Connect with us

Kerala

സ്വപ്നക്ക് ശിവശങ്കറുമായി അടുത്ത ബന്ധം; ബാഗേജ് വിട്ടുകിട്ടാന്‍ സഹായം തേടി: കോടതിയില്‍ എന്‍ഐഎ

Published

|

Last Updated

കൊച്ചി | ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍. വിവാദ ബാഗേജ് വിട്ടുനല്‍കാന്‍ ഇടപെടുന്നതിന് ശിവശങ്കറിനോട് സ്വപ്‌ന അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ ശിവശങ്കര്‍ ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും എന്‍ഐഎ സംഘം വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ശിവശങ്കറിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് സ്വപ്‌ന നീങ്ങിയതെന്നും സ്‌പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് ശിവശങ്കറാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സ്വപ്‌ന-ശിവശങ്കര്‍ ബന്ധം എന്‍ഐഎ കോടതിയില്‍ ഉന്നയിക്കുന്നത് ഇതാദ്യമാണ്. ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കറിനോട് അഭ്യര്‍ഥിച്ചപ്പോള്‍ അതില്‍ സ്വര്‍ണമാണ് എന്ന് സ്വപ്‌ന പറഞ്ഞിരുന്നോ എന്നത് എന്‍ഐഎ വ്യക്തമാക്കുന്നില്ല. അങ്ങിനെ പറഞ്ഞിരുന്നുവെന്ന് വ്യക്തമായാല്‍ ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത് എന്ന് വരികയും അദ്ദേഹത്തിന് എതിരെ കുരുക്കുകള്‍ മുറുകുകയും ചെയ്യും.

സ്വര്‍ണക്കടത്ത് നികുതി വെട്ടിപ്പ് കേസ് മാത്രമാണെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കേസ് ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.