Connect with us

National

കർണാടകയിൽ ബൈക്കിൽ തൊട്ടതിന് ദലിത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

Published

|

Last Updated

ബംഗളൂരു| കർണാടകയിലെ വിജയപുര ജില്ലയിൽ ഉയർന്ന ജാതിയിൽപ്പെട്ടയാളുടെ ബൈക്ക് തൊട്ടതിന് ദലിത് യുവാവിന് ക്രൂരമർദ്ദനം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവാവിനെ സംഘം ചേർന്ന് ചെരുപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം.

ബംഗളൂരുവിൽ നിന്ന് 530 കിലോമീറ്റർ അകലെ മിനാജി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ യുവാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അബദ്ധവശാൽ ഉയർന്ന ജാതിയിൽപ്പെട്ടയാളുടെ ബൈക്കിൽ തൊട്ടു എന്ന് പറഞ്ഞു. ബൈക്ക് ഉടമയും ബന്ധുക്കളും ചേർന്ന് തന്നെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചതായി യുവാവ് പരാതിയിൽ പറയുന്നു. 13 പേർ ചേർന്നാണ് മർദ്ദിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ തന്നെ വടികൊണ്ടും ഷൂ കൊണ്ടും അടിച്ചതായും വിവസ്ത്രനാക്കി അപമാനിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു.

യുവാവിന്റെ പരാതിയിൽ കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനുപം അഗർവാൾ പറഞ്ഞു. എസ് സി,എസ് ടി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ഉൾപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അക്രമ സംഘത്തിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാത്തവരാണ്. അതിനാൽ കൊവിഡ് നിയമങ്ങൾ പാലിക്കാതെയാണ് ഇവർ കൂട്ടംകൂടി നിന്നതും ആക്രമണം നടത്തിയതും. കൊവിഡ് മൂലം ഏറ്റവും കൂടുതൽ ബാധിച്ച നാലാമത്തെ സംസ്ഥാനമാണ് കർണാടക.

Latest