International
പത്രാധിപരെ പുറത്താക്കി; ഹംഗറിയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടരാജി

ബുധാപെസ്റ്റ്| രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പത്രാധിപരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഹംഗറിയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയിൽ നിന്ന് കൂട്ടരാജി. ഇൻഡക്‌സ്. ഹു എന്ന ഏജൻസിയിൽ നിന്നാണ് 70 മാധ്യമ പ്രവർത്തകർ രാജിവെച്ചത്. പത്രാധിപരായിരുന്ന സാബോൾക്‌സ് ഡുള്ളിനെയാണ് മറ്റ് മാധ്യമങ്ങൾക്ക് ആഭ്യന്തര രേഖകൾ ചോർത്തിയെന്ന് ആരോപിച്ച് മാനേജ്‌മെന്റ് പുറത്താക്കിയത്.
മുതിർന്ന് മൂന്ന് എഡിറ്റർമാർ ഇന്നലെ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് 70ലധികം മാധ്യമപ്രവർത്തകർ ന്യൂസ് റൂമിൽ നിന്ന് ഇറങ്ങി പോയത്.
സ്വതന്ത്ര പ്രവർത്തനത്തിനുള്ള വ്യവസ്ഥകൾ ഇപ്പോൾ നിലവിലില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും രാജിവെച്ച് പുറത്തുപോകാൻ തീരുമാനിച്ചതെന്ന് എഡിറ്റോറിയൽ ബോർഡ് വിലയിരുത്തിയതായി രാജിവെച്ച മാധ്യമ പ്രവര്ത്തകർ പ്രസ്താവനയിൽ പറഞ്ഞു.
തീവ്ര വലതുപക്ഷ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണത്തിൻ കീഴിൽ ഹംഗറിയിൽ സ്വതന്ത്ര മാധ്യമപ്രവര്ത്തനം ഏറെ ദുസ്സഹമാണ്. നിരവധി മാധ്യമ സ്ഥാപനങ്ങളാണ് സർക്കാർ അനുകൂല വ്യക്തികൾ വാങ്ങുകയോ അടച്ചുപൂട്ടുകയോ ചെയ്തത്.