Connect with us

Gulf

കൊവിഡിനു ശേഷം പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ആദ്യ മന്ത്രിസഭ

Published

|

Last Updated

ദുബൈ | കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ യു എ ഇ മന്ത്രിസഭ ചേർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.
എല്ലാ മന്ത്രിമാരും മാസ്‌ക് ധരിച്ചാണെത്തിയത്. സാമൂഹിക അകലം നിലനിർത്തിക്കൊണ്ടായിരുന്നു യോഗം. ഇത് സംബന്ധിച്ചുള്ള ചിത്രങ്ങൾ ശൈഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു കൊവിഡ് കണക്കിലെടുത്തു വീഡിയോ കോൺഫറൻസിംഗ് വഴി വിദൂര മന്ത്രിസഭയാണ് നടന്നിരുന്നത്. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനഃസംഘടനക്കു ശേഷം ആദ്യമായാണ് ഇത്തരത്തിൽ യോഗം.

നിരവധി മന്ത്രാലയങ്ങളും ഫെഡറൽ വകുപ്പുകളും ലയിപ്പിച്ച് ഒരു പുതിയ സർക്കാർ ഘടന രൂപീകരിച്ചു.  33 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്.  പുതിയ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗക് അൽ മർറി മുന്നോട്ടുവെച്ച 33 പുതിയ നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 33 സംരംഭങ്ങളുടെയും നടപ്പാക്കലും പുരോഗതിയും നിരീക്ഷിക്കുന്ന പുതിയ സമിതിക്ക് അദ്ദേഹം നേതൃത്വം നൽകും.

‘ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ എന്റെ സഹോദരൻ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വികസന സമിതിയും എന്റെ സഹോദരൻ ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള പൊതു ബജറ്റ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. നിരവധി ഫെഡറൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ മികച്ച ടീമാണിത്’, ശൈഖ് മുഹമ്മദ് പറഞ്ഞു.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല സംരംഭക, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല ബിൽഹൂലിനാണ്
പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള ഉത്തരവാദിത്തം വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.സർക്കാറിന്റെ പുതിയ സീസൺ സെപ്തംബറിൽ അല്ല ആഗസ്റ്റിൽ തന്നെ ആരംഭിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

‘അസാധാരണമായ സാഹചര്യങ്ങൾ കാരണം ഈ വേനൽക്കാലത്തും മന്ത്രിസഭയുടെ പ്രവർത്തനം തുടരും, പദ്ധതികൾ പുനരാരംഭിക്കും. നമ്മുടെ വിജയം തുടർച്ചയായി സജീവമായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Latest