അയോധ്യയില്‍ കോണ്‍ഗ്രസ് ക്യൂവിലാണ്

Posted on: August 5, 2020 11:54 am | Last updated: August 5, 2020 at 12:07 pm

മതനിരപേക്ഷ ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ അപായമണി ഉച്ചത്തില്‍ മുഴങ്ങുകയാണിന്ന്. വിഭജനത്തിനു ശേഷവും രാജ്യം ബഹുസ്വരതയിലൂന്നിയ ഒരു ജനാധിപത്യക്രമമായി തുടരണമെന്ന് ആഗ്രഹിച്ചതും അതിനായി പ്രയത്‌നിച്ചതും ജവഹര്‍ലാല്‍ നെഹ്‌റുവും അബുല്‍കലാം ആസാദുമായിരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ അതിര്‍ത്തിയുടെ ഇരുവശങ്ങളിലും മരിച്ചുവീണിട്ടും രണ്ട് കോടി ഇന്ത്യക്കാര്‍ അവരുടെ പിറന്ന മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ടിട്ടും ആര്‍ എസ് എസും ഹിന്ദു മഹാസഭയും പ്രതിനിധാനം ചെയ്ത വര്‍ഗീയ ചിന്താധാരക്ക് അന്ന് മേല്‍ക്കൈ നേടാന്‍ കഴിയാതെ പോയത് സ്വാതന്ത്ര്യലബ്ധിയുടെ ഒരു പതിറ്റാണ്ട് കൊണ്ട് സെക്യുലറിസത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ നെഹ്‌റുവിന് സാധിച്ചതാണ്. കോണ്‍ഗ്രസിലെ യാഥാസ്ഥിതിക, ഹൈന്ദവ പുനരുത്ഥാന വാദികളായ സര്‍ദാര്‍ പട്ടേലിന്റെയും പുരുഷോത്തം ദാസിന്റെയും വര്‍ഗീയ അജന്‍ഡകളെ നെഹ്‌റു പരാജയപ്പെടുത്തി. ആര്‍ എസ് എസ് രണ്ടാം സര്‍സംഘ്ചാലക് എം എസ് ഗോള്‍വാള്‍ക്കറുടെയും ഹിന്ദു മഹാസഭയുടെയും കൃപാശിസ്സുകളോടെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ബീജാവാപം നല്‍കിയ, ബി ജെ പിയുടെ ആദിമ രൂപമായ ഭാരതീയ ജനസംഘത്തിന്, മതസംഘര്‍ഷം ഉറ്റിനിന്ന ആ കാലസന്ധിയില്‍ പോലും ഹിന്ദു സമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. സമാധാനവും പാരസ്പര്യവും പോഷിപ്പിക്കാന്‍ ചടുല നീക്കങ്ങളോടെ നെഹ്‌റുവും മതമൈത്രിയില്‍ വിശ്വസിക്കുന്ന കുറെ നല്ല നേതാക്കളും കോണ്‍ഗ്രസിന്റെ അമരത്ത് അന്നുണ്ടായിരുന്നു.

1949 ഡിസംബര്‍ 22- 23ന്റെ രാത്രി, ഇരുട്ടിന്റെ മറവില്‍ ചില വര്‍ഗീയ ശക്തികള്‍ ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ, അയോധ്യയിലെ ബാബരിപ്പള്ളിക്കകത്ത് രാമവിഗ്രഹങ്ങള്‍ കൊണ്ടിട്ടപ്പോള്‍ അതെടുത്തുമാറ്റാന്‍ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ്ഭായി പാന്തിനോട് നെഹ്‌റു ആവശ്യപ്പെട്ടു. പക്ഷേ, പാന്ത് അത് ചെവിക്കൊണ്ടില്ല. യു പി ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മുന്നിലും ഈ ആവശ്യം മുന്നോട്ടുവെച്ചെങ്കിലും കേട്ടഭാവം കാണിച്ചില്ല. അതോടെ അതീവ സങ്കടത്തോടെ നെഹ്‌റു എഴുതി: “”എന്നെ സംബന്ധിച്ചിടത്തോളം ഉത്തര്‍ പ്രദേശ് ഏതാണ്ടൊരു വിദേശ രാജ്യം പോലെയായിരിക്കുന്നു. 35 വര്‍ഷം ഞാനുമായി ബന്ധമുണ്ടായിരുന്ന യു പി കോണ്‍ഗ്രസ് കമ്മിറ്റി എന്നെ അത്ഭുതപ്പെടുത്തും വിധമാണ് മുന്നോട്ടുപോകുന്നത്. ഞാനറിയുന്ന കോണ്‍ഗ്രസിന്റെ ശബ്ദമല്ല അവിടെ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. ജീവിതത്തിന്റെ വലിയ ഭാഗം എന്തിനെയാണോ ഞാന്‍ എതിര്‍ത്തത് അതാണ് അവിടെ പുലരുന്നത്.

