National
100 രൂപ കൈക്കൂലി നൽകിയില്ല; മുട്ടക്കച്ചവടം നടത്തുന്ന 14 കാരന്റെ ഉന്തുവണ്ടി അധികൃതർ തകർത്തു

ഭോപ്പാൽ| കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ഡൗൺ ലോകത്തിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഒന്നായി പിടിച്ചുകുലുക്കിയിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതോടെ ജിവിതം കരുപിടിപ്പിക്കാനായി ജനങ്ങൾ വീണ്ടും ഉപജീവനമാർഗത്തിനായി പ്രാണനുംകൊണ്ട് നെട്ടോട്ടമോടാൻ ശ്രമിക്കുമ്പോഴാണ് അധികൃതരുടെ ക്രൂര മനോഭാവം ഉളവാക്കുന്ന ഒരു വാർത്ത മധ്യപ്രദേശിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് പിടിച്ചു കയറാൻ ശ്രമിക്കുന്ന ഒരു 14 കാരൻ നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇന്ന് വ്യാപകമായി പ്രചരിക്കുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 100 രൂപ കൈക്കൂലി നൽകാത്തതിന് അധികൃതർ തെരുവോരത്ത് മുട്ടക്കച്ചവടം നടത്തുന്ന 14 കാരന്റെ ഉന്തുവണ്ടി തകർത്തതിന്റെ വാർത്തയും ദൃശ്യങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. 14 കാരന്റെ ഏക ഉപജീവന മാർഗമാണ് തെരുവോരത്തെ മുട്ടക്കച്ചവടം. നഗരസഭാ അധികൃതർ 100 രൂപ കൈക്കൂലി നൽകാനോ അല്ലെങ്കിൽ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റാനോ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ കൂട്ടി ഇത് നിരസിച്ചതോടെ അധികൃതർ വണ്ടയിലിരിക്കുന്ന മുട്ടകളെല്ലാം അടിച്ച് പൊട്ടിക്കുകയും വണ്ടി മറിച്ചിടുകയും ചെയ്തതായി കുട്ടി പറയുന്നു. പണം നൽകാത്തതിലാണ് അധികൃതർ ക്ഷുഭിതരായി തന്റെ വണ്ടി നശിപ്പിച്ചതെന്ന് കുട്ടി ആരോപിച്ചു.
കൊവിഡ് കാരണം തന്റെ ദൈനംദിന വിൽപ്പനയെല്ലാം കുറഞ്ഞിരുന്നു. എന്നാൽ ജീവിക്കാൻ വേറൊരു മാർഗവുമില്ല. ഇപ്പോൾ വന്ന നഷ്ടം കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുട്ടി പറഞ്ഞു.
കൊറോണ മഹാമാരി കാരണം ചെറുതും വലുതുമായ ബിസിനസ്സുകളെ സാരമായി ബാധിച്ചിരുന്നു. പലരും ഉപജീവന മാർഗത്തിനായ തെരുവോരക്കച്ചവടങ്ങൾ ആശ്രയിച്ചുതുടങ്ങിയിരുന്നു. അതേ സമയം, തെരുവ് കച്ചവടക്കാരെ ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിലേക്കിറങ്ങി പ്രക്ഷോഭം നടത്തുമെന്നും കോൺഗ്രസ് എം എൽ എ സഞ്ജയ് ശുക്ല പറഞ്ഞു.