പോലീസ് നോക്കിനില്‍ക്കെ യുവാവിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദനം; ചുറ്റികകൊണ്ട് തലക്കടിച്ചു

Posted on: August 1, 2020 7:53 am | Last updated: August 1, 2020 at 10:48 am

ന്യൂഡല്‍ഹി | പോലീസും ജനങ്ങളും നോക്കി നില്‍ക്കെ യുവാവിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമര്‍ദനം. ഗുരുഗ്രാമിലാണ് സംഭവം. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലക്കടിക്കുകയും ചെയ്തു. പശുവിന്റെ മാംസം കടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവാണ് ഗോരക്ഷാഗുണ്ടകളുടെ ക്രൂരതക്കിരയായത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറുകള്‍ക്ക് സമീപത്ത് വെച്ചാണ് സംഭവം. പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

മര്‍ദിച്ചവശനാക്കിയ ശേഷം ലുഖ്മാനെ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് ബാഡ്ഷാപുര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചു. ലുഖ്മാനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോത്തിറച്ചിയായിരുന്നു വാഹനത്തിലെന്നും വര്‍ഷങ്ങളായി ഈ വ്യാപാരം നടത്തുന്നുണ്ടെന്നും വാഹന ഉടമ പറഞ്ഞു.