Connect with us

Kerala

ഇടുക്കി ജില്ലയില്‍ വ്യാപക മഴ; മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍

Published

|

Last Updated

ഇടുക്കി | മഴ കനത്തതോടെ ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങള്‍ പ്രളയ ഭീഷണിയില്‍. മുണ്ടക്കയം കൂട്ടിക്കലിലും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ വെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞു. ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. ഈ പ്രദേശത്തെ വീടുകളിലും വെള്ളംകയറി. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് വല്യന്തയിലും കൊടുങ്ങയിലുമാണ് ഉരുള്‍ പൊട്ടിയത്. വൈകുന്നേരം 6.30നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് പുല്ലുകയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇളങ്കാട് ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

മണിമലയാറ്റില്‍ ജലനിരപ്പും ഉയര്‍ന്നു നില്‍ക്കുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരം മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അടിവാരം, പെരിങ്ങുളം, മുഴയന്‍മാവ് എന്നിവിടങ്ങളില്‍ വെള്ളം കയറി. പെരിങ്ങുളത്ത് നദി പാലത്തിനൊപ്പമാണ് ഒഴുകുന്നത്.

മീനച്ചിലാര്‍ പൂഞ്ഞാര്‍ ഭാഗത്ത് കരകവിഞ്ഞ നിലയിലാണ്. പ്രദേശത്ത താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. ഈരാറ്റുപേട്ട, തീക്കോയി, വാഗമണ്‍, കോട്ടത്താവളം, അടിവാരം, പൂഞ്ഞാര്‍ മേഖലയില്‍ രാത്രിയിലും കനത്ത മഴ തുടരുകയാണ്.
അതിനിടെ ഇടുക്കിയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.