Connect with us

Gulf

മസ്ജിദുകൾ 50 ശതമാനം ശേഷിയിലേക്ക്

Published

|

Last Updated

ദുബൈ | യു എ ഇയിൽ ഇന്നു മുതൽ മസ്ജിദുകളിൽ വിശ്വാസികൾ വർധിക്കും. 50 ശതമാനം സ്ഥലം വിനിയോഗിക്കാൻ അധികൃതർ അനുമതി നൽകി. കൊവിഡ് ആയതിനാൽ ഇതുവരെ 30 ശതമാനം ശേഷിയിലാണ് തുറന്നത്. നാല് ദിവസത്തെ ഈദ് അൽ അള്ഹ അവധിക്കു ശേഷം ശേഷം രാജ്യത്തെ ഓഫീസുകളും തിങ്കൾ പുനഃരാരംഭിക്കും.

മാർച്ചിൽ പൂർണമായും അടച്ച ആരാധനാലയങ്ങൾ ജൂലൈ ഒന്നിനാണ് ഭാഗികമായി  തുറന്നത്.  പ്രാർഥനക്കെത്തുന്നവർ പരസ്പരം മൂന്ന് മീറ്റർ അകലം പാലിക്കണമായിരുന്നു.  ഇനി രണ്ട് മീറ്റർ ദൂരം നിലനിർത്തണം.
മഗ്‌രിബിനു ഒഴികെ ബാങ്ക് വിളിയും നിസ്‌കാരവും തമ്മിലുള്ള ഇടവേള 10 മിനിറ്റായി വർധിക്കും. മഗ്രിബിന് അഞ്ച് മിനിറ്റായിരിക്കും.

കൊവിഡ് -19ൽ നിന്ന് സുരക്ഷിതത്വം നൽകുന്നതിന് അധികാരികൾ പ്രഖ്യാപിച്ച മറ്റെല്ലാ മുൻകരുതൽ നടപടികളും നിലനിൽക്കും. എല്ലായ്പ്പോഴും നിർബന്ധിത ഫെയ്സ് മാസ്‌കുകൾ ഇതിൽ ഉൾപ്പെടുന്നു. ആരാധകർ സ്വന്തം പ്രാർഥന പായകൾ കൊണ്ടുവരണം. അംഗശുദ്ധി വീട്ടിൽ നടത്തുക. പ്രധാന പ്രാർഥനകൾക്കായി മാത്രമേ മസ്ജിദുകൾ ഉപയോഗിക്കുകയുള്ളൂ. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ സ്വന്തം സുരക്ഷക്കായി പ്രാർഥന വീട്ടിൽ തുടരുക.

പ്രധാന നിർദേശങ്ങൾ

▶ അധികൃതർക്ക് പിന്തുടരാനുള്ള അൽ ഹുസ്ൻ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുക.
▶ നിസ്കാര വേളയിലും മാസ്‌ക് ധരിക്കുക.
▶ രണ്ട് മീറ്റർ അകലം പാലിക്കുക.
▶ മുസല്ല കൊണ്ടുവരിക.
▶ പള്ളികളിൽ ഖുർആൻ ലഭ്യമാവില്ല. പാരായണം ചെയ്യേണ്ടവർ മൊബൈൽ ഫോണിലൂടെ നിർവഹിക്കുക.
▶ പള്ളികളുടെ പ്രവേശന കവാടങ്ങളിൽ ആളുകൾ കൂടി നിൽക്കരുത്.
▶ മറ്റുള്ളവർക്ക് കൈ കൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുത്.