രാജാവിന്റെ വിധി ഓർമപ്പെടുത്തുന്നത്

Posted on: July 26, 2020 1:59 pm | Last updated: July 26, 2020 at 7:49 pm

പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നമ്മുടെ രാജ്യത്ത് ഒരു പുത്തരിയല്ല. ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇവിടെ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മാത്രം പ്രമാദമായ ഡസൻ ‍കണക്കിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. ഇവയില്‍ ഭൂരിപക്ഷത്തിലും ഇരക്കനുകൂലമായല്ല കോടതി വിധികൾ. സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസിന്റെ സ്വാധീനവും ഉപയോഗിച്ച് കൊലയാളികള്‍ രക്ഷപ്പെടുകയാണ് പതിവ്. ഗുജറാത്തിലും യു പിയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും മറ്റും നടന്ന ഏത്രയോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സമൂഹത്തില്‍ സ്വാധീനമുള്ള ഇരകള്‍ക്ക് പോലും നീതി ലഭിക്കുക എളുപ്പമല്ല. നിരപരാധികളായ നൂറ് കണക്കിന് പേരാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ ഇരകള്‍. ഇക്കൂട്ടരില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും പിന്നാക്കകാരും ദളിതരും ന്യൂനപക്ഷങ്ങളുമൊക്കെയാണ്.

എന്നാല്‍, 35 കൊല്ലം മുമ്പ് രാജസ്ഥാനില്‍ നടന്ന കോളിളക്കം സൃഷ്ടിച്ച രാജാ മാന്‍ സിംഗ് ഏറ്റുമുട്ടല്‍ കൊലയുടെ വിധി ഒടുവില്‍ ഇരക്കനുകൂലമാകുകയും വേട്ടക്കാരായ പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. രാജകുടുംബാംഗമായ ഇരയുടെ കുടുംബത്തിന്റെ മൂന്നര ദശാബ്ദക്കാലം നീണ്ടുനിന്ന ത്യാഗപൂർവമായ പോരാട്ടത്തിന്റെ വിജയകരമായ പര്യവസാനമാണിത്. ഇത്രയും നീണ്ടകാലം നിയമയുദ്ധം നടത്താന്‍ നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ആളുകള്‍ക്ക് ഒരിക്കലും കഴിയില്ല.

1985ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് രാജാ മാന്‍ സിംഗും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനിറങ്ങിയ രാജാ മാന്‍ സിംഗിനെതിരെ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിംഗിനെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കിയത്. ഫെബ്രുവരി 20ന് മുഖ്യമന്ത്രി ശിവചരൺ ‍മാഥൂര്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി ഈ മണ്ഡലത്തിലെത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കൊടികളും തോരണങ്ങളും നശിപ്പിച്ചതറിഞ്ഞ് കുപിതനായ രാജാമാൻ സിംഗ് തന്റെ ജീപ്പില്‍ യോഗസ്ഥലത്തെത്തി. അദ്ദേഹം മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്ററിലേക്ക് ജീപ്പ് രണ്ട് തവണ ഇടിച്ചുകയറ്റി. കേസ് എടുത്തതോടെ രാജാ മാന്‍ സിംഗ് അടുത്തദിവസം രണ്ട് കൂട്ടാളികളോടൊപ്പം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പുറപ്പെട്ടു. ഇതിനിടെയാണ് കാന്‍ സിംഗ് പാട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വെടിവെച്ചിട്ടത്. രാജാ മാന്‍ സിംഗും രണ്ട് കൂട്ടാളികളും വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.

രാജസ്ഥാനിലെ ഭരത്പൂറിലെ അവസാന ഭരണാധികാരി മഹാരാജാ സവായി വ്രജേന്ദ്ര സിംഗിന്റെ സഹോദരും മാഹാരാജാ കിഷന്‍ സിംഗിന്റെ മകനുമാണ് രാജാ മാന്‍ സിംഗ്. 1921ലാണ് ജനനം. ഇംഗ്ലണ്ടില്‍ നിന്ന് എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം 1952- 1984 കാലത്ത് ദീഗില്‍ നിന്ന് ഏഴ് തവണ സ്വതന്ത്ര എം എല്‍ എ ആയിട്ടുണ്ട്.
35 വര്‍ഷം മുമ്പ് രാജസ്ഥാനില്‍ നടന്ന പ്രമാദമായതും രാഷ്ട്രീയ പ്രാധാന്യം സിദ്ധിച്ചതുമായ പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലയുടെ ഐതിഹാസികമായ വിധിയാണ് കഴിഞ്ഞ ദിവസം മഥുര സ്‌പെഷ്യല്‍ സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇവിടെ ഇര പ്രമാണിയായ രാജകുടുംബാംഗമാണ്. ഇങ്ങനെയുള്ളവര്‍ക്ക് പോലും നീതി ലഭിക്കാന്‍ 35 വര്‍ഷക്കാലത്തെ ശക്തമായ നിയമയുദ്ധം വേണ്ടിവന്നുവെന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തനിനിറവും ദൗര്‍ബല്യവുമാണ് തുറന്നുകാട്ടുന്നത്.
പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഈ സമയത്തും ഇവിടെ വ്യാപകമായി വർധിച്ചുകൊണ്ടിരിക്കുയാണ്. ഭരണത്തിലുള്ളവരുടെ ഇംഗിതത്തിനനുസരിച്ച് നിയമപാലകര്‍ നടത്തുന്ന അരുംകൊലകളാണ് ഇവയെല്ലാം. ഭരണകൂടങ്ങള്‍ എപ്പോഴും പോലീസിനെ സംരക്ഷിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇത്തരം ചില കൊലപാതകങ്ങളിലെങ്കിലും നീതി ലഭ്യമാകുന്നു എന്നത് ആശ്വാസകരമായ ഒന്നാണ്. ഭരത്പൂര്‍ രാജകുടുംബാംഗമായിരുന്ന രാജാ മാന്‍ സിംഗ് ഏറ്റുമുട്ടല്‍ കൊലയുടെ വിധി ഇത്തരത്തിലുള്ള ഒന്നാണ്. പോലീസ് തന്നെ വിധി നടപ്പാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചേ മതിയാകൂ. കൊടുംകുറ്റവാളിയായ “വികാസ് ദുബെ’യുടെ പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ കഴിഞ്ഞയാഴ്ചത്തെ തീരുമാനവും ഏറ്റുമുട്ടല്‍ കൊലകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്.
രാജ്യത്ത് ബഹുഭൂരിപക്ഷത്തിനും നീതി നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെ സാമൂഹിക- സാമ്പത്തിക ഘടന എന്തുകൊണ്ടും ഇതിന് അനുകൂലവുമാണ്. സാധാരണക്കാര്‍ക്ക് മാത്രമല്ല, ചിലപ്പോള്‍ ഉന്നതർക്ക് പോലും നീതിനിഷേധിക്കുന്ന ഈ രാജ്യത്തെ എക്‌സിക്യൂട്ടീവും പോലീസും അതിന് പച്ചക്കൊടി കാണിക്കുന്ന ചില ജുഡീഷ്യല്‍ സ്ഥാപനങ്ങളും നമ്മുടെ ഭരണഘടനയെ തന്നെയാണ് വെല്ലുവിളിക്കുന്നത്.
രാജാ മാന്‍ സിംഗ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മുൻ ‍പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 11 പോലീസുകാര്‍ കുറ്റക്കാരാണെന്ന് മഥുരയിലെ സ്‌പെഷ്യല്‍ സി ബി ഐ കോടതി വിധിച്ചു. 11 പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് നല്‍കിയിരിക്കുന്നത്. പ്രതികള്‍ 10,000 രൂപ വീതം പിഴയടക്കുകയും വേണം.

ALSO READ  ഒടുവില്‍ നിയമന നിരോധനവും

ദീഗിലെ മുന്‍ ഡി എസ് പി കാന്‍ സിംഗ് ഭാട്ടി, പോലീസുകാരായ വീരേന്ദ്ര സിംഗ്, ശുക്‌റാം, ജഗ്‌റാം, ജമ്മോഹന്‍, ഷേര്‍ സിംഗ്, പത്മറാം, ഹരീ സിംഗ്, ഛിദ്ദാര്‍ സിംഗ്, പവാര്‍ സിംഗ്, രവിശേഖര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ഇവരെ മഥുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 18 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ വിചാരണക്കാലയളവില്‍ മരണപ്പെടുകയും ബാക്കിയുള്ള മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തു.
1985 ഫെബ്രുവരി 21നാണ് ഭരത്പൂര്‍ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം എല്‍ എയുമായിരുന്നു രാജാ മാന്‍ സിംഗ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ കോളിക്കം സൃഷ്ടിച്ച ഒന്നായിരുന്ന ഈ അരുംകൊല. പ്രതിഷേധം കത്തിപ്പടരുകയും വിവാദം കൊടുന്പിരിക്കൊള്ളുകയും ചെയ്തതോടെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശിവചരൺ ‍മാഥൂറിന് രാജിവെക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ രാജിയോടെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് താത്കാലിക ശമനമുണ്ടായെങ്കിലും നിയമയുദ്ധം തുടര്‍ന്നു. ഒടുവില്‍ കേസ് സി ബി ഐ എറ്റെടുക്കേണ്ടിവന്നു.

രാജാ മാന്‍ സിംഗിന്റെ മകള്‍ കൃഷ്‌ണേന്ദ കൗര്‍ ദീപയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസിന്റെ വാദം രാജസ്ഥാനില്‍ നിന്ന് മഥുരയിലേക്ക് മാറ്റുകയായിരുന്നു. 1,700ലേറെ തവണ വാദം കേട്ട് നീണ്ട 35 വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിധി കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ നീതിന്യായ പരിപാലനത്തിന്റെ ഒരു നേര്‍ചിത്രമാണ് ഈ കേസ് വരച്ചുകാട്ടുന്നത്. നീതി എന്നെങ്കിലും ലഭ്യമായാല്‍ പോരാ, അത് കൃത്യസമയത്തും കാലവിളംംബം കൂടാതെയും ലഭ്യമാകണം. ഇവിടെ നീതി ലഭ്യമായാല്‍ തന്നെ അത് വളരെ വൈകിയായിരിക്കും. രാജ്യത്തെ ഒരു രാജകീയ കുടുംബവുമായി ബന്ധപ്പെട്ട ഈ കൊലപാതകത്തില്‍ നീതി ലഭ്യമാകുന്നത് മൂന്നര പതിറ്റാണ്ടിന് ശേഷമാണെന്നത് ലജ്ജാകരമായ ഒന്നാണ്. ഈ കൊലപാതകത്തിന്റെ വിധി ഇവിടംകൊണ്ടും അവസാനിക്കുകയില്ല. ഇനി ഈ കേസ് അപ്പീലില്‍ ഹൈക്കോടതിയിലും സുപ്രീകോടതിയിലും എത്തിയെന്നുവരും. അങ്ങനെ വരുമ്പോള്‍ വിധി നടപ്പാക്കുന്നതിന് ഇനിയും ഒരുപക്ഷെ, ദശാബ്ദങ്ങള്‍ പിന്നിടേണ്ടി വന്നേക്കാം.

രാജ്യത്തെ ജുഡീഷ്യറി തികച്ചും നിഷ്പക്ഷമായതാണെന്നാണ് ഭരണാധികാരികള്‍ പെരുമ്പറയടിച്ച് കൊട്ടിഘോഷിക്കുന്നത്. ജുഡീഷ്യറിയാണ് ഭരണഘടനയുടെ നെടുംതൂണും സംരക്ഷകനും. നിര്‍ഭാഗ്യവശാല്‍ ഈ ജുഡീഷ്യറി തന്നെ പലപ്പോഴും എക്‌സിക്യൂട്ടീവിന്റെ വരുതിക്കൊത്ത് മാത്രം നിലകൊള്ളുന്ന ഒന്നായി നമ്മുടെ രാജ്യത്തും അധഃപതിച്ച നൂറുനൂറ് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇവിടെ ചര്‍ച്ച ചെയ്യുന്ന രാജാ മാന്‍ സിംഗ് ഏറ്റുമുട്ടല്‍ കൊലയിലെ ഇര രാജാവിനു സമാനമായ ഒരാളാണ്. വലിയ സ്വാധീനവും “മണിപവറും മസില്‍ പവറു’മൊക്കെയുള്ള ആളുമായിരുന്നു. എന്നിട്ടും ഇതിലെ വേട്ടക്കാരനായ പോലീസിന്റെ ഭാഗത്ത് നിലകൊണ്ട ശക്തമായ സംസ്ഥാന ഭരണകൂടത്തിന് മുന്പില്‍ ഇരയുടെ കുടുംബത്തിന് പകച്ചുനില്‍ക്കേണ്ടിവന്നു. അവസാനം വിചാരണ രാജസ്ഥാന് പുറത്ത് യു പിയിലെ മഥുരയിലേക്ക് മാറ്റേണ്ടി വന്നു. വൻ ‍സ്വാധീനവും ശേഷിയുമുള്ള ബന്ധുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് മൂന്നര പതിറ്റാണ്ടിന് ശേഷം പോലീസുകാരായ ഈ കൊലയാളികള്‍ കുറ്റക്കാരാണെന്ന വിധി മഥുര സി ബി ഐ കോടതിയില്‍ നിന്നുണ്ടായത്.

ALSO READ  മലബാറിന്റെ വികാരം കേരളമേറ്റെടുക്കും

രാഷ്ട്രീയ- സാന്പത്തിക സ്വാധീനമുള്ള ഒരു ഇരക്ക് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്ക് വിലയിരുത്താന്‍ കഴിയും. ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാർക്ക് ഒരിക്കലും നീതിലഭിക്കാന്‍ പോകുന്നില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എക്‌സിക്യൂട്ടീവിന്റെ എറാന്‍മൂളികളായ പോലീസിലും നമ്മുടെ ജുഡീഷ്യറിയിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ട/ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വിളിച്ചറിയിക്കുന്ന ഒരു അധ്യായമാണ് രാജാ മാന്‍ സിംഗിന്റെ കൊലപാതകം.