Connect with us

Articles

മഅ്ദനിയെ ഓര്‍മവരുന്നത് യാദൃച്ഛികമല്ല!

Published

|

Last Updated

1998ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ട് മിനുട്ടോളം നീണ്ട ഫോണ്‍ സംഭാഷണത്തിന്റെ രേഖയായിരുന്നു മുഖ്യ തെളിവ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതപ്പെടുന്ന അല്‍ ഉമ്മ എന്ന സംഘടനയുടെ നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം. സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ മുഖ്യ പങ്കാളിയായെന്ന ആരോപണവും പേറി ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിന് വിധിക്കപ്പെട്ടതിന്റെ മുഖ്യകാരണം. 1993ല്‍ മഅ്ദനി നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കാനുദ്ദേശിച്ചായിരുന്നുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരള പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസിന് കൈമാറുമ്പോള്‍ കേരളം ഇടത് ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു.
അക്കാലം ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി പങ്കെടുക്കാനിരുന്ന യോഗ സ്ഥലത്തുണ്ടായ സ്‌ഫോടനം, അമ്പതിലധികം പേരുടെ ജീവനെടുത്ത ആക്രമണം ഒക്കെയായതിനാല്‍ അതിന്റെ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെട്ടയാളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അന്ന് അധികമാരുമുണ്ടായില്ല.

ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണത്തടവിന്റെ ദൈര്‍ഘ്യമേറിയതോടെ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉറക്കെയുള്ള സംസാരങ്ങളുണ്ടായി. മഅ്ദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസിന് കൈമാറിയ ഇടത് മുന്നണിയാണ് കൊടിയ മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദിയെന്ന ആരോപണവുമായി പ്രതിപക്ഷമായ യു ഡി എഫ് രംഗത്തുവന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു. അധികാരത്തിലെത്തിയാല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ പാകത്തില്‍ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 2001ല്‍ യു ഡി എഫ് അധികാരത്തിലേറി, 2004ല്‍ കേന്ദ്രാധികാരം കോണ്‍ഗ്രസിന്റെ കൈകളിലുമെത്തി. എന്നിട്ടും മഅ്ദനി വിചാരണത്തടവുകാരനായി തുടര്‍ന്നു.

ഇതിനിടയില്‍ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന മാതാവിനെ കാണുന്നതിന് പരോള്‍ അനുവദിക്കാന്‍ മഅ്ദനി അപേക്ഷ നല്‍കി. പരോള്‍ ലഭിച്ച് മഅ്ദനി കേരളത്തിലേക്ക് വന്നാല്‍ ഇവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിക്കൊണ്ട് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടിപ്പിച്ച “ഐക്യദാര്‍ഢ്യം” യു ഡി എഫ് സര്‍ക്കാര്‍ ഊട്ടിയുറപ്പിച്ചു. മഅ്ദനിയുടെ കാര്യത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്നും അതിന് അരുനില്‍ക്കുകയാണ് യു ഡി എഫ് സര്‍ക്കാറെന്നുമാരോപിച്ച് അപ്പോള്‍ പ്രതിപക്ഷത്തായിരുന്ന എല്‍ ഡി എഫ് രംഗത്തുവന്നു. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സി പി എം നേതാവ് ടി കെ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു.

