National
ഡൽഹിയിലെ കൊവിഡ് സെന്ററിൽ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
 
		
      																					
              
              
            ന്യൂഡൽഹി| രാജ്യതലസ്ഥാനത്ത് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 14 കാരിയെ മറ്റൊരു കോവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ഡൽഹിയിലെ ഛത്താർപുരിലായിരുന്നു സംഭവം. സംഭവത്തിൽ 19 കാരനായ രോഗിയെയും കൂട്ടുകാരനെയും അറസ്റ്റ് ചെയതതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ജൂലൈ 15 രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ശുചിമുറിയിൽ വെച്ചാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയർ സെന്ററിലാണ് സംഭവം ഉണ്ടായത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് രേി പ്രദേശത്തെ ക്ലസ്റ്ററിലുള്ള പെൺകുട്ടിയും ബന്ധുക്കളും ഇവിടെ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പെൺകുട്ടി ബന്ധുക്കളിൽ ഒരാളോട് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. അവർ ഐടിബിപി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു.
പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചേർത്താണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടുകെട്ടി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

