Connect with us

Kozhikode

മന്ത്രി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് കത്ത്: യു ഡി എഫ് കൺവീനർക്കെതിരെ സമുദായ സംഘടനകൾ

Published

|

Last Updated

കോഴിക്കോട് | യു എ ഇയിൽ നിന്ന് റമസാൻ സഹായം കൈപ്പറ്റി വിതരണം ചെയ്തതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയ യു ഡി എഫ് കൺവീനർ ബെന്നി ബെഹനാന്റെ നടപടിക്കെതിരെ യു ഡി എഫിനെ പിന്തുണക്കുന്ന സമുദായ സംഘടനകൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം.
ലക്ഷക്കണക്കിന് മലയാളികളെ തീറ്റിപ്പോറ്റുന്ന യു എ ഇ കോൺസുലേറ്റിൽ നിന്നുള്ള റമസാൻ സഹായം ദുർവ്യാഖ്യാനം ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംഘടനകൾ യു ഡി എഫ് നേതാക്കളെ അറിയിച്ചുകഴിഞ്ഞു.

ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്ട് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ ടി ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം പിയാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.
ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ആയുധം തിരഞ്ഞു നടക്കുന്ന കേന്ദ്ര സർക്കാറിന് കൈയിൽ വടിവെച്ചുകൊടുക്കുന്ന നടപടിയാണ് യു ഡി എഫിന്റേതെന്നാണ് സമുദായ സംഘടനകളുടെ അഭിപ്രായം. ഗൾഫ് രാജ്യങ്ങൾ മിക്കതും അവരുടെ നയതന്ത്രകാര്യാലയങ്ങൾ മുഖേനെ നോന്പ് കാലത്ത് ഇത്തരം ഭക്ഷ്യകിറ്റുകൾ നൽകി വരാറുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും ദീപാവലി പോലുള്ള ഇന്ത്യൻ ആഘോഷ അവസരങ്ങളിൽ ആ രാജ്യങ്ങളിലെ പൗരന്മാർക്ക് സമ്മാനങ്ങൾ നൽകുന്നതും സാധാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തിലെ സാമൂഹിക ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രാവാസികൾ സമാഹരിക്കുന്ന സഹായത്തിന്റെ പങ്കും സുപ്രധാനമാണ്.
റമസാൻ സഹായത്തെ ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ഭാവിയിൽ എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ദാനധർമങ്ങളെയും ബാധിക്കുന്നതായിരിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. നിയമത്തിന്റെ മുന്നിലേക്ക് വലിച്ചിഴച്ചാൽ ഇത്തരം പ്രവർത്തനങ്ങളിലെല്ലാം തെറ്റ് കണ്ടെത്താനാകും. എന്നാൽ, രാഷ്ട്രീയ ആവശ്യത്തിന് ഒരു വ്യക്തിയെ കരുവാക്കാൻ ഇത്തരം വിശ്വാസപരമായ കർമങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഇത്തരം സംഘടനകളുടെ അഭിപ്രായം.
യു എ ഇ കോൺസുലേറ്റിൽ നിന്ന് റമസാൻ സഹായം കൈപ്പറ്റിയെന്ന് മന്ത്രിതന്നെ സമ്മതിച്ചതാണ്. അത് അർഹമായ കരങ്ങളിൽ വിതരണം ചെയ്തിട്ടുമുണ്ട്. പിന്നെയും ഇത്തരം കാര്യങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തിനായി വലിച്ചിഴക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

പരമ്പരാഗതമായി യു ഡി എഫിനെ പിൻതുണച്ചുവരുന്ന മുജാഹിദ് വിഭാഗങ്ങൾക്കും ഇ കെ സുന്നി വിഭാഗങ്ങൾക്കുമെല്ലാം ഇക്കാര്യത്തിൽ യു ഡി എഫ് നടത്തിയ നീക്കത്തോടു വിയോജിപ്പുണ്ട്. മുസ്‌ലിം ലീഗിലെ വലിയൊരു വിഭാഗവും പ്രവാസി സമൂഹവും യു ഡി എഫ് നടപടി ഭാവിയിൽ കനത്ത തിരിച്ചടിക്കു വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നുണ്ട്.
ബെന്നി െബഹനാൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ പരാമർശിച്ചതെല്ലാം വാസ്തവവിരുദ്ധമാണെന്ന് മന്ത്രി കെ ടി ജലീൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. റമസാൻ സഹായത്തെ യു ഡി എഫ് കൺവീനർ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭാവനകൾക്കും സമ്മാനത്തിനും മുകളിൽ നിൽക്കുന്ന സത്കർമമാണ് സകാത്തെന്നും സംഭാവനയോ സമ്മാനമോ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടല്ല യു എ ഇ കോൺസുലേറ്റ് ഭക്ഷണകിറ്റുകൾ നൽകിയതെന്നും അനർഹമായത് വാങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
യു എ ഇ കോൺസുലേറ്റിൽ നിന്ന് ഭക്ഷ്യകിറ്റിനുള്ള തുക കൈപ്പറ്റിയെന്ന് മന്ത്രിതന്നെ നടത്തിയ വെളിപ്പെടുത്തൽ ആയുധമാക്കിയാണ് യു ഡി എഫ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

പ്രതിയെ ഫോൺവിളിച്ചത് ദുർവ്യാഖ്യാനം ചെയ്യാനുള്ള നീക്കം മന്ത്രിയുടെ വെളിപ്പെടുത്തലോടെ തകർന്നിരുന്നു. തുടർന്നാണ് ഫെറാ നിയമ ലംഘനം, കിറ്റ് വിതരണത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി സ്വജനപക്ഷപാതം നടത്തി തുടങ്ങിയ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തുവന്നത്.
ആഗോളതലത്തിൽ ഇസ്‌ലാമിക സമൂഹം നിർവഹിക്കുന്ന വിശ്വാസപരമായ സകാത്ത് എന്ന കർമത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത് ശരിയായില്ല എന്ന അഭിപ്രായം ശക്തിപ്പെടുന്നത് യു ഡി എഫിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയാവുകയാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്