പ്ലസ് വണ്‍, വി എച്ച് എസ് ഇ പ്രവേശനം: അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം

Posted on: July 29, 2020 7:22 am | Last updated: July 29, 2020 at 12:38 pm

തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ആഗസ്റ്റ് 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക. അപേക്ഷയോടൊപ്പം ഇപ്പോള്‍ രേഖകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല. വി എച്ച് എസ് ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ഇന്ന് മുതല്‍ നല്‍കാം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കുമായി ഒറ്റ അപേക്ഷ മതി. ഒരാള്‍ക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ക്ലാസുകള്‍ എന്ന് തുടങ്ങുമെന്നതിലും തീരുമാനമായിട്ടില്ല. 3.61 ലക്ഷം സീറ്റുകളാണ് ഇപ്പോള്‍ ഉള്ളത്. 4.17 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ട്രയല്‍ അലോട്ട്‌മെന്റ് ആഗസ്റ്റ് 18 നും ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 24 നും നടക്കും.