2006 മാര്‍ച്ചില്‍ മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും പരോള്‍ അനുവദിക്കാന്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റുമായിരിക്കെയാണ് നിയമസഭാ പ്രമേയം കൊണ്ടുവന്നത്. ഒന്നും ഫലം കണ്ടില്ല. 2006ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷവും മഅ്ദനി വിചാരണത്തടവുകാരനായി തുടര്‍ന്നു, 2007ല്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കും വരെ.
കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെത്തിയ മഅ്ദനി തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തുകയാണെന്നും തീവ്ര ആശയങ്ങള്‍ സ്ഫുരിക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ലെന്നും പ്രഖ്യാപിച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം സി പി ഐയില്‍ നിന്ന് ഏറ്റെടുത്ത് അബ്ദുന്നാസര്‍ മഅ്ദനിയുമായി അടവുനയത്തിന് സി പി എം തീരുമാനിച്ചു. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം. മഅ്ദനിക്ക് ചുറ്റുമുള്ള ആള്‍ക്കൂട്ടം വലിയ വോട്ടാകുമെന്നും കോയമ്പത്തൂര്‍ കേസിലെ അന്യായമായ വിചാരണത്തടവ് അദ്ദേഹത്തിന് ജനസാമാന്യത്തിനിടയില്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍, സൃഷ്ടിച്ച് നല്‍കിയ അനുതാപം വോട്ടാകുമെന്നുമായിരുന്നു സി പി എം കണക്കുകൂട്ടല്‍. അതിന്റെ പിഴ അനുഭവിച്ചത്, ഇപ്പോഴും അനുഭവിക്കുന്നത് മഅ്ദനിയാണ്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മഅ്ദനി വീണ്ടും ഭീകരവാദിയാകുന്ന കാഴ്ച കണ്ടു. നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ മുന്‍കൈ എടുത്ത രമേശ് ചെന്നിത്തല തന്നെ ഭികരവാദ മുദ്രകുത്താന്‍ മുന്‍പന്തിയില്‍ നിന്നു. പിറകെ രേഖകള്‍ (മഞ്ഞ മഷി കൊണ്ട് തുല്യം ചാര്‍ത്തിയ രേഖകള്‍) ഒഴുകി. കളമശ്ശേരി ബസ് കത്തിക്കല്‍ മഅ്ദനിയുടെ അറിവോടെയായിരുന്നു, ബെംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ട്, ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ധനസമാഹരണം നടത്തുന്ന സര്‍ഫറാസ് നവാസുമായി ബന്ധമുണ്ട് എന്നു തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിര. എല്ലാറ്റിനും തെളിവായി വിവിധയാളുകള്‍ പോലീസിന് നല്‍കിയ മൊഴികളുടെ പകര്‍പ്പുകള്‍. ആരും പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ മൊഴിപ്പകര്‍പ്പുകളുടെ കൂമ്പാരമായിരുന്നു. മഅ്ദനി ഭീകരനായി. തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് തോന്നിയപ്പോള്‍ അത് ഏറ്റുപിടിക്കാന്‍ ആളുകളുണ്ടായി. കശ്മീരില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിലും മഅ്ദനിക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ എല്ലാം തികഞ്ഞു. മഅ്ദനിയേക്കാള്‍ വലിയ ഭീകരവാദിയെ മലയാളിക്ക് ഇനി കിട്ടാനില്ലെന്ന സ്ഥിതി. ഈ ഭീകരവാദിയെ അറസ്റ്റ് ചെയ്യാന്‍ എന്തിന് മടിക്കണമെന്ന ചിന്തയിലേക്ക്, മഅ്ദനിയെ ഒപ്പം കൂട്ടിയ സി പി എമ്മും അതിന്റെ സെക്രട്ടറിയായ പിണറായി വിജയനും ഭീകരവാദത്തെ സഹായിക്കുന്നവരല്ലേ എന്ന പൊതു ബോധത്തിലേക്ക് കാര്യങ്ങള്‍ വേഗത്തിലെത്തി.
2009ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കര്‍ണാടക പോലീസ് അന്‍വാറുശ്ശേരിയിലെത്തി മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. “”അന്‍വാറുശ്ശേരിയിലെ നാടകം നീണ്ടതോടെ ബുദ്ധിമുട്ടിലായത് മാധ്യമ പ്രവര്‍ത്തകരാണ്. ഭക്ഷണവും വെള്ളവുമില്ലാതെ നട്ടംതിരിഞ്ഞു, പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പോലും കഴിയാതെ. അതും പി ഡി പി പ്രവര്‍ത്തകരുടെ മധ്യത്തില്‍”” എന്ന് നിലവിളിയും കേട്ടു അക്കാലത്ത്. അന്നുതൊട്ടിന്നോളം ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുകയാണ് മഅ്ദനി. വിചാരണത്തടവെന്നത് ജാമ്യത്തിലുള്ള വീട്ടുതടങ്കല്‍ എന്നായി മാറിയെന്ന് മാത്രം.

സവിസ്തരം പ്രതിപാദിച്ചത്, മഅ്ദനി എന്നത് വിസ്മൃതിയിലാണ്ട ബിംബമായി മാറിയത് കൊണ്ടുമാത്രമല്ല. സ്വര്‍ണക്കടത്തില്‍ രാഷ്ട്രീയം പൂശി രേഖകള്‍, മൊഴിപ്പകര്‍പ്പുകള്‍ എന്നിവ പാറിപ്പറക്കുകയും ഭീകരവാദ ബന്ധമെന്ന് മുന്‍കൂട്ടി ആരോപിച്ച് എന്‍ ഐ എ രംഗത്തിറങ്ങിയതിന് പിറകെ ഭീകരവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം “ഉത്തരവാദിത്വത്തോടെ” ഉന്നയിക്കപ്പെടുകയും ചെയ്യുന്ന കാലമായതുകൊണ്ട് കൂടിയാണ്. മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് രേഖയുണ്ട്, ആരോപണവിധേയര്‍ക്കൊപ്പം ഫ്ലാറ്റില്‍ ഒരുമിച്ചുണ്ടായെന്ന മൊഴിയുണ്ട്, വിദേശ യാത്രകള്‍ക്ക് ടിക്കറ്റുണ്ട്, കടത്തുസ്വര്‍ണം കൈമാറേണ്ട ത്വരീഖത്തുകളുടെ വിലാസമെഴുതിയ കത്തുണ്ട്, സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന മൊഴിയുണ്ട്, കടത്തിയ സ്വര്‍ണം കറന്‍സിയായി മാറി ജമ്മു കശ്മീരിലെ ഭീകരവാദത്തിന് തുണയായെത്തി എന്ന കഥയുണ്ട് എന്നൊക്കെ പാറിനടക്കുമ്പോള്‍ ന്യായാന്യായങ്ങള്‍ തിരിയുന്നതിന് കാലമിനിയുമുരുളേണ്ടിവരും. അന്ന് ആരെന്നുമെന്തെന്നുമാര്‍ക്കറിയാം!
ആരോപണങ്ങള്‍ക്ക് വഴിവെക്കാന്‍ പാകത്തിലുള്ള ബന്ധങ്ങള്‍, സൗഹൃദങ്ങളുടെ ശക്തിയില്‍ നല്‍കപ്പെട്ട നിയമനങ്ങള്‍, അത്തരം നിയമനങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍ എന്നിവക്കൊക്കെ പിഴ മൂളേണ്ടതുണ്ട്. ആ പിഴമൂളല്‍ ഭീകരവാദ മുദ്ര ചാര്‍ത്തിയ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുമ്പോള്‍ അബ്ദുന്നാസര്‍ മഅ്ദനിയെ (മഅ്ദനിമാരെ എന്ന് തിരുത്തി വായിക്കാം) ഓര്‍മവരുന്നത് യാദൃച്ഛികമല്ല!

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest