Connect with us

National

സുശാന്ത് സിംഗിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ ക്വാറന്റൈനിലാക്കിയ നടപടി ശരിയല്ലെന്ന് നിതീഷ് കുമാർ

Published

|

Last Updated

മുംബൈ| നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം അന്വേഷിക്കാൻ മുംബൈയിൽ എത്തിയ ഐ പി എസ് ഉദ്യോഗസ്ഥനെ പോലീസ് നിർബന്ധിച്ച് ക്വാറന്റൈനിലാക്കിയത് ഉചിതമായ നടപടിയല്ലെന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ ഇതിൽ രാഷ്ട്രീയമായി ഒന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുംബൈയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാർ ഡി ജി പി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന സംഘ തലവനായ ഐ പി എസ് ഉദ്യോഗസ്ഥനെ മുംബൈ കോർപറേഷൻ നിർബന്ധിച്ച് ക്വാറന്റൈനിലാക്കി എന്നതാണ് ട്വീറ്റിലെ ഉളളടക്കം. ഐ പി എസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയെയാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നിരീക്ഷണത്തിലാക്കിയത്. ഐ പി എസ് മെസിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകണമെന്ന് അപേക്ഷിച്ചിട്ടും വേണ്ട നടപടികൾ മുംബൈ പോലീസ് സ്വീകരിച്ചില്ല. ഗോരേഗാവിലെ ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥൻ താമസിച്ചതെന്നും ബിഹാർ ഡി ജി പി പറയുന്നു.

അതേസമയം, വിനയ് തിവാരിക്ക് നേരെയുളള നടപടി ശരിയായില്ലെന്ന വിമർശവുമായി രംഗത്തെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും ബിഹാർ പോലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും  പ്രതികരിച്ചു.

ജൂൺ 14നാണ് 34കാരനായ രാജ്പുത്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ പിതാവ് നടി റിയാ ചക്രവർത്തിക്കെതിരെ നൽകിയ പരാതിയിൽ മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

Latest