സ്വപ്‌ന യു എ ഇയില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ടിലും വെട്ടിപ്പ് നടത്തി

Posted on: August 3, 2020 7:42 am | Last updated: August 3, 2020 at 10:59 am

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യു എ ഇ യില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. പ്രളയ കാലത്ത് യു എ ഇ യിലെ പ്രമുഖ സന്നദ്ധ സംഘടന കേരളത്തിലെ ഭവന നിര്‍മാണമടക്കമുള്ള പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (20 കോടിയോളം രൂപ) സഹായധനത്തിലാണ് വെട്ടിപ്പ് നടത്തിയത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആദ്യഘട്ടമെന്ന നിലയ്ക്കാണ് സന്നദ്ധ സംഘടന ഇത്രയും തുക നല്‍കിയത്. വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാറും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവച്ചിരുന്നു. യു എ ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതിലും സ്വപ്ന ഇടനിലക്കാരിയായിരുന്നെന്നാണ് കരുതുന്നത്. ഇതടക്കം ഇടനിലക്കാരിയായി കോടിക്കണക്കിനു രൂപ സ്വപ്ന നേടിയതായും സൂചനയുണ്ട്.

1.38 കോടി രൂപയാണ് ഇടനിലക്കാരിയായി നേടിയതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിട്ടുള്ളതെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് കസ്റ്റംസ് പക്ഷം. സ്വപ്നക്ക് ലഭിച്ച കോടിക്കണക്കിനു രൂപ പിടിയിലാവുന്നതിനു മുമ്പ് ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും അന്വേഷണസംഘം സംശയിക്കുന്നു. സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ 50,000 ഡോളര്‍ കൂടി തനിക്ക് മറ്റു രീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുമുണ്ട്. . കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും സമാനമായ തോതില്‍ വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, കഴിഞ്ഞവര്‍ഷം കേരളത്തിനും യു എ ഇ ക്കുമിടയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ സംരംഭങ്ങളിലും ഇടനിലക്കാരിയായി സ്വപ്നയുണ്ടായിരുന്നു. സഹായ നിധികളില്‍ നിന്നു സ്വപ്നക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ, സ്വപ്നയുടെ ബേങ്ക് ലോക്കറില്‍ നിന്നു കണ്ടെടുത്ത ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും രീതിയില്‍ കിട്ടിയതാണെന്നാണ് കസ്റ്റംസ് നിഗമനം.