കിയ സോണറ്റിൻെറ ആദ്യ ചിത്രം പുറത്ത്; വെള്ളിയാഴ്ച വിപണിയിലേക്ക്

Posted on: August 4, 2020 8:52 pm | Last updated: August 4, 2020 at 8:52 pm

ഹ്യുണ്ടായി വെന്യൂ, മാരുതി സുസുകി വിതാര ബ്രസ്സ, ടാറ്റ നെകസോൺ, എക്സ് യു വി 300, ഫോർഡ് ഇക്കോസ്പോർട്ട് എന്നീ വമ്പന്മാർ അണി നിരക്കുന്ന കോംപാക്ട് എസ് യു വി നിരയിലേക്ക് കിയ എന്ന വാഹന നിർമാണ കമ്പനി അവരുടെ പുതിയ മോഡലിനെ അവതരിപ്പിക്കുന്നു, അതാണ് കിയ സോനറ്റ്. 2020ൽ നോയിഡയിൽ വെച്ചു നടന്ന ഓട്ടോ എക്സ്പോയിലായിരുന്നു ആദ്യമായി കിയ മോട്ടോർസ്  ഇന്ത്യയിലെ അവരുടെ അടുത്ത  കാർ ആദ്യമായി പ്രദർശിപ്പിച്ചത്. അന്ന് അകത്തെ കാഴ്ചകൾ അവ്യക്തമായിരുന്നുവെങ്കിൽ ഇപ്പോഴിതാ ആ വാഹനത്തിന്റെ അകത്തെ കാഴ്ചയടക്കം  നിരവധി ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് കിയ. ആഗസ്റ് ഏഴിന് സോനറ്റിന്റെ ഗ്ലോബൽ അനാവരണം നടക്കുമെന്ന വാർത്തയും വരുന്നുണ്ട്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നമ്മൾ നേരത്തെ കിയ വാഹനങ്ങളിൽ കണ്ടു ശീലിച്ച ടൈഗർനോസ് റേഡിയേറ്റർ ഗ്രിൽ നമുക്ക് സോനറ്റിലും കാണാം. കൂടെ തടിച്ച ബമ്പറും ഡിആർഎല്ലും എൽഇഡി ലാമ്പുകളും ഫോഗ് ലാമ്പും എല്ലാം ചേർന്ന് ഒരുപുതിയ രൂപത്തിൽ തന്നെയാണ് കിയ സോനറ്റ് വിപണിയിലെത്തുന്നത്. പിറകിൽ പരസ്പരം ബന്ധിപ്പിച്ച LED ലൈറ്റുകൾ ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്നുണ്ട്.

നേരത്തെ മറ്റൊരു ഫോട്ടോയിലൂടെ ഡിസൈൺ മികവിനെ മാത്രം കിയ അവതരിപ്പിച്ചിരുന്നു എങ്കിൽ ആദ്യമായാണ് കിയ സോനറ്റിന്റെ അകത്തെ കാഴ്ചകൾ പുറത്ത് വിടുന്നത്. ഒരു 10 ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം നമുക് അകത്തെ കാഴ്ചയിൽ വ്യക്തമാണ്. അതോടൊപ്പം മികച്ച നിലവാരമുള്ള അകവും ഒരു പൂർണ ഡിജിറ്റൽ അല്ലെങ്കിൽ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അവ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിനോട് ബന്ധപ്പെട്ട് കിടക്കുന്നതും ബോസിന്റെ മ്യൂസിക് സിസ്റ്റവും  സോനറ്റിന്റെ ചിത്രങ്ങളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

അകത്തു സെറ്റ് ചെയ്ത വെർട്ടിക്കൽ എസ വെന്റുകളും  മൂഡ് ലൈറ്റുകളും സൺറൂഫും  സെന്റർ കൺസോളിലും എസി വെന്റുകളിലും കാണുന്ന മെറ്റാലിക് ഭാഗങ്ങളും ചേർന്നാൽ അകത്തെ കാഴ്ചകൾ മനോഹരമാണ് എന്ന് തന്നെ പറയാം.  നേരത്തെ ഹ്യൂണ്ടായ് വെന്യു എന്ന മോഡലിൽ നമ്മൾ കണ്ട 1 ലിറ്റർ ടർബോ പെട്രോൾ, 1 ലിറ്റർ പെട്രോൾ അത് പോലെതന്നെ 1.5 ലിറ്റർ ഡീസൽ എന്നീ എൻജിൻ വക ഭേദങ്ങൾ തന്നെയാവാം സോനറ്റിലും വരിക എന്നു പ്രതീക്ഷിക്കുന്നു.

ഗിയർ ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി  ഗിയറുകൾക്കൊപ്പം പുതുതായി വെന്യു വിൽ അവതരിപ്പിച്ച  ക്ലച്ച് ഇല്ലാത്ത മാന്യുവൽ ഗിയർ ഓപ്ഷനും ഇടം പിടിക്കാൻ സാധ്യത ഉണ്ട്. 2020 ആഗസ്ത് 7 നു അനാവരണം ചെയ്യുന്ന സോനറ്റ് 7 മുതൽ 12 ലക്ഷം രൂപ വരെ ഏകദേശ എക്സ്-ഷോറൂം വിലയിൽ സെപ്റ്റംബർ – ഒക്ടോബർ  മാസങ്ങളിൽ വിപണിയിൽ എത്തി തുടങ്ങും എന്ന് തന്നെ പ്രതീക്ഷിക്കാം.