Connect with us

Kerala

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്; നിലപാടെടുക്കാനാകാതെ ലീഗ്; നാളെ അടിയന്തര യോഗം

Published

|

Last Updated

മലപ്പുറം | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ നിലപാട് വ്യക്തമാക്കാനാകാതെ മുസ്ലിം ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് ഏതു രീതിയില്‍ പ്രതികരിക്കണമെന്ന് ആലോചിക്കാന്‍ ലീഗ് നാളെ ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചു. പാണക്കാട്ടാണ് യോഗം.

കമല്‍നാഥിന് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യപിന്തുണയുമായി രംഗത്ത് വന്നതാണ് ലീഗിനെ കുഴക്കുന്നത്. കമല്‍നാഥിന്റെ പ്രസ്താവ വന്നപ്പോള്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് പറയട്ടെ എന്ന ഒഴുക്കന്‍ പ്രതികരണമാണ് ലീഗ് നടത്തിയിരുന്നത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ പ്രധാനികളില്‍ ഒരാളായ പ്രിയങ്ക തന്നെ ഇന്ന് പരസ്യ നിലപാട് എടുത്തതോടെ ലീഗ് പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് നേതാവാണെന്നതിന് പുറമെ ഉത്തര്‍പ്രദേശിന്റെ ചുമതല കൂടി വഹിക്കുന്നയാളാണ് പ്രിയങ്ക. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് നിലപാട് വ്യക്തമാക്കാന്‍ ലിഗ് തയ്യാറാകുന്നത്.

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ലീഗിന് യോജിപ്പില്ലെന്നും എന്നാല്‍ നാളത്തെ യോഗത്തിന് ശേഷം മാത്രമേ വിശദമായി പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലീഗ് നേതാവും എം പിയുമായ ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest