Connect with us

National

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്തു.

“എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയ്ക്ക് ആശുപത്രിയിലേക്ക് മാറുകയാണ്. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു” അദ്ദേഹം ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് ശേഷം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ബി എസ് യെദ്യൂരപ്പ.

നേരത്തെ യെദിയൂരപ്പയുടെ വിധാന്‍ സൗധയിലെ ഓഫീസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കര്‍ണാടകയില്‍ ഇതുവരെ 1.34 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5,532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,730 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ് കര്‍ണാടക. ഇന്നലെ മാത്രം കര്‍ണാടകയില്‍ 84 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.