Connect with us

Gulf

ഹാജിമാര്‍ വിടചൊല്ലി; പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പരിസമാപ്തി

Published

|

Last Updated

മക്ക | ജംറയിലെ മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മവും കഅബാ ശരീഫിലെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി ഹാജിമാര്‍ പുണ്യഭൂമിയോടെ വിടചൊല്ലിയതോടെ ഈ വര്‍ഷത്തെ വിശുദ്ദ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയായി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്വദേശികളും, നൂറ്റി അറുപത് രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരുമാണ് ലോകരാജ്യങ്ങെളെ പ്രതിനിധീകരിച്ച് ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുത്തത്.

കോവിഡ് മുന്‍കരുതല്‍ നടപടികളുെടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഒഴിവാക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഹജ്ജിനാണ് ഈ വര്‍ഷം പുണ്യ ഭൂമി സാക്ഷ്യം വഹിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകരായ വിദേശികളില്‍ മുപ്പത് ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചു. ഇവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്.

കര്‍ശനമായ ആരോഗ്യ സുരക്ഷാ നിരീക്ഷണത്തിലായിരുന്നു ഹജ്ജ് കര്‍മങ്ങള്‍ നടന്നത്. ഹജ്ജിന് ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ ഒരാഴ്ച മുമ്പ് തന്നെ മക്കയിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഇഹ്‌റാമിനായി ത്വാഇഫിലെ ഖര്‍ന്നുല്‍ മനാസില്‍ മീഖാത്തലെത്തിയത്. ആദ്യമായാണ് ഹാജിമാര്‍ ഒരു മീഖാത്തില്‍ നിന്ന് ഒരേ സമയം ഹജജിന് ഇഹ്‌റാം ചെയ്തതെന്ന പ്രത്യേകത കൂടിയുണ്ട് ഈവര്‍ഷത്തെ ഹജ്ജിന്.

സുരക്ഷയുടെ ഭാഗമായി 6250 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അനധികൃതമായി ഹജ്ജിനായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 17 തീര്‍ത്ഥാടകരെയും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത 7 പേരെയും സുരക്ഷാ സേന പിടികൂടിയിരുന്നു. ഇവരെ തുടര്‍ ന്നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും സഊദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

ഹാജിമാരുടെ ആരോഗ്യ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയ സഊദി അറേബ്യയെ ലോക ആരോഗ്യ സംഘടന പ്രത്യേകം അഭിനന്ദനം അറിയിച്ചിരുന്നു.