Connect with us

Kerala

രണ്ട് കോടിയുടെ ട്രഷറി തട്ടിപ്പ്: ബിജുലാലിനെ പിരിച്ചുവിട്ടു; ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

Published

|

Last Updated

തിരുവനന്തപുരം | ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം ആര്‍ ബിജുലാലിനെ സര്‍വീസില്‍ നിന്ന്പിരിച്ചുവിട്ടു.സമ്മറി ഡിസ്മിസല്‍ വ്യവസ്ഥ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന്‍ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.പിരിച്ചുവിടലിന്റെ നടപടിക്രമങ്ങള്‍ അഞ്ചു ദിവസത്തിനകം പൂര്‍ത്തിയാക്കും.

വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാല്‍ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 61.23 ലക്ഷം രൂപ ബേങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
ബിജുലാലിനെ പിരിച്ചുവിട്ട കാര്യംമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്. ഈ തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

Latest