Connect with us

Kasargod

കാസർകോട്ട് അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമെന്ന് ജില്ലാ കലക്ടര്‍

Published

|

Last Updated

കാസർകോട് |  സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍,ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളിൽ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്,കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അടിയന്തര സാഹചര്യം നേരിടുന്നതിന് 21 സി എഫ്എല്‍ ടിസികളായി 4300 കിടക്കകളും സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഒരിടത്തേക്കുമുള്ള അനാവശ്യ യാത്ര അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സോപ്പോ സാനിറ്റസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കിയും പൊതുയിടങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കിയും എല്ലാവരും ജില്ലാഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ആളുകൾ കൂട്ടം കൂടുന്ന പൊതു, സ്വകാര്യ ചടങ്ങുകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കില്ല 

ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ആഗസ്റ്റ് 06 ന് രാവിലെ 10.30 ന് ഓഫീസുകളിൽപ്രതിജ്ഞ എടുക്കും.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്കോ താൻ മൂലം മറ്റാരാൾക്കോ കോ വിഡ് ബാധിക്കാതിരിക്കാൻ സ്വയം സുരക്ഷ ഒരുക്കുന്നതിനായി ആൾക്കൂട്ടമുണ്ടാകുന്ന സ്വകാര്യ, പൊതുചടങ്ങുകളിൽ നിന്ന് താനും തൻ്റെ കുടുംബാംഗങ്ങളും അടുത്ത 14 ദിവസം വിട്ടു നിൽക്കുമെന്ന് ജീവനക്കാർ പ്രതിജ്ഞയെടുക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ്‌രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത്, പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇത് സംബന്ധിച്ച പ്രതിജ്ഞയില്‍ പങ്കാളികളാവണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

അടച്ചിട്ട മുറികളിലുള്ള ജിം,യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല” തുറസ്സായ സ്ഥലങ്ങളിൽ പ്രവർത്തിക്കാം

അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന,ജിം,യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിക്കുന്ന ജിം,യോഗ പരിശീലന കേന്ദ്രം എന്നിവയ്ക്കാണ് ഈ നിയന്ത്രണം ബാധകം. എന്നാല്‍ തുറസ്സായ സ്ഥലങ്ങളിൽ പ്രവര്‍ത്തിക്കുന്നവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.

അടുത്ത 14 ദിവസം ഒരേവിലാസത്തിലേക്കുള്ള ദിവസേന യാത്രമാത്രമേ അനുവദിക്കൂ

കര്‍ണ്ണാടകയിലേക്ക് ജോലി ആവശ്യാര്‍ത്ഥം ദിവസേന ഒരേവിലാസത്തിലേക്ക് പോയിവരുന്നവര്‍ക്ക്മാത്രമേ അടുത്ത 14 ദിവസത്തേക്ക് പാസ് അനുവദിക്കൂ.ഇങ്ങനെ പോയിവരുന്നവര്‍ ഏഴ്ദിവസം കൂടുമ്പോള്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. ഇതിനുള്ള സൗകര്യം തലപ്പാടിയില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന പോയി വരേണ്ടവര്‍ കോവിഡ്19ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ദാതാവിന്റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.അപേക്ഷയില്‍ റ്റു എന്ന കോളത്തില്‍ സ്വന്തം മേല്‍വിലാസവും ഫ്രം എന്ന കോളത്തില്‍ ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ മേല്‍വിലാസവുമാണ് രേഖപ്പെടുത്തേണ്ടത്. ടു എന്ന കോളത്തില്‍ മേൽവിലാസത്തിന് താഴെ വശത്തായി കര്‍ണാടകയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരവും ബ്രാക്കറ്റിൽ ചേര്‍ക്കണം

കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല

കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.എന്നാല്‍ കണ്ടെയ്‌മെന്റ് സോണിലെ വ്യവസായശാലകളിലെ തൊഴിലാളികള്‍ വ്യവസായശാലയ്ക്ക് അകത്ത് തന്നെ താമസിക്കുന്നവരും പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരുമാണെങ്കില്‍ അത്തരം വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കാം.

കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്റെ അനുമതിയോടെ മാത്രം

കണ്ടെയ്‌മെന്റ് സോണില്‍ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് അതത് കണ്ടെയ്‌മെന്റ്‌സോണിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ അനുമതി നിര്‍ബന്ധമാണ്.മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയുംവേണം.

ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും

കൊ വിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പോലീസിനെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.25 നും 35 നും ഇടയില്‍ പ്രായമുള്ളമുള്ളവരായിരിക്കണം. ഇവര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി,അതത് വാര്‍ഡില്‍ പോലീസ് വോളണ്ടിയര്‍മാരായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇവരെ നിയോഗിക്കും.

റേഷന്‍ കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും

കണ്ടെയ്‌മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും.കണ്ടെയ്‌മെന്റ് സോണിലേത് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയും ആയിരിക്കും

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുവെന്ന പരാതിയെകുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.പ്ലസ്ടുവരെയുള്ള വരെയുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക.ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.വിദ്യാഭ്യാസ ഉപഡയരക്ടര്‍,ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരടങ്ങുന്ന സമിതിയിലാണ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എ വി രാംദാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest