National
ഫേസ് മാസ്‌ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നു; എ ബി വി പി ദേശീയ പ്രസിഡന്റിനെതിരെ പരാതിയുമായി വയോധിക

ചെന്നൈ| എ ബി വി പി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷൺമുഖത്തിനെതിരെ പരാതിയുമായി സ്ത്രീ. അപ്പാർട്ട്‌മെന്റിൽ ഒറ്റക്ക് താമസിക്കുന്ന 62കാരിയായ സ്ത്രീയാണ് സുബ്ബയ്യക്കെതിരെ പരാതിയുമായെത്തിയത്. വീടിന്റെ വാതിക്കൽ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ഫേസ് മാസ്‌ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നുവെന്നും പരാതിയിൽ പറയുന്നു.
ഈ മാസം 11ന് ആദംപാക്കം പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. സി സി ടി വി ദൃശ്യങ്ങളും ഫോട്ടോകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഹൗസിംഗ് സൊസൈറ്റിയിൽ പാർക്കിംഗ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
പാർക്കിംഗ് സ്ഥലത്തിന് 1,500 രൂപ നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുബ്ബയ്യയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ പാർക്കിംഗ് സ്ഥലത്തെ ബോർഡുകൾ നശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സ്ത്രീയുടെ ദുരവസ്ഥ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാൻ അനന്തിരവനും ഹാസ്യനടനുമായ ബാലാജി വിജയരാഘവൻ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്.
എന്നാൽ തനിക്കെതിരെയുള്ള പരാതി തെറ്റായതും സി സി ടി വി ദൃശ്യങ്ങൾ കൃത്രിമമാണെന്നും സുബ്ബയ്യ ഷൺമുഖം പ്രതികരിച്ചു. കിൽപോക് മെഡിക്കൽ കോളജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ് ഷൺമുഖം. സ്ത്രീയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ ബി വി പി രംഗത്തെത്തിയിട്ടുണ്ട്.