Connect with us

International

ഇന്ന് ഹിരോഷിമ ദിനം: ആദ്യ അണുബോംബ് പ്രയോഗത്തിന് 75 വര്‍ഷം

Published

|

Last Updated

ടോക്കിയോ | ഇന്ന് ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ജപ്പാനിലെ ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യര്‍ക്കു നേരെ അണുബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.

1945 ജൂലൈ 25-ന് അമേരിക്കന്‍ വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറലായ കാള്‍ സ്പാര്‍ട്‌സിന് ജപ്പാനിലെ രണ്ടു നഗരങ്ങളില്‍ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറല്‍ പോള്‍ടിബ്റ്റ്സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി-29 ബോംബര്‍ വിമാനമായ എനോള ഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റില്‍ ബോയി എന്നായിരുന്നു ബോംബിന്റെ പേര്.

യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ഈ ബോംബിന് 12,500 ടണ്‍ ടി.എന്‍.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിച്ച സ്‌ഫോടനത്തില്‍ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി. അതിലും ഇരട്ടിയാളുകള്‍ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.

(With Wikipedia inputs)

---- facebook comment plugin here -----

Latest