Connect with us

Gulf

രേഖകളുടെ അതിവേഗ സ്ഥിരീകരണത്തിന് ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം

Published

|

Last Updated

ദുബൈ | അംഗീകൃത യാത്രാ രേഖകളുടെ സ്ഥിരീകരണത്തെ പിന്തുണക്കുന്ന ഡിജിറ്റൽ ശേഖരണ പ്ലാറ്റ് ഫോം ജി ഡി ആർ എഫ് എ ദുബൈ ഉദ്ഘാടനം ചെയ്തു. ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്ന പേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം, കൃത്രിമ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും.

ദുബൈ എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ് ഡിജിറ്റൽ സംവിധാനത്തിന് സമാരംഭം കുറിച്ചത്. ഈ സംവിധാനത്തിൽ ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാർഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനധികൃതമായ കടന്നുകയറ്റം തടയും.

രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ദുബൈ സർക്കാറിന്റെ ഡിജിറ്റൽ പരിവർത്തനങ്ങളിൽ കൂടുതൽ നവീനത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി ഡി ആർ എഫ് എ ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റത്തിന് തുടക്കം കുറിച്ചത്.
നെതർലാൻഡ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നിവയുടെ അംഗത്വം ഉൾപെടുന്ന എഡിസൺ ടി ഡി പോലുള്ള സിസ്റ്റങ്ങൾക്ക് സമാനമാണ് ഈ സംവിധാനം. യാത്രാ രേഖകൾ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകൾ കണ്ടെത്തുന്നതിനുമുള്ള അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ഇതെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പ്രസ്താവിച്ചു.

സംവിധാനം രാജ്യത്തിന്റെ സുരക്ഷയും ഡിജിറ്റൽ സംവിധാന വേദിയും കൂടുതൽ മെച്ചപ്പെടുത്തുന്നു. കൃത്രിമ രേഖകളുടെ കണ്ടെത്തലുകൾക്ക് സഹായിക്കുന്ന ജി ഡി ആർ എഫ് എയുടെ കേന്ദ്രമാണ് ‘ഡോക്യുമെന്റ് ഇൻസ്‌പെക്ഷൻ സെന്റർ”. ഈ കേന്ദ്രം അന്താരാഷ്ട്ര അംഗീകാരമുള്ളതാണെന്നും കെട്ടിച്ചമച്ച ഏതു രേഖകളും അതിവേഗം തിരിച്ചറിയാനും ഡോക്യുമെന്റ് ഇൻസ്‌പെക്ഷൻ സെന്റർ സഹായിക്കുന്നുവെന്ന് മേജർ ജനറൽ വെളിപ്പെടുത്തി.

ഈ മേഖലകളിൽ ജി ഡി ആർ എഫ് എയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി കൊണ്ട് രാജ്യത്തിന്റെ സുരക്ഷാ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച നൂതന പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ വകുപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും ഉദ്ഘാടനച്ചടങ്ങിൽ അധികൃതർ വിശദീകരിച്ചു. ദുബൈ വിമാനത്താവളത്തിലുള്ള ‘ഡോക്യുമെന്റ് ഇൻസ്‌പെക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റു പദ്ധതികളും അവതരിപ്പിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest