Connect with us

Religion

"ആഖിറത്തിലേക്കുള്ള വീടിന് ശേഷം മതി ദുനിയാവിലെ വീട്"

Published

|

Last Updated

ആത്മീയ ലോകത്ത് പതിനായിരങ്ങളുടെ ആശാകേന്ദ്രമായിരുന്നു സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി തങ്ങൾ. പുഞ്ചിരിയോടെയുള്ള മുഖം ആരെയും ആകർഷിക്കപ്പെടുന്ന സ്വഭാവം ഇൽമും തഖ്‌വയും സൂക്ഷ്മതയും സുഹ്ദും ഉള്ളതിനുപുറമേ സൽസ്വഭാവിയും അഗാധപാണ്ഡിത്യം നിറഞ്ഞ മാതൃകാ ജീവിതത്തിനുടമയായിരുന്നു ശൈഖുന. ജീവിതം മുഴുവനും ദീനിന് സമർപ്പിച്ച് ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരുപാട് ദീനി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തങ്ങൾ ഉസ്താദ് സ്ഥാപിച്ച മള്ഹർ നൂറിൽ ഇസ്ലാമിത്തഅ്ലീമി എന്ന വിദ്യാഭ്യാസ സമുച്ചയം ഉത്തര കേരളത്തിൽ അധ്യാത്മിക രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

ചെറുപ്പം മുതൽ സൂക്ഷ്മതയോടെയുള്ള ജീവിതം. പിതാവ് സയ്യിദ് അഹ്മദുൽ ബുഖാരിയുടെ തർബിയത്തിലാണ് വളർന്നത്. കരുവന്തുരുത്തിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തങ്ങളുസ്താദിന് നാലുവയസ് തികയുന്നതിന് മുമ്പ് തന്നെ കൂടെ കൂട്ടികൊണ്ട് പോയി. അവിടെ നിന്നാണ് പ്രാരംഭ പഠനം. പതിനൊന്നാം വയസ്സിൽ പള്ളി ദർസിലേക്ക് പോകുമ്പോൾ അൽഫിയയുടെ 200ലധികം ബൈത്തുകളും ഫത്ഹുൽ മുഈനും പഠിച്ചു കഴിഞ്ഞിരുന്നു. ഈ ചെറിയ പ്രായത്തിൽ ഇത്രയും പഠിച്ചു തീർക്കുക എന്നത് തന്നെ അത്ഭുതകരമാണല്ലോ.
കോടമ്പുഴ ബീരാൻ കോയ മുസ്ലിയാരുടെ അടുക്കൽ നിന്നാണ് ദർസിലേക്ക് കടക്കുന്നത്. അവധി ദിനങ്ങളിൽ ഒ കെ ഉസ്താദിന്റെ അടുക്കൽ കിതാബോതാൻ പോകാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ “ജംഉൽ ജവാമിഅ്‌” എന്ന ഗ്രന്ഥം സ്വന്തം കൈപ്പടയിൽ മുഴുവൻ എഴുതി പൂർത്തീകരിച്ചു. ഉസ്താദ് ഇല്ലാത്ത സമയങ്ങളിൽ സഹ പ്രവർത്തകർക്ക് സബ്ഖ് എടുക്കാൻ തങ്ങളുസ്താദിനെ ചുമതലപ്പെടുത്താറുണ്ടായിരുന്നു. എട്ട് വർഷം കോടമ്പുഴയിൽ പഠനം നടത്തി. ഉപരിപഠനം വെല്ലൂർ ബാഖിയത്തിലയിരുന്നു. 1983ൽ ബാഖവി ബിരുദം സ്വീകരിച്ചു. കോളജിൽ പോകുന്നതിനിക്ക് മുമ്പ് തന്നെ വിവാഹിതനായി. താജുൽ ഉലമയുടെ പേരക്കുട്ടി സയ്യിദത് ഉമ്മുഹാനിയാണ് ഭാര്യ.

1883ന് ശേഷമാണ് പ്രബോധന മേഖലയിലേക്ക് തങ്ങളുസ്താദ് ഇറങ്ങുന്നത്. പടിക്കൊട്ടുംപടിയിലായിരുന്നു സേവനത്തിന് തുടക്കം. ശേഷം ആക്കോടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985ൽ അവിടെ നിന്നാണ് മഹാനായ താജുൽ ഉലമയുടെ നിർദേശപ്രകാരം കാസർകോട് ജില്ലയിലെ മഞ്ചേശ്വരം പൊസോട്ട് എത്തുന്നത്.  ശേഷം പൊസോട്ട് തങ്ങൾ എന്ന പേരിൽ വിശ്രുതനായി.

ആദർശം മുഖമുദ്രയാക്കിയ ഉസ്താദ് സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകുമായിരുന്നില്ല.

മഞ്ചേശ്വരം ഭാഗങ്ങളിൽ ബിദ്അത്ത് പ്രചരിപ്പിച്ചു ജനങ്ങളെ വശീകരിക്കുകയും സുന്നികളിൽ നിന്ന് പള്ളികൾ പിടിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു തങ്ങളുസ്താദ് പൊസോട്ട് എത്തുന്നത്. അവരുടെ എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. പുത്തൻവാദികളുടെ കടന്നു കയറ്റം മനസ്സിലാക്കിയ തങ്ങൾ പരസ്യയുദ്ധതിനിറങ്ങിയതോടെ ഉറക്കമില്ലാത്ത രാത്രികളെയാണ് അവർക്ക് സമ്മാനിച്ചത്.

“ആഖിറത്തിലേക്കുള്ള വീട് പണിതതിന് ശേഷം മതി ദുനിയാവിലെ വീട്”. സ്വന്തമായുള്ള ഭൂമിയിൽ സൗകര്യപ്രദമായ ഒരു വീട് നിർമിക്കുന്നതിനിക്ക് മുമ്പ് സ്ഥാപനത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് കുടുംബക്കാർ ചോദിച്ചപ്പോഴുള്ള മറുപടിയായിരുന്നു ഇത്. തൻറെ മനസ്സിനകത്തുള്ള ആഗ്രഹം സാക്ഷാത്കരിക്കാൻ, പിന്നോക്കം നിൽക്കുന്ന മഞ്ചേശ്വരത്തെ തിരഞ്ഞെടുത്തു. സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതിന് ഒ കെ ഉസ്താദാണ് ആശീർവാദവും പിന്തുണയും നൽകിയത്. ഒ കെ ഉസ്താദ് തന്നെയാണ് സ്ഥാപനത്തിന് പേര് നിർദേശിച്ചതും. താജുൽ ഉലമയും നൂറുൽ ഉലമയും സുൽത്താനുൽ ഉലമയും അടങ്ങുന്ന പണ്ഡിതനിര മള്ഹറിന്റെ ശിലാസ്ഥാപനത്തിന് നേതൃത്വം നൽകി. സ്ഥാപനത്തിന്റെ ഉദയം ദീനീ രംഗത്ത് വലിയ വളർച്ചക്ക് കാരണമായി. പത്തോളം മുതഅല്ലിമീങ്ങളുമായി ആരംഭിച്ച ദർസ് ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ ഇടയിൽ ഇറങ്ങിപ്രവർത്തിക്കുന്ന തങ്ങൾ എല്ലാവരുടെയും വിഷമങ്ങളും പ്രാതിസന്ധികളും നേരിട്ടറിഞ്ഞ് പരിഹരിച്ച് കൊടുക്കാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കേരള- കർണാടക സംസ്ഥാനങ്ങളിലെ നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. മഹല്ലുകളിലെ പ്രശ്നങ്ങളിൽ തങ്ങൾ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നതാണ് പതിവ്.
പ്രാസ്ഥാനിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു ശൈഖുന. ചെറിയ പ്രായത്തിൽ തന്നെ അഹ്ലുസ്സുന്നയുടെ പണ്ഡിതസഭയായ കേന്ദ്ര മുശാവറ അംഗമായി. കേരള മുസ്ലിം ജമാഅത്തിന്റെ പിറവിക്ക് മുമ്പുള്ള സുന്നി യുവജന സംഘത്തിന്റെ (എസ് വൈ എസ്) സംസ്ഥാന ട്രഷറർ ആയിരിക്കെയാണ് മഹനവർകളുടെ വിയോഗം. വഫാത്തിന് ഒരു വർഷം മുമ്പ് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിനിക്കുള്ള ഊഴം കാസർകോട് ജില്ലക്ക് ലഭിച്ചപ്പോൾ തങ്ങളാണ് അത് ഏറ്റെടുത്ത് തന്റെ സ്ഥാപനത്തിൽ വെച്ച് പ്രൗഢമായി നടത്താൻ മുന്നിൽ നിന്നത്. എല്ലാ നിലക്കും സുന്നി കൈരളിക്ക് ആവേശമായിരുന്നു തങ്ങൾ.
സുന്നി കൈരളിയെ ദുഃഖത്തിലാഴ്ത്തിയായിരുന്നു അഞ്ച് വർഷം മുമ്പ് ദുൽഹിജ്ജ 12ന് ശൈഖുനാ നമ്മിൽ നിന്നും ഭൗതികമായി പിരിയുന്നത്.
തങ്ങളുടെ ആഗ്രഹപ്രകാരം മക്കളുടെ ഖുർആനും കിതാബ് ഓത്തും കേട്ട് ഇന്ന് മള്ഹറിന്റെ മുറ്റത്ത് കിടക്കുകയാണ്.
അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ… ആമീൻ
✍🏻 മുഹമ്മദ് ശുഹൈബ് ചള്ളങ്കയം
(വിദ്യാർഥി:മള്ഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ദഅവ)

Latest