Covid19
കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണത്തില്‍ യാഥാര്‍ഥ്യമില്ല; പരിശോധനയിലും പുറകിലല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണത്തില്‍ യാഥാര്‍ഥ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം കൊവിഡ് പരിശോധനയില്‍ പിറകിലാണെന്ന ആരോപണനും തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും ഇപ്പോള്‍ കൂടുന്നുവെന്നുമാണ് പരാതി. ഇവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. കേരളത്തില്‍ രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളില്‍ 0.33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഡല്‍ഹിയില്‍ ഇത് മൂന്ന് ശതമാനമാണ്. തമിഴ്നാട്ടില്‍ 1.5 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 3.8 ശതമാനമാണ്. ഗുജറാത്തില്‍ 4.4 ശതമാനവും കര്‍ണ്ണാടകയില്‍ 2.1 ശതമാനവുമാണ്.
ഇന്നലെ 36,806 കേസും 596 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ ഇന്നലെ 4985 കേസും 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയില്‍ 3648 കേസുകളും 72 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തും കേരളത്തില്‍ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം പരിശോധനയില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണ്. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തുന്നുവെന്നതാണ് പ്രധാനം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതി വിശേഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു