Connect with us

Kerala

പ്രിയങ്ക പറഞ്ഞതിനോട് വിയോജിപ്പ്; അഴകൊഴമ്പന്‍ മറുപടിയുമായി ലീഗ് നേതാക്കള്‍

Published

|

Last Updated

മലപ്പുറം | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്ന് മുസ്ലിം ലീഗ്. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണെന്നും മുസ്ലിം ലീഗ്  ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നിലപാട് ചര്‍ച്ച ചെയ്യാന്‍ ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് എടുത്ത അതേ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ലീഗ് അവസരാെരുക്കില്ല. പ്രവര്‍ത്തകരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടത്തുമെന്നും അവര്‍ വ്യക്തമാക്കി. മതനേതാക്കളുമായി ലീഗ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവരും സംയമന നിലപാട് സ്വീകരിക്കാനാണ് പറഞ്ഞതെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കാണിച്ച അതേസമീപനം ലീഗ് ഇപ്പോഴും തുടരുന്നുവെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. പ്രസ്താവനയില്‍ വിയോജിക്കുന്നു എന്നതിനപ്പുറം കോണ്‍ഗ്രസിനെ ശക്തമായി തള്ളിപ്പറയാന്‍ ലിഗ് നേതൃത്വം തയ്യാറായിട്ടില്ല. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ലെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്.

നിര്‍ണായ ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അഴകൊഴമ്പന്‍ സമീപനം പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വരും ദിവസം സാക്ഷ്യം വഹിക്കുമെന്ന കാര്യം ഉറപ്പാണ്.