Connect with us

National

ക്രെയിന്‍ തകര്‍ന്ന് വീണ് വിശാഖപട്ടണത്ത് 10 തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

വിശാഖപട്ടണം| ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 10 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ശനിയാഴ്ച ഉച്ഛയോടെയാണ് സംഭവമുണ്ടായത്. കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച് എസ് എല്‍.

കപ്പല്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രെയിനില്‍ തൊഴിലാളികള്‍ പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയിന്‍ പെട്ടന്ന് വലിയ ശബ്ദത്തോടെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.


20ഓളം തൊഴിലാളികള്‍ ക്രെയിനില്‍ പരിശോധന നടത്തുമ്പോഴാണ് തകര്‍ന്ന് വീണത്. ചില തൊഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നവെന്നും പത്ത് പേര്‍ ക്രെയിനിന് അടിയില്‍ കുടുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ക്രെയിനിന്റെ അടിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാക്കിയുള്ളവ വീണ്ടെടുക്കാനാകാത്തവിധം ചിതറിപോയതായും പോലീസ് കൂട്ടിചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പരുക്കേറ്റവരെ ആശുപ്രതിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞുയടനെ വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ആര്‍ കെ മീണ സ്ഥലത്തെത്തി.