മലബാറിലെ ഉപരിപഠന പ്രതിസന്ധി: സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കാന്തപുരം

Posted on: July 26, 2020 8:20 am | Last updated: July 26, 2020 at 8:20 am


കോഴിക്കോട് | ഹയർ സെക്കൻഡറി, ഡിഗ്രി, പി ജി തലങ്ങളിലെ ഉപരി പഠന രംഗത്തെ മലബാറിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

ജനസംഖ്യാനുപാതികമായി മലബാർ ജില്ലകളിൽ ഉപരി പഠന രംഗത്ത് സീറ്റുകളുടെ കുറവ് ഏറെ വലുതാണ്. എസ് എസ് എൽ സി ജയിച്ച ആയിരക്കണക്കിന് വിദ്യാർഥികളാണ് മലബാർ മേഖലയിൽ ഉപരി പഠനാവസരമില്ലാതെ പ്രയാസപ്പെടുന്നത്.
ബിരുദത്തിലെത്തുമ്പോൾ സീറ്റ് ക്ഷാമം പിന്നെയും വർധിക്കുന്നു.

അടിയന്തരമായി വിഷയങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. മറ്റു ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് മാറ്റിസ്ഥാപിക്കണം. മുഴുവൻ ഹൈസ്‌കൂളുകളും ഹയർ സെക്കൻഡറിയാക്കി മാറ്റുകയും നിലവിലെ ഹയർ സെക്കൻഡറികളിൽ അപേക്ഷകർക്ക് ആനുപാതികമായി ബാച്ചുകൾ അനുവദിക്കുകയും ചെയ്യണം.

മലബാർ ജില്ലകളിലെ സർക്കാർ കോളജുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ച് പുതിയ ബാച്ചുകളും കോഴ്സുകളും ആരംഭിക്കണം. വി എസ് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്ത് ആരംഭിച്ച സർക്കാർ കോളജുകളിൽ പലതും ഇപ്പോഴും സൗകര്യങ്ങളുടെ കാര്യത്തിൽ ശൈശവ ദശയിലാണ്. ഇവ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നൽകണമെന്നും കാന്തപുരം പറഞ്ഞു.