Kerala
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ല; മുഖ്യമന്ത്രിയെ അറിയാം: വ്യവസായി കിരണ്‍ മാര്‍ഷല്‍

ആലപ്പുഴ | സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ശ്രേഷ്ഠമാറ ബന്ധമാണുള്ളതെന്നും സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ വ്യവസായി കിരണ്‍ മാര്‍ഷല്‍. തന്റെത് ഒരു ഇടതുപക്ഷ കുടുംബമാണെന്നും പിണറായി വിജയനോട് തനിക്ക് അഭിനിവേഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അരൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത് സ്വാഭാവികമാണ്. അദ്ദേഹത്തോടുള്ള അഭിനിവേഷം കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ വാങ്ങിയത്. ഈ കാര്‍ ഇപ്പോള്‍ തന്റെ കൈവശമില്ലെന്നും പുതിയത് വാങ്ങിയപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്തുവെന്നും കിരണ്‍ വ്യക്തമാക്കി.
തനിക്കെതിരെ ആരോപണങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്നത്. കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല. സ്വപ്‌ന തന്റെ വീട്ടില്‍ വന്നുവെന്നത് കള്ളമാണ്. എന്‍ഐഎ തന്നെ ചോദ്യം ചെയ്‌തെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പ്രതികള്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉണ്ട്. അവര്‍ക്കു വിവരങ്ങള്‍ ലഭിച്ചുകാണും. തന്നെ എന്തിനാണ് ഇതുമായി ബന്ധപ്പെടുത്തുന്നതെന്നും കിരണ്‍ ചോദിച്ചു.
കേസ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താനാണ് തന്റെ പേര് ചിലര്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ പ്രതികളുമായി ഒരു ബന്ധവുമില്ലാത്ത തന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.