Connect with us

Covid19

കൊവിഡ് ബാധിതരെന്ന് സംശയം; മാലിന്യവണ്ടിയിൽ കയറ്റി ആശുപത്രിയിലെത്തിച്ച സംഭവം വിവാദമാകുന്നു

Published

|

Last Updated

ഹൈദരാബാദ്| ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരെന്ന് സംശയിക്കുന്ന മൂന്ന് പേരെ മാലിന്യ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത് വിവാദമാകുന്നു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ, ആന്ധ്രാപ്രദേശ് സർക്കാറിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ആന്ധ്രാപ്രദേശിലെ വിശാനഗരം ജില്ലയിലാണ് സംഭവം. ടി ഡി പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് സംഭവത്തിനെതിരെ അപലപിച്ചത്. ഇവർക്ക് കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് അറിയില്ല. എന്നാൽ ഇവർക്ക് മറ്റു രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്തുകൊണ്ട് ഇവരെ മനുഷ്യരായി കാണുന്നില്ല. എന്ന് ട്വിറ്ററിൽ കുറിച്ച ചന്ദ്രബാബു നായിഡു സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലം ഉൾപ്പെടുന്ന നെല്ലിമർല നഗർ പഞ്ചായത്ത് കമ്മീഷണർ ജെ ആർ അപ്പള നായിഡു ആരോപണങ്ങൾ നിഷേധിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്തിയതായി അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് ബ്ലീച്ചിംഗ് പൗഡറും മറ്റും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന വണ്ടിയാണ് ഇത്. ദൃശ്യങ്ങളിൽ കാണുന്നവർ കൊറോണ വൈറസ് ബാധിതർ അല്ല. വൈറസ് ബാധിതരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം ഉപയോഗിച്ചിട്ടില്ല -പഞ്ചായത്ത് കമ്മീഷണര്ർ വ്യക്തമാക്കി.