കോണ്‍ഗ്രസുകാരുടെ ഹൃദയങ്ങളെയും മനസ്സുകളെയും വര്‍ഗീയത ആക്രമിച്ചു കീഴടക്കിയിരിക്കുന്നു. നിശ്ശബ്ദമായി അരിച്ചുകയറുന്ന ഈ വാത രോഗത്തെ കുറിച്ച് രോഗികള്‍ അറിയുന്നുപോലുമില്ല.” കോണ്‍ഗ്രസിനെ രോഗാതുരമായി പിടിപെട്ട വര്‍ഗീയത കണ്ട് അസ്വസ്ഥനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ സങ്കട മൊഴികള്‍ക്ക് ഇന്ന് മറ്റൊരു ഭാഷ്യം കാലം ആവശ്യപ്പെടുകയാണ്. മുസ്‌ലിംകളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ആര്‍ എസ് എസിന്റെയും ഹിന്ദുത്വ സര്‍ക്കാറിന്റെയും സംയുക്ത മേല്‍നോട്ടത്തില്‍ രാമക്ഷേത്രത്തിന് ഇന്ന് ശിലാന്യാസം നടക്കുമ്പോള്‍, ലോകത്തിനു മുന്നില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നതിനു പകരം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ അഭിമാനം കൊള്ളുകയാണ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥും ദിഗ് വിജയ് സിംഗും പ്രിയങ്കയുംകേരളത്തിലെ കരുണാകര പുത്രനുമെല്ലാം ആവേശം കൊള്ളുകയാണ്. 1980വരെ ശ്രീരാമന്‍ ഭക്തരുടെ മനസ്സില്‍ മാത്രമായിരുന്നു കുടികൊണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയക്കളത്തിന് പുറത്തായിരുന്നു മര്യാദ പുരുഷോത്തമന്‍. രാമക്ഷേത്രം ആരുടെയും സ്വപ്‌നത്തില്‍ ഉണ്ടായിരുന്നില്ല. അത് എങ്ങനെ ഒരു മഹത്തായ രാജ്യത്തിന്റെ ശിരോലിഖിതം തിരുത്തിക്കുറിക്കുന്ന ഒരു ദുരന്തമായി മാറി എന്ന അന്വേഷണം കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ പതനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രാജീവും നരസിംഹ റാവുവും
പരീക്ഷിച്ച വര്‍ഗീയ പ്രീണനം

ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കം ഒരു മഹാദുരന്തമായി പരിവര്‍ത്തിപ്പിച്ചെടുത്തതും അതിനെ ഹൈന്ദവ ഏകീകരണ ഉപാധിയായി വികസിപ്പിച്ച് അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കാന്‍ ആര്‍ എസ് എസിന് അവസരം ഒരുക്കിക്കൊടുത്തതും കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും പി വി നരസിംഹ റാവുവുമാണ്. അടിയന്തരാവസ്ഥക്കു ശേഷം 1980ല്‍ അധികാരത്തില്‍ തിരിച്ചു വന്നതോടെയാണ് ഇവിടെ “ഭൂരിപക്ഷ വോട്ട് ബേങ്ക്’ ഉണ്ട് എന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിക്ക് ബോധോദയമുണ്ടാകുന്നതെന്ന് ചരിത്രകാരനായ എസ് ഗോപാലും കെ എന്‍ പണിക്കറും സമര്‍ഥിക്കുന്നുണ്ട്. സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഖാലിസ്ഥാന്റെ പേരില്‍ സായുധ നടപടിക്ക് തുനിയുകയും “ഓപറേഷന്‍ ബ്ലൂസ്റ്റാറിലൂടെ’ നൂറുകണക്കിന് വിശ്വാസികളെ സുവര്‍ണ ക്ഷേത്രത്തിനകത്ത് വെടിവെച്ചുകൊല്ലുകയും ചെയ്ത സംഭവ ശൃംഖല, ഭൂരിപക്ഷ വര്‍ഗീയതക്ക് തളിര്‍ത്തുവളരാന്‍ മണ്ണൊരുക്കിക്കൊടുത്തു. അങ്ങനെയാണ് ഇന്ദിരയുടെ ഭരണാന്ത്യത്തില്‍, 1984ല്‍ വിശ്വഹിന്ദുപരിഷത്ത് (വി എച്ച് പി) രാമജന്മഭൂമി പ്രക്ഷോഭത്തിന് പരസ്യമായി തെരുവിലിറങ്ങുന്നതും ആക്രമണോത്സുക ഹിന്ദുത്വയുടെ ഘോരമുഖം അനാവൃതമാക്കുന്നതും. ന്യൂനപക്ഷങ്ങള്‍ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസിനോട് വിട പറയുകയും രാഷ്ട്രീയമായി പുനര്‍ വിചിന്തനത്തിന് തയ്യാറാകുകയും ചെയ്തപ്പോള്‍ ഹൈന്ദവ വോട്ടിന്റെ ഏകീകരണത്തിനായി ഇന്ദിര കണ്ടുപിടിച്ച മാര്‍ഗമായിരുന്നു രാമക്ഷേത്രത്തിന്റെ പേരിലുള്ള ഹൈന്ദവ പുനരുത്ഥാന നീക്കങ്ങള്‍. വി എച്ച് പിയുടെ രൂപവത്കരണത്തില്‍ ഇന്ദിരക്ക് വലിയ പങ്കുണ്ടായിരുന്നുവത്രെ. അവരുടെ വലംകൈയായ ഡോ. കരണ്‍സിംഗാണ് മാര്‍ഗ ദര്‍ശകനായി മുന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ദിരയുടെ വധത്തിനു ശേഷം രാജീവ് ഗാന്ധി അധികാരത്തിലേറിയതോടെ തുടങ്ങിയ ഷാബാനു ബീഗം കേസ് വിവാദം, 1986ലെ മുസ്‌ലിം വനിതാ നിയമത്തില്‍ കലാശിച്ചപ്പോള്‍ ഒരു രാഷ്ട്രീയ ദുരന്തത്തിന്റെ പെട്ടി തുറന്നുവെക്കപ്പെടുകയായിരുന്നു. രാജീവ് സര്‍ക്കാര്‍ മുസ്‌ലിംകളുടെ മുന്നില്‍ കീഴടങ്ങി എന്ന പ്രചാരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ഭീതി, സംഘ്പരിവാറുമായി രഹസ്യ കരാറിലേര്‍പ്പെടുന്നതിലേക്ക് നയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ വാള്‍ട്ടര്‍ കെ ആന്റേഴ്‌സണ്‍ “ദി ആര്‍ എസ് എസ്: എ വ്യു റ്റു ദി ഇന്‍സൈഡ്’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനും ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കാനും രാജീവ് സര്‍ക്കാര്‍ അനുവദിക്കും; അതിനു പ്രതിഫലമായി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം. ഇതായിരുന്നു ധാരണ. ശിലാന്യാസം നടന്നെങ്കിലും ക്ഷേത്ര നിര്‍മാണം സഫലമാകാതെ പോയത് മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പ് കണ്ട് കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ്. ആ കാലസന്ധിയില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറുടെ പത്രാധിപര്‍, കെ ആര്‍ മല്‍ക്കാനി വിവരിക്കുന്നതിങ്ങനെ: “ബാബരിയുടെ കവാടം തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ ജില്ലാ അധികൃതര്‍ വി എച്ച് പിയോട് ആവശ്യപ്പെട്ടു. തങ്ങള്‍ കോടതിയിലേക്കില്ല എന്ന് വി എച്ച് പി വ്യക്തമാക്കിയപ്പോള്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന ഒരു ജൂനിയര്‍ അഡ്വക്കറ്റിനെ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച് മുന്‍സിഫ് കോടതിയിലേക്കയച്ചു.

ALSO READ  ഉപഭോക്താവാണ് ഇനി രാജാവ്

കീഴ്‌ക്കോടതി അപേക്ഷ നിരസിച്ചു. ജില്ലാ ജഡ്ജിക്കു മുമ്പാകെ അപ്പീല്‍ നല്‍കേണ്ട താമസം, 1949 തൊട്ട് പൂട്ടിക്കിടക്കുന്ന പള്ളിയുടെ കവാടം തുറന്നുകൊടുക്കാന്‍ ഉത്തരവായി. പൂട്ടിക്കിടക്കുന്ന വാതില്‍ തുറക്കുന്നതും ഭക്തജനങ്ങള്‍ മസ്ജിദ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതും ലോകത്തിന്റെ കണ്‍മുമ്പിലെത്തിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അപ്പോഴേക്കും ദൂരദര്‍ശന്‍ പ്രതിനിധികള്‍ ക്യാമറകളുമായി എത്തിയിരുന്നു. 1984ലെ തിരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റ് നേടിയ ബി ജെ പിക്ക് 1989ല്‍ കിട്ടിയത് 84 സീറ്റ്. 1989ലെ തിരഞ്ഞെടുപ്പില്‍ രാജീവ് പ്രചാരണം തുടങ്ങിയത് ഫൈസാബാദില്‍ നിന്ന്; അയോധ്യക്ക് ആറ് കിലോമീറ്റര്‍ അകലെ “രാമരാജ്യം’ വാഗ്ദാനം ചെയ്തുകൊണ്ട്.

വര്‍ഗീയ മത്സരങ്ങളുടെ
തിക്തപരിണതി

സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നും തര്‍ക്കസ്ഥലത്ത് നിര്‍മാണം പാടില്ലെന്നും അലഹബാദ് ഹൈക്കോടതിയുടെ ആജ്ഞ ലംഘിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നോക്കിനിന്നു. തര്‍ക്കസ്ഥലത്ത് തന്നെ വി എച്ച് പി ശിലാന്യാസം നടത്തി. പ്രധാനമന്ത്രി രാജീവ് ഗാന്ധി ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകരെ അറിയിച്ചത് ആഭ്യന്തര മന്ത്രി ബൂട്ടാസിംഗാണ്. പിന്നീട് രാജ്യം കണ്ടത് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രാമരഥ യാത്രയാണ്. രക്തപങ്കിലമായ ആ യാത്ര കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ചോരച്ചാലുകള്‍ തീര്‍ത്ത്, കബന്ധങ്ങള്‍ കുന്നുകൂട്ടി കടന്നുപോയിട്ടും ആരും തടഞ്ഞില്ല. എല്ലാറ്റിനുമൊടുവില്‍, ബിഹാറില്‍ ലാലുപ്രസാദ് യാദവാണ് ആ വര്‍ഗീയാശ്വത്തെ പിടിച്ചുകെട്ടുന്നത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം മുന്നില്‍ കണ്ട് അഡ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയുമൊക്കെ നേതൃത്വത്തില്‍ ഏതറ്റം വരെ പോകാനും മടിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും, ഹിന്ദുത്വവാദികള്‍ 1992 ഡിസംബര്‍ ആറിന് പ്രഖ്യാപിച്ച കര്‍സേവ തടയാന്‍ പി വി നരസിംഹ റാവു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നല്ല, ആര്‍ എസ് എസുമായി ഗൂഢാലോചനയിലേര്‍പ്പെടുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. നരസിംഹ റാവു ഭരണകൂടം കണ്ണ് ചിമ്മിയപ്പോള്‍, 25,000ത്തോളം വരുന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ കണ്‍മുമ്പില്‍ വെച്ച് 5,000ത്തോളം വരുന്ന കര്‍സേവകര്‍ മസ്ജിദ് ധൂമപടലങ്ങളാക്കി മാറ്റി. അഡ്വാനിയും മനോഹര്‍ ജോഷിയും ഉമാഭാരതിയും സ്വാമി ഋതംബരയുമൊക്കെ തകര്‍ത്തെറിയൂ, തകര്‍ത്തെറിയൂ എന്ന് അട്ടഹസിക്കുന്നതും കണ്ടുരസിക്കുന്നതും ലോകം ഞെട്ടലോടെയാണ് വീക്ഷിച്ചത്.

അപ്പോഴും പ്രധാനമന്ത്രി റാവു, ഒരക്ഷരം മിണ്ടിയില്ല. പൂജാമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ബാബരി മസ്ജിദിന്റെ കഥ കഴിക്കാന്‍ നേരത്തേ തന്നെ ആര്‍ എസ് എസുമായി ധാരണയിലെത്തിയിരുന്നുവെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ “ബിയോണ്ട് ദി ന്യൂസ്’ എന്ന തന്റെ ആത്മകഥയില്‍ തുറന്നുപറയുന്നുണ്ട്. എല്‍ കെ അഡ്വാനിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കണ്ടുമുട്ടിയപ്പോള്‍ പ്രധാനമന്ത്രി റാവു, ആര്‍ എസ് എസ് തലവന്‍ ദേവരസിനോട് ചോദിച്ചുവത്രെ; പറയൂ, എപ്പോഴാണ് നിങ്ങള്‍ പള്ളി പൊളിക്കാന്‍ പോകുന്നത്?

മഹാത്മജിയുടെ വധത്തിനു ശേഷം ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് അന്നത്തെ ഉപരാഷ്ട്രപതി കെ ആര്‍ നാരായണന്‍ വിശേഷിപ്പിച്ച ബാബരി ധ്വംസനത്തിനു ശേഷവും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയോ നഷ്ടപ്പെട്ട മതേതര പ്രതിച്ഛായ വീണ്ടെടുക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങളിലേര്‍പ്പെടുകയോ ചെയ്തില്ല.

ALSO READ  ജീവസ്സുറ്റ കോണ്‍ഗ്രസിന് വേണ്ടി

എല്ലാറ്റിനുമൊടുവില്‍ 2019 നവംബര്‍ ഒമ്പതിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച്, 1993ല്‍ അക്വയര്‍ ചെയ്ത 67 ഏക്കര്‍ സ്ഥലവും രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തപ്പോള്‍, ആ വിധിയെ സ്വാഗതം ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ആ കോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്ന തീര്‍പ്പാണെന്ന് എല്ലാവരും പറയുമ്പോള്‍ കോണ്‍ഗ്രസിന് നാവനങ്ങുന്നില്ല. ആഗോളസമൂഹം ശ്രീരാമന്റെ പേരിലുള്ള ഈ പിത്തലാട്ടങ്ങളെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ട്. മതേതര ഇന്ത്യ ലജ്ജിച്ചു തല താഴ്‌ത്തേണ്ട നിമിഷങ്ങളാണ് കടന്നുപോകുന്നത്. ഇന്നത്തെ ഭൂമി പൂജയിലേക്ക് ക്ഷണിക്കാത്തതില്‍ പരിഭവിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അധികം വൈകാതെ കാണാന്‍ സാധിക്കുക കാവിക്കൂട്ടത്തിലായിരിക്കും. 135 വയസ്സ് തികഞ്ഞ ഒരു പാര്‍ട്ടിയുടെ മാത്രമല്ല ഒരു രാജ്യത്തിന്റെ കൂടി ദുരന്തമാണിത്. ഫ്രഞ്ച് ദാര്‍ശനികനായ ഴാങ് പോള്‍ സാര്‍തൃ സ്വന്തം ജനതക്ക് നല്‍കിയ താക്കീത് മറക്കാതിരിക്കുക: “ഫ്രാന്‍സ് എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ പേരായിരുന്നു ഇതുവരെ. പ്രിയ സഹോദരന്മാരേ, നമ്മുടെ കാലത്ത് ഒരു മഹാ രോഗത്തിന്റെ പേരായി അത് മാറാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.’