Connect with us

National

വൃദ്ധസദനത്തില്‍ താമസിക്കുന്നവര്‍ക്ക് പിപിഇ കിറ്റും മാസ്‌കും നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| പ്രായമായവരുടെ പെന്‍ഷന്‍ വിതരണം വേഗം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. വൃദ്ധസദനത്തില്‍ താമസിക്കുന്നവര്‍ക്ക് പിപിഇ കിറ്റും മാസ്‌കും സാനിറ്റൈസറും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രായമായവര്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നും അവരുടെ ആവശ്യം ഭരണകൂടം നടത്തിക്കൊടുക്കണമെന്നും പറഞ്ഞ കോടതി അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് യഥാസമയം അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും പിപിഇ കിറ്റ് നല്‍കണമെന്നും നിര്‍ദേശിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകയുമായ അശ്വിനി കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തനിച്ച് താമസിക്കുന്ന നിരവധി പ്രായമായ ആള്‍ക്കാര്‍ രാജ്യത്തുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് പ്രായമായവര്‍ക്ക് പെന്‍ഷന്‍ യഥാസമയം എത്തിക്കേണ്ടത് അത്യാവിശമാണെന്നും അശ്വനി കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുയാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി മോഹന പറഞ്ഞു. ഇതില്‍ തീരുമാനമെടുക്കുന്നതിന് ഒരാഴ്ച സമയം ചോദിച്ച മോഹനയെ അശ്വിനി കുമാര്‍ എതിര്‍ത്തു. ഇതില്‍ അടിയന്തര നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു.