National
12 മണിക്കൂര്‍ പിപിഇ കിറ്റ് അണിഞ്ഞ് ജോലി ; പൂണെയില്‍ 150 നേഴ്‌സുമാര്‍ സമരത്തില്‍

മുംബൈ| കുറഞ്ഞ ശമ്പളത്തില്‍ 12 മണിക്കൂര്‍ പിപിഇ കിറ്റിനുള്ളില്‍ ജോലി നോക്കാന്‍ കഴിയില്ലെന്ന് പൂണെ പ്രീമിയര്‍ ജെഹാംഗീര്‍ ആശുപത്രിയലെ 150 നേഴ്‌സുമാര്‍. പൂണെയില്‍ കൊറോണ വൈറസ് അതവേഗം പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ജെഹാംഗീര്‍ ആശുപത്രിയലെ നേഴ്‌സുമാര്‍ പ്രതിഷേധ സമരത്തിലാണ്.
കുറഞ്ഞ ശമ്പളത്തില്‍ 12 മണിക്കൂര്‍ പിപിഇ കിറ്റ് അണിഞ്ഞ് ജോലി നോക്കണമെന്നും ഇത് നിര്‍ജലീകരണത്തിന് കാരണമാകുന്നുവെന്നും നേഴ്‌സുമാര്‍ പറയുന്നു. അതേസയം, നേഴ്‌സുമാര്‍ പ്രതിഷേധത്തിലാണെങ്കിലും ഗുരുതര രോഗികളുടെയും കൊവിഡ് രോഗികളുടെയും ചികിത്സയില്‍ തടസ്സമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തങ്ങളുടെ പരാതികള്‍ നേഴ്‌സുമാര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതല്‍ പ്രകാരം ജോലി സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രി അധികൃതര്‍ അത് നിരസിച്ചുവെന്ന് നേഴ്‌സുമാര്‍ പറയുന്നു. ആശുപത്രി അധികൃതര്‍ക്ക് പുറമെ ജില്ലാ കലക്ടറിനും മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പിപിഇ കിറ്റ് ഉപയോഗിച്ചുള്ള നേഴ്‌സുമാരുടെ ഡ്യൂട്ടി ആറ് മണിക്കൂറില്‍ കൂടുതല്‍ ആവരുതെന്നും നേഴ്‌സുമാര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും യു എന്‍എ സംസ്ഥാന പ്രസിഡന്റ് ജിബിന്‍ ടി സി പറഞ്ഞു. പരാതികള്‍ ഉന്നയിച്ചതിന് ആശുപത്രി അധികൃതരില്‍ ചിലര്‍ ഹോസ്റ്റലിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ സമരം നടത്തിയതെന്നും ജിബിന്‍ കൂട്ടിചേര്‍ത്തു.