National
രോഗിക്ക് അടിയന്തര ശസ്ത്രക്രിയക്കായി രക്തം ദാനം ചെയ്ത് ഡോക്ടർ

ന്യൂഡൽഹി| ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ശസ്ത്രക്രിയക്കായി രക്തം ദാനം ചെയ്ത് ജൂനിയർ ഡോക്ടർ. ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടറായ മുഹമ്മദ് ഫവാസ്(24) ആണ് അടിയന്തരഘട്ടത്തിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധനായി മുന്നോട്ടുവന്നത്.
കാലിനുണ്ടായ അണുബാധമൂലം ചൊവ്വാഴ്ച ഭാര്യക്കൊപ്പം ശസ്ത്രക്രിയാ വകുപ്പിലെ ഡോക്ടറെ കാണാൻ ആശുപത്രിയിലെത്തിയതായിരുന്നു രോഗി. എന്നാൽ കാലിനേറ്റ ആഴത്തിലുള്ള പരുക്ക് അണുബാധക്ക് കാരണമാകുകയും അടിയന്തരശസ്ത്രക്രിയക്ക് വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഭാര്യക്ക് രക്തം ദാനം ചെയ്യാൻ കഴിയാത്തതിനാലും ബന്ധുക്കൾക്ക് രക്തയൂനിറ്റുകളുമായി വിശ്വസിച്ച് ബന്ധപ്പെടാൻ കഴിയാത്തതിനാലും രക്തം ദാനം ചെയ്യാൻ ജൂനിയർ ഡോക്ടറായ മുഹമ്മദ് ഫവാസ് തയ്യാറാകുകയായിരുന്നു.
കൊവിഡ് ബാധ മൂലം രക്തത്തിന് ക്ഷാമമുണ്ട്. രോഗിക്ക് അടിന്തരമായി രക്തം ആവശ്യമാണ്. എത്രയും പെട്ടെന്ന് രക്തം സംഘടിപ്പിക്കുക എന്നുള്ളത് ബന്ധുക്കൾക്ക് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് ഒരു ഡോക്ടർ എന്ന നിലയിൽ ഞാനെന്റെ കടമ നിർവഹിച്ചു. മുഹമ്മദ് ഫവാസ് പറഞ്ഞു. പിന്നീട് ഡോക്ടർ ഫവാസ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം രോഗിക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.