാണെന്ന് കരുതുന്നവരെ നിശ്ശബ്ദരാക്കാനുള്ള മൗനാനുവാദം കൂടിയാണത